അവസാനത്തെ തെറിവിളി

ഡോ. വനിത ബി. എ. എം. എസ് തന്‍റെ ക്ലിനിക്കിന്‍റെ മുമ്പിലെ വരാന്തയിൽ നിന്ന് എണ്ണ കാച്ചാനും കഷായമുണ്ടാക്കാനുമുള്ള മരുന്നുകൾ അളന്നും തൂക്കിയും കൊടുക്കുന്നതിനിടയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് തലയുയർത്തിനോക്കി. തല നിറയെ വെളുത്ത മുടിയും മുഖം നിറയെ പുഞ്ചിരിയുമായി അരുന്ധതി തമ്പുരാട്ടി ആയിരുന്നു അത്. ഡോക്ടർ അവരെ സ്വീകരിക്കാൻ തിടുക്കപ്പെട്ട് പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ തമ്പുരാട്ടി പറഞ്ഞു. “കുട്ടി ചെയ്യുന്നത് മുഴുവനാക്കിയിട്ട് വന്നാൽ മതി ഞാൻ അകത്തിരിക്കാം.” മനസ്സും തലയും കുനിഞ്ഞു പോകുന്ന ഔദാര്യം.

കോവിലകത്തെ മുറ്റത്ത് രണ്ടോ മൂന്നോ കാറുകൾ ഉണ്ടാകും. പക്ഷെ തമ്പുരാട്ടിക്ക് പഥ്യം ഓട്ടോറിക്ഷയാണ്. മൊബൈലിൽ രണ്ടുമൂന്നു ഓട്ടോറിക്ഷക്കാരുടെ നമ്പറുമുണ്ട്. തമ്പുരാട്ടിക്ക് ഈയിടെയായി വാതത്തിന്‍റെ അസ്കൃത ബാധിച്ചപ്പോൾ വനിതയുടെ ചികിത്സയായിരുന്നു. കൈവേദന സഹിക്കാൻ വയ്യാതാവുമ്പോൾ തമ്പുരാട്ടി വനിതയെ വിളിക്കും “ഒരു പെയിൻകില്ലർ കഴിക്കാം അല്ലേ.?” വനിത മറുത്തൊന്നും പറയാറില്ല. ഒരുപാട് സഹനശക്തിയുള്ള തമ്പുരാട്ടി പെയിൻകില്ലർ കഴിക്കട്ടെ. പിന്നെ എന്തുചെയ്യും. ഒരു ദിവസം രണ്ടാൾ താങ്ങിപിടിച്ച് തമ്പുരാട്ടിയെ കൊണ്ടുവന്നു. “ഉഴിച്ചിലോ തടവലോ എന്താച്ചാൽ തുടങ്ങിക്കോളൂ കുട്ടി. എനിക്ക് മരിക്കുന്നത് വരെ എണീറ്റ് നടക്കണം. മരണം അനായാസവുമായിരിക്കണം.” പതിനാല് ദിവസത്തെ തടവൽ കൊണ്ട് തമ്പുരാട്ടിക്ക് പരസഹായമില്ലാതെ നടക്കാമെന്നായി. തടവാൻ സഹായിച്ച പെൺകുട്ടികൾക്കും തനിക്കും ഫീസിനു പുറമേ പാരിതോഷികങ്ങളും തന്നു.

പക്ഷെ തമ്പുരാട്ടി ഇപ്പോൾ വന്നത് എന്തിനായിരിക്കും. വനിതയെ അധികം ചിന്തിക്കാൻ വിടാതെ തമ്പുരാട്ടി പറഞ്ഞു. “അന്നു കുട്ടി പറഞ്ഞില്ലെ കുറച്ചു കൂടി കഷായം കുടിക്കണം എന്ന്. അതൊക്കെ ചോദിക്കാലോ എന്ന് വിചാരിച്ച് വന്നതാ.”

പരിചയപ്പെട്ട കാലം മുതൽ തമ്പുരാട്ടിയുമായി ഒരു ആത്മബന്ധം ആണ് വനിതക്ക്. ക്ലിനിക്കിൽ തിരക്കില്ലാത്ത സമയമാണെങ്കിൽ ലോകത്ത് ഏതു വിഷയത്തെക്കുറിച്ചും തമ്പുരാട്ടി സംസാരിക്കും. ബറാക്ക് ഒബാമയുടെ സ്ഥാനാരോഹണചടങ്ങ് തന്‍റെ പിറന്നാളായിട്ടായിരുന്നു എന്നു തുടങ്ങി മോഹൻലാലിന്‍റെ തമാശകളെക്കുറിച്ചുവരെ സംസാരിക്കും.

“നമ്മുടെ മോഹൻലാലിന്‍റെ ഒരു തമാശ. രാവിലെ പറയും ആത്മബന്ധത്തിന്‍റെ സ്വർണ്ണസ്പർശമുള്ള മലബാർ ഗോൾഡ് വാങ്ങാൻ. ഉച്ചയ്ക്ക് പറയും അതൊക്കെ മണപ്പുറത്ത് കൊണ്ടുവച്ച് പൈസയുണ്ടാക്കാൻ. വൈകുന്നേരമാകുമ്പോൾ ഒരു സ്മോൾ അടിക്കാനാണ് ആഹ്വാനം. അത് ആ കുട്ടിക്ക് വേണ്ടാത്ത പണിയായിപ്പോയി. ഖാദിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനമല്ലെ പോയത്.”

തമ്പുരാട്ടിക്ക് കഷായപ്പൊതി എടുത്ത് കൊടുക്കുന്നതിനിടയിൽ വനിത ചോദിച്ചു.

“കുഴമ്പ് തേക്കുന്നുണ്ടല്ലോ അല്ലേ.?”

“കുഴമ്പൊന്നും തേച്ചുകുളിക്കാൻ എനിക്ക് വയ്യ. കുളി ഇപ്പോ ഒരു കാട്ടികൂട്ടലാ. കയ്യും കാലും ഒന്നും വഴങ്ങാത്തപ്പോൾ എന്ത് കുളി.?”

പെട്ടെന്ന് തമ്പുരാട്ടി പറഞ്ഞു.
“കുട്ടിക്ക് ഇവിടെ ഒരു കുളിപ്പിക്കുന്ന ഏർപ്പാട് തുടങ്ങിക്കൂടെ.?”

എന്തോ അരുതാത്തത് കേട്ടപൊലെ വനിത ചോദിച്ചു.
“കുളിപ്പിക്യോ?”

“അതെ കുളിപ്പിക്കുന്ന കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്. ഇപ്പം ഏതെങ്കിലും ഒരു സ്ത്രീ മര്യാദയ്ക്ക് തേച്ചുകുളിക്കുന്നുണ്ടോ, ഇരുപത്തിനാല് നേരവും ടി. വിയുടെ മുന്നിലിരിക്കുന്നവരും പറയും കുളിക്കാൻ സമയമില്ലെന്ന്. കുറെ ഷാംപൂവും ബോഡിലോഷനും ഒക്കെയായി കുറെ പൈസ ചെലവാക്കും അത്രതന്നെ. വൃത്തിയായി കുളിച്ചാൽ തന്നെ ചർമ്മ രോഗങ്ങൾ കുറയും ദേഹത്തിന്‍റെ കനവും കുറഞ്ഞുകിട്ടും.”

കാര്യം ശരിയാണെന്നു തോന്നിയപ്പോൾ വനിത ചോദിച്ചു.

“അങ്ങനെ കുളിക്കാൻ ആരെങ്കിലും വര്വോ.”
“വരും തീർച്ച.”

“കുളിപ്പിക്കാൻ തയ്യാറായി നിങ്ങൾ നിൽക്കുമ്പോൾ കുളിക്കാൻ ആളുവരും. വേണമെങ്കിൽ ഒരു പബ്ലിസിറ്റിക്ക് വേണ്ടി എന്‍റെ പേര് വെച്ചോളൂ. ഒരു സ്ഥിരം കസ്റ്റമർ ആണ് എന്ന് പറയാം. ഈ നാട്ടിൽ എന്ത് വിത്തിട്ടാലും മുളയ്ക്കും. ഈ ക്ലിനിക്കാണെങ്കിൽ ദേവസ്ഥാനങ്ങളുടെ അടുത്തും. കുട്ടി ധൈര്യമായിട്ട് തുടങ്ങിക്കോളൂ. ഒരാഴ്ചയിൽ ഒരിക്കൽ ഞാൻ വരാം.”

തമ്പുരാട്ടി പോയിക്കഴിഞ്ഞ് സഹായികളുമായി ആലോചിച്ചപ്പോൾ അവർ ആ ആശയത്തെ സഹർഷം സ്വാഗതം ചെയ്തു.

രാത്രി തന്‍റെ മാനേജർ കൂടിയായ ഭർത്താവുമായി കൂടിയാലോചിച്ചപ്പോൾ അതിൽ കുറേ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് വനിതയ്ക്ക് ബോധ്യപ്പെട്ടു. മനോഹരൻ ആദ്യത്തെ താക്കീത് കൊടുത്തു. പുരുഷന്മാരെയൊന്നും അടുപ്പിച്ചേക്കരുത്. അതു വലിയ പ്രശ്നമാകും. ഇത് തടവൽ തുടങ്ങുമ്പോഴും നമ്മൾ പറഞ്ഞകാര്യമാ. വനിത തിരിച്ചടിച്ചു.
ചൂടുവെള്ളം, പച്ചവെള്ളം, എണ്ണ, കുഴമ്പ്, ഇരുന്നുകുളി, നിന്നുകുളി, കിടന്നുകുളി നേർത്ത ശബ്ദത്തിൽ പാട്ട് എല്ലാം ചർച്ച ചെയ്യപ്പെട്ടു. പിന്നെ എല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. സഹായികളിൽ രാജിയും ലതയും ഒന്ന് പരുങ്ങിയെങ്കിലും പിന്നെ പൂർണ്ണ മനസ്സോടെ ദൌത്യം ഏറ്റെടുത്തു. വൈകുന്നേരം ചിലപ്പോൾ കുറച്ച് വൈകും എന്ന പ്രശ്നം പരിഹരിച്ചത് വേണ്ടി വന്നാൽ വീട്ടിൽ കൊണ്ടുപോയി വിടാം എന്ന നിബന്ധനയോടെയായിരുന്നു. പക്ഷെ, രാജിക്ക് വൈകുന്നേരത്തെ പോക്ക് എത്ര വൈകിയാലും പ്രശ്നമല്ല. അവളുടെ കാമുകൻ, രാജിക്ക് എന്തോ ആ വാക്ക് ഇഷ്ടമല്ല, മനു എന്നവൾ സ്നേഹത്തോടെ വിളിക്കുന്ന മനോജ് അവളെ വീട് വരെ അനുഗമിക്കും. ആ ചെറിയ നടത്തം അവർക്ക് രണ്ടുപേർക്കും വളരെ സന്തോഷകരമായിരുന്നു.

വല്ലപ്പോഴും രാജി ചോദിക്കും. “അല്ല മനു നമ്മുടെ കല്ല്യാണക്കാര്യം.” അതിനുള്ള ഉത്തരം അവൻ ഒരിക്കൽ അവളോടു പറഞ്ഞിട്ടുണ്ട്. ഒരേയൊരു മകൻ അവൻ ആരെക്കൂട്ടി വന്നാലും മനുവിന്‍റെ അമ്മ സന്തോഷത്തോടെ സ്വീകരിക്കും. പ്രശ്നം അച്ഛനാണ് എന്നുപറഞ്ഞാൽ പുറത്തുപറയാൻ പറ്റാത്ത കാര്യമാണ്. ഒരു ഭാര്യയുടെ മുമ്പിൽ വെച്ച് അച്ഛന്‍റെ നാവിൽ നിന്ന് സ്ഥിരം തെറി വീണാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. രാജി പറയുന്നത് അവൾക്ക് അതൊന്നും പ്രശ്നമില്ലെന്നാണ്. ഇപ്പോൾ ഈ പ്രായത്തിൽ അച്ഛന്‍റെ സ്വഭാവം മാറ്റാൻ പറ്റുമോ. ഇല്ലായിരിക്കാം, അതിനൊരു ശാശ്വതപരിഹാരം കണ്ടിട്ടു മാത്രമേ എന്‍റെ കല്ല്യാണം നടക്കുകയുള്ളൂ. പക്ഷെ എങ്ങനെ, അതെ അതുതന്നെയാണ് ചോദ്യം എല്ലാ കൊല്ലവും ശബരിമലയ്ക്ക് പോകുന്ന തനിക്ക് അയ്യപ്പ സ്വാമി ഒരു വഴികാണിച്ചുതരാതിരിക്കില്ല. ക്ലിനിക്കിൽ പുതുതായി തുടങ്ങിയ കുളിപ്പിക്കൽ പരിപാടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അന്ന് അവർ നടന്നത്.

മനു പറഞ്ഞു. “നാളെ ഞാൻ വരാം. എത്ര മണിക്കാണ് നിന്‍റെ ഡ്യൂട്ടി.” രാജി പറഞ്ഞു. “അയ്യടാ ആണുങ്ങളെ അങ്ങോട്ട് കേറ്റില്ല.”

പക്ഷെ സംഭവം ഹിറ്റായി. വനിതയ്ക്ക് അടുത്ത മുറികൂടി വാടകയ്ക്ക് എടുക്കേണ്ടി വന്നു. ഇപ്പോൾ ഫോണിൽ ബുക്ക് ചെയ്താണ് സ്ത്രീകൾ കുളിക്കാൻ വരുന്നത്. ബുക്ക് ചെയ്യുമ്പോൾ തന്നെ പറയണം ഏതു തരം കുളി വേണമെന്ന്, നാടൻ കുളിവേണോ താളി കരുതണോ എന്നൊക്കെ.

മനു ചോദിച്ചു. “എന്നാലും പിറന്നപടി കുളിക്കാൻ ഇരിക്കാൻ നാണമാവില്ലെ പെണ്ണുങ്ങൾക്ക്.” രാജി പറഞ്ഞു. “എല്ലാം ഒരു പ്രാവശ്യം. തോക്കെടുത്ത് ഒരാളെ വെടി വെച്ചു കൊന്നാൽ പിന്നെ അതും ശീലമാകും.” ഇത്രയെ ഉള്ളൂ മനുഷ്യന്‍റെ കാര്യം. ഞാൻ തന്നെ ഉദാഹരണം, ആദ്യമൊക്കെ എന്തുപേടിയായിരുന്നു മനുവിന്‍റെ കൂടെ നടക്കാൻ. ഇപ്പോൾ അതും ഒരു പതിവായില്ലെ. മനു പതുക്കെ പാടി.

“മുട്ടിയുരുമ്മുമ്പോൾ ഇന്നുമെൻ നെഞ്ചിൽ പൊട്ടിവിടരുമെനിക്ക് നാണം.”

“അങ്ങനെ മുട്ടിയുരുമ്മുകയൊന്നും വേണ്ട. കുറെ വിട്ട് നടന്നാൽ മതി.”

അങ്ങനെയൊക്കെ പറഞ്ഞാലും രാജിയുടെ വീടിനുമുമ്പിലുള്ള വെളിച്ചമില്ലാത്ത കുണ്ടനിടവഴിയിൽ എത്തുമ്പോൾ അവൾ കൈനീട്ടും. അവൻ സ്നേഹത്തോടെ കൈ പിടിക്കും.
അയ്യപ്പഭജനമഠത്തിന്‍റെ കുളത്തിൽ മുങ്ങിക്കുളിക്കുന്നത് മനുവിന് വളരെ നിർബന്ധമാണ്. കുളത്തിൽ മുങ്ങിനിവർന്ന് സൂര്യനെ നോക്കി കൈകൂപ്പുമ്പോൾ, പ്രഭാതകിരണങ്ങൾ അവനു പുതിയ അറിവുകൾ സമ്മാനിക്കും. സ്റ്റുഡിയോയിൽ വരുത്തിയ എല്ലാ പരിഷ്ക്കാരങ്ങളുടെയും പ്രചോദനം ഈ മുങ്ങിനിവരലിൽ നിന്നാണ് അവന് കിട്ടിയത്.
കല്യാണം കഴിഞ്ഞിട്ട് വേണം സ്റ്റുഡിയോ ഒന്നു കൂടി മോടിപിടിപ്പിക്കാൻ. രാജിയുടെ മനോഹരമായ ഒരു ഫോട്ടോ ഉള്ളത് സ്റ്റുഡിയോയുടെ മുമ്പിൽ തൂക്കണം. വിവാഹ ഫോട്ടോ തന്നെ ആയാലോ. പക്ഷെ വിവാഹ ഫോട്ടോ തനിക്ക് എടുക്കാൻ പറ്റില്ലല്ലോ.
രാജിയുടെ ധർമ്മാധർമ്മ ചിന്തകളെക്കുറിച്ച് തികച്ചും ബോധവാനാണെങ്കിലും കുറെ ദിവസത്തെ ആലോചനകൾക്ക്ശേഷം മനു രാജിയോട് പറഞ്ഞു.

“നിനക്കൊരു താത്രിക്കുട്ടിയാവാൻ പറ്റുമോ.”

നടുറോഡിൽ നടത്തത്തിന് സഡൻ ബ്രേക്കിട്ട് അവൾ പറഞ്ഞു. “മനസ്സിലായില്ല.”

“മനസ്സിലാക്കിത്തരാം. പണ്ടു സ്മാർത്ത വിചാരത്തിനിരയായ അന്തർജനം താത്രിക്കുട്ടി ഒരു നോട്ടുബുക്കിൽ ഒരു കഷ്ണം പെൻസിൽ കൊണ്ട് തന്നെ സമീപിച്ച ആഢ്യബ്രാഹ്മണരുടെ സ്വകാര്യഭാഗത്തുള്ള അടയാളങ്ങൾ എഴുതിവെച്ചില്ലേ അതുപോലെ. അതുപോലെ നീ കുളിപ്പിക്കുന്ന സ്ര്തീകളിൽ ചിലരുടെയെങ്കിലും ദേഹത്തു വസ്ത്രം മറക്കുന്ന ഭാഗത്തുള്ള എന്തെങ്കിലും മറുകോ അടയാളമോ……”

“മനു എന്താ പറയുന്നത്, അതൊന്നും ശരിയാവില്ല. ഡോക്ടറാണെങ്കിൽ എത്തിക്സിന്‍റെ ആശാട്ടിയാണ്.”

ഇത് ചെറിയൊരു പരിപാടി മാത്രം. പുറമെ ആരും അറിയാൻ പോകുന്നില്ല. അച്ഛന്‍റെ വായ മൂടികെട്ടാനുള്ള ഒരു സൂത്രം.

ഒരുപാട് പ്രലോഭനങ്ങൾക്ക്ശേഷം രാജി കുറച്ച് അടയാളങ്ങളൊക്കെ പറഞ്ഞുകൊടുത്തു. എത്രയും വേഗം കല്യാണം നടത്തുക എന്നത് അവളുടെയും കൂടി ആവശ്യമാണല്ലോ. അതിനുവേണ്ടി ചെറിയൊരു വിട്ടുവീഴ്ച്ചയ്ക്ക് അവൾ തയ്യാറായി.

അടുത്ത ദിവസം പതിവുപോലെ അച്ഛന്‍റെ വായിൽ നിന്നും തെറിവാക്ക് വീഴുമ്പോൾ ഒരുപാട് സംയമനത്തോടെ അവൻ അച്ഛനെയും ഇതുവരെയുള്ള ജീവിതത്തിൽ അച്ഛൻ ചൊരിയാതിരുന്ന സ്നേഹവാത്സല്യങ്ങളേയും കുറിച്ച് ചിന്തിച്ചു. ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടടുത്തിരുന്ന വേലായുധൻ ഇടയ്ക്കൊക്കെ സങ്കടത്തോടെ പറയാറുണ്ടായിരുന്നത് അവൻ ഓർത്തു. “എന്‍റെ അച്ഛൻ ഇന്ന് എന്നെ കുരങ്ങാ എന്ന് വിളിച്ചു.”

“എന്നിട്ട്”,

“എന്നിട്ടെന്താ ഞാൻ കുറെ നേരം കരഞ്ഞു. അമ്മ വന്നു സമാധാനിപ്പിക്കുന്നത് വരെ ഞാൻ കരഞ്ഞു. അമ്മ പറഞ്ഞു. അച്ഛൻ പറഞ്ഞാൽ മോൻ കുരങ്ങാവോ, എന്‍റെ മോൻ സുന്ദരക്കുട്ടനല്ലേ..”

ശരിയായിരുന്നു. വേലായുധൻ ഒരു സുന്ദരക്കുട്ടനായിരുന്നു. വലത്തെ കണ്ണിൽ ചെറിയൊരു നുണക്കുഴി, ഇടതൂർന്ന പീലികളുള്ള കണ്ണുകൾ, കാച്ചിയെടുത്ത പൊന്നിന്‍റെ നിറവും.
അന്നൊക്കെ തോന്നിയത് അച്ഛൻ വിളിക്കുന്ന തെറിയുടെ അർത്ഥം ആൾകുരങ്ങെന്നോ മറ്റോ ആണെന്നാണ്. അമ്മയോട് പലതവണ ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല. കുറച്ചുകൂടി വലുതായപ്പോഴാണ് ആ വാക്കിന്‍റെ അർത്ഥം മനസ്സിലായത്. ഓരോ തവണ അച്ഛൻ അത് പറയുമ്പോഴും അച്ഛനോടുള്ള പക കൂടുകയായിരുന്നു. രാജിയുമായുള്ള സ്നേഹബന്ധം തുടങ്ങിയതോടെ ആ വിളി എന്നും മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. വീടുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് അവളേയും കൂട്ടി മാറിതാമസിച്ചാലോ എന്ന് പലതവണ ആലോചിച്ചതാണ്. പക്ഷെ അമ്മയുടെ കണ്ണീരുമായി കൂടിച്ചേർന്ന ഒരു ജീവിതം തനിക്ക് വേണ്ട. അവിടെത്തന്നെ താമസിച്ച് അച്ഛന് കാണിച്ചു കൊടുക്കണം, ഭാര്യയെ എത്രമാത്രം സ്നേഹിക്കാമെന്നും അച്ഛൻ ജീവിതത്തിൽ എന്തൊക്കെ മറന്നുപോയിട്ടുണ്ടെന്നും.
അച്ഛന്‍റെ തെറിവിളി ഇന്ന് അവസാനത്തേതായിരിക്കണം.ഇനി ആ നാവിൽ നിന്നും അത് പുറത്തുവരാൻ പാടില്ല.

“അച്ഛനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അച്ഛൻ എന്നെ വിളിക്കുന്ന വാക്കിന്‍റെ അർത്ഥം എനിക്ക് ഇപ്പോൾ അറിയാം. ഞാൻ അങ്ങിനെയല്ലെന്ന് തെളിയിക്കേണ്ടത് എന്‍റെ ആവശ്യമാണ്. എന്നാൽ അച്ഛൻ കേട്ടോളൂ. ഈ നാട്ടിൽ ഒരുവിധം സ്ത്രീകളുമായിട്ടൊക്കെ ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അച്ഛനു തെളിവു വേണോ. മിസ്സിസ്സ് നമ്പ്യാർക്ക് മാറിടത്തിന്‍റെ നടുക്കായി ഒരു കറുത്ത പാടുണ്ട്. സൂസി തോമസ്സിന് പൃഷ്ഠഭാഗത്ത് നിറയെ രോമങ്ങളുള്ള ഒരു തടിപ്പുണ്ട്. നീനാ രാജന് വലത്തെ തുടയിൽ പെയിന്‍റ് മറിഞ്ഞതു പോലുള്ള ഒരു അടയാളമുണ്ട്. രുഗ്മിണി നായരുടെ ഇടത്തെ കാൽമുട്ടിനു താഴെയുള്ള കുറച്ച് സ്ഥലം ഇറച്ചിയില്ലാതെ മെലിഞ്ഞിരിക്കുന്നു. സിനിമാനടി നളിനി നമ്പീശന്‍റെ മാറിടം ഇംപ്ലാന്‍റ് ചെയ്തതാണ്. അതുകൊണ്ടാണ് അവരെ കടിച്ച പാമ്പ് അപ്പോൾ തന്നെ ചത്തുപോയത്. സെക്സ് ബോംബ് പ്രീതി രാമചന്ദ്രന്‍റെ കയ്യിൽ ഒരു മുഴയുണ്ട്. അതുകൊണ്ടാണ് അവർ എപ്പോഴും വലിയ കൈയ്യുള്ള ബ്ലൌസ് ഇടുന്നത്.”

തുടർന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അടുക്കളയിൽ നിന്ന് ഓടിവന്ന അമ്മ മനുവിന്‍റെ കവിളിൽ ആഞ്ഞടിച്ചു. “ആരോടാണ് നീ സംസാരിക്കുന്നത് എന്ന് നിനക്കറിയാമോ?”

“അറിയാം പക്ഷെ ഇനിയും എനിക്ക് ആ വിളി കേൾക്കാൻ വയ്യ.”

ദേഷ്യം വന്നാൽ പതിവായി ചെയ്യുന്നതുപോലെ അച്ഛൻ കസേര നീക്കി എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങി. പോവുന്ന പോക്കിൽ അറിയാതെ വായിൽനിന്നു ഷ എന്നൊരക്ഷരം പുറത്തേക്ക് വന്നു. ബാക്കി അദ്ധേഹം വിഴുങ്ങി. ഒരു വിജിഗീഷുവിനെ പോലെ മനു ആ വാക്ക് മുഴുവൻ പറഞ്ഞു. “ഷണ്ഢൻ”

Leave a Reply

Your email address will not be published. Required fields are marked *