ഓമനേ നിന്നെ കാലത്തൊരുക്കി അയക്കുമ്പോള്‍
ഓര്‍ത്തതില്ലല്ലോ ഉമ്മ പത്തില്‍ നീ ഒരാളെന്‍
രാവിലെ എന്‍ പിന്നാലെ ഓടി നീ പലവട്ടം
വീണുപോം എന്നു ചൊല്ലി വിലക്കി മാതാവു ഞാന്‍
ഒന്നുവീണിരുന്നെങ്കില്‍, വല്ലതും പറ്റിയെങ്കില്‍
ഇന്നു നീ അറയ്ക്കുള്ളില്‍ “സുഖമായി” കിടന്നേനെ
പ്രതലിനിരുന്നപ്പോള്‍ നെയ്ച്ചോറു വേണം ഉമ്മാ
പൂതിയ മോള്‍ക്കെന്നും ഉമ്മതന്‍ നെയ്ച്ചോറുണ്ണാന്‍
“നാളെയാവട്ടെ മോളെ, ഇന്ന് പത്തിരി തിന്‍”

നാളിതേവരെ തോര്‍ന്നില്ലുമ്മതന്‍ കണ്ണില്‍ നീര്
വാശി നീ പിടിക്കുമ്പോള്‍ ബാപ്പയെ വിളിക്കുവാന്‍
കാശിന്‍റെ കണക്കൊന്നും ഉമ്മ നോക്കാറില്ലല്ലോ
വീടിതാ ഉറങ്ങുന്നു, റിസ്വാന ഉറങ്ങുന്നു
ബസ്വാന ഉണര്‍ന്നില്ല, ആരുണ്ട് വിളിക്കുവാന്‍
എപ്പൊഴും കലമ്പുന്ന, എന്‍റെത് എന്നോതുന്ന
റംഷാന കൂടെയില്ല മറ്റവര്‍ സഹിക്കുമോ
തട്ടത്തിന്‍ മറയാല്‍ നീ ഒളിച്ചുകളിക്കുമ്പോള്‍
പെട്ടെന്ന്‍ തോന്നും പെണ്ണ്‍ വലുതായ് പോയോ എന്ന്
വലുതാവില്ലല്ലോ നീ, എന്‍ ഹൃത്തില്‍ ജീവിക്കട്ടെ
അലിവേറുമീയുമ്മ പോറ്റിടാം മുത്തം നല്‍കി.
അള്ളാഹു വിധിക്കുന്നു, അള്ളാഹു നടത്തുന്നു
അല്ലെന്നു ചൊല്ലീടുവാന്‍ ഈ ഉമ്മയ്ക്കാവില്ലല്ലോ.
മന്ത്രിമാര്‍ വന്നു പല നേതാക്കന്മാരും വന്നു
തന്ത്രങ്ങള്‍ പലതവര്‍ കാട്ടീടും ഭരിക്കുവാന്‍
ഭാവിയില്‍ ഇതുപോലെ കാവ്യ, സാന്ദ്രയും പിന്നെ
വൈഷ്ണവും മിഥുന്‍മോനും മരിക്കാതിരിക്കുവാന്‍
എന്താണ് നടപടി? മന്ത്രിമാര്‍ പറയട്ടെ
എന്തുവന്നാലും എന്‍റെ റംഷാന ജീവിക്കുമോ
അഞ്ചുലക്ഷമോ അല്ല പത്തുലക്ഷമോ തന്നാല്‍
പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ പകരം നിന്നീടുമോ
ഉറങ്ങിപ്പോയോ ഡ്രൈവര്‍ വല്ലതും കഴിച്ചുവോ?
ഉറങ്ങില്ലിനിയുമ്മ മയ്യത്തായ് പോകുംവരെ
റംഷാന ഉറങ്ങട്ടെ അള്ളാഹു കാവല്‍ നില്‍ക്കെ
രക്ഷിതാവവള്‍ക്കായി സുവര്‍ക്കം പണിയട്ടെ
“മാപ്പാക്കാം ആ ഡ്രൈവറെ നമുക്ക്” പറയുന്നു
ബാപ്പ, പണ്ഡിതന്‍, ഖുറാന്‍ മുഴുവന്‍ പഠിച്ചവന്‍
ഓമനേ നിന്നെ കാലത്തൊരുക്കി അയക്കുമ്പോള്‍
ഓര്‍ത്തതില്ലല്ലോ ഉമ്മ പത്തില്‍ നീ ഒരാളെന്‍.
