വിധേയ

“ഈശ്വരാ ഞാൻ എത്ര നേരമായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്, ഒരു നിശ്ചയവുമില്ലല്ലോ. ഏതായാലും മിനിറ്റുകൾ അല്ല, മണിക്കൂറുകൾ തന്നെ ആയിട്ടുണ്ടാവും. കാപ്പി, ചായ, ഹോർലിക്സ് ഏതൊക്കെ തരത്തിൽ ഒരുക്കാനിരിക്കുന്നു. അതിന് എനിക്ക് കണ്ണു തുറക്കാനോ, അനങ്ങാനോ കഴിയുന്നില്ലല്ലോ. എനിക്കെന്തുപറ്റി? ദേഹം അനക്കാൻ കഴിയാതെ എന്‍റെ പണികൾ എങ്ങിനെ നടക്കും. ആരോ ബലമായി എന്‍റെ കണ്ണുകൾ കെട്ടിയിരിക്കുകയാണോ.

ഏതായാലും ഒരു കാര്യത്തിൽ ആശ്വാസം തോന്നുന്നു. എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ട്. ചിന്തമാത്രം ഒരു പ്രശ്നത്തിനും പരിഹാരമാവില്ല. മറ്റു വല്ല പോംവഴികളും കണ്ടെത്തുന്നത് വരെ ചിന്തിച്ച്കൊണ്ടു കിടക്കാം. എവിടെയാണ് കിടക്കുന്നത് എന്ന് പോലും എനിക്കറിയില്ല. സ്വീകരണമുറിയിൽ നിലത്താണോ. അല്ല. എന്‍റെ ഭർത്താവ് ഇരുപത്തയ്യായിരം രൂപ ചെലവാക്കി പണികഴിപ്പിച്ച സോഫയിലാണോ. എങ്കിൽ ഒരു വെള്ളിടി വെട്ടും, തീർച്ച. സ്വീകരണമുറിയിലാണെങ്കിൽ നാഴികമണിയുടെ ശബ്ദം കേൾക്കേണ്ടതാണല്ലോ. എനിക്ക് ഒന്നും കേൾക്കാനും കഴിയില്ലെന്ന് വരുമോ. ഇത്രയേറെ സമയം ഈ വീട്ടിൽ ഒരു ശബ്ദവുമില്ലാതിരിക്കുക എന്നത് അസംഭവ്യമാണ്.നാഴികക്ക് നാൽപത് വട്ടം ടെലിഫോൺ ശബ്ദിക്കുന്ന, വിളിമണി എപ്പോഴും അടിക്കുന്ന കുറച്ച് ദിവസമായി പേരക്കുട്ടികളുടെ കരച്ചിലും ചിരിയും മൽപ്പിടുത്തത്തിന്‍റെ ആക്രോശവും ഇടവിടാതെ മുഴങ്ങുന്ന ഈ ഗോകുലത്തിൽ ശ്മശാനനിശബ്ദതയോ. എന്നെ തനിച്ചാക്കി എല്ലാവരും എവിടെക്കെങ്കിലും പോയതാണോ. വല്ല ആശുപത്രിയിലും കൊണ്ടുപോയി കിടത്തിയിരിക്കുകയാണോ. എന്നെ എന്‍റെ ശ്വാസം നിലച്ചതാണോ. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചുകഴിഞ്ഞിരിക്കുമോ.”

അതൊന്നുമല്ല കാര്യം എനിക്ക് എല്ലാം കൃത്യമായി ഓർക്കാൻ കഴിയുന്നുണ്ട്. സ്വീകരണമുറിയിലെ സോഫമേൽ വന്ന് കിടന്നതാണ്. ഉച്ചയ്ക്ക് എല്ലാവരുടെയും ഊൺ കഴിയുമ്പോഴേക്കും വല്ലാത്ത തളർച്ച തോന്നി, സഹിക്കാൻ കഴിയാത്ത ക്ഷീണം പാത്രങ്ങൾ കഴുകാതെ വന്ന് കിടക്കുമ്പോൾ ചെറിയൊരു വിശ്രമം എന്നേ ഉദ്ധേശ്യമുണ്ടായിരുന്നുള്ളൂ. പക്ഷെ ഇത് കുറേ നീണ്ടുപോയി. അനങ്ങാതെ, കാണാതെ, കേൾക്കാതെ എങ്ങിനെ ബാക്കി പണികൾ ചെയ്യും.

ഇളയമകന്‍റെ വിവാഹമാണ് അടുത്തയാഴ്ച്ച. എല്ലാവരും എത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് മൂത്ത മകനും ഭാര്യയും കുട്ടിയും, മകളും ഭർത്താവും കുട്ടികളും. ഒരേയൊരു മരുമകനും കുടുംബവും പല സ്വാദിലും നിറത്തിലും ഊഷ്മാവിലും ഉള്ള ഭക്ഷണം തയ്യാറാക്കണം. എല്ലാവരും തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരാണ്. ഇവിടെ ഈ വീട്ടിൽ വരുമ്പോൾ മാത്രമാണ് അവർക്ക് ഒഴിവുകിട്ടുന്നത്. അത് പരമാവധി ആസ്വദിക്കാൻ ശ്രമിക്കുന്നവരോട് അടുക്കളയിൽ കയറി വെക്കാനും വിളമ്പാനും പറയുന്നത് ശരിയാണോ. എന്‍റെ ഭർത്താവ് പറയാറുള്ളത് പോലെ, “അവർക്ക് അറിയില്ലെ നിന്നെ സഹായിക്കണം എന്ന്.” അറിയാതിരിക്കുമോ. ഒരുപാട് വിദ്യാഭ്യാസവും ഒന്നിൽ കൂടുതൽ ഡിഗ്രിയും ഉള്ളവരല്ലെ. അപ്പോൾ അറിയാഞ്ഞിട്ടല്ല. സ്വാർത്ഥത കൊണ്ടായിരിക്കുമോ. എന്തെങ്കിലും ആവട്ടെ. ആരോഗ്യമുണ്ടങ്കിൽ എല്ലാം ചെയ്യാമായിരുന്നു. “ഉണ്ണാതെ ഉറങ്ങാതെ രാപ്പകൽ വീട്ടുവേലകൾ ചെയ്യാൻ തുടങ്ങിയിട്ട് കുറേ ദിവസമായില്ലേ. നിന്നോട് പറയാറില്ലേ സ്വന്തം ആരോഗ്യം നോക്കണമെന്ന്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റുള്ളൂ.” ആരാണ് പറയുന്നത് അമ്മയാണോ. മറ്റാർക്കാണ് ഈ ലോകത്തിൽ എന്‍റെ ആരോഗ്യത്തെക്കുറിച്ച് താല്പര്യമുള്ളത്. “നിന്‍റെ ഈ സ്വഭാവം എവിടെ വരെയെത്തും. ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ നിനക്കറിയില്ലല്ലോ.” അമ്മ പോയല്ലോ. അച്ഛനും മരിച്ചുപോയി. ഇല്ലെങ്കിൽ അച്ഛൻ വന്ന് വിളിച്ചാൽ എനിക്ക് ഇവിടെ നിന്ന് എണീക്കാൻ കഴിയുമായിരുന്നു. ജീവിച്ചിരിക്കുന്ന പേരക്കുട്ടികൾ ആരെങ്കിലും വന്ന് കൈപിടിച്ച് വലിച്ചാൽ എനിക്ക് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമായിരിക്കും. ഭക്ഷണസമയമാകുമ്പോൾ എല്ലാവരും കൂടെ ഒരേ സ്വരത്തിൽ വിളിച്ചാലോ. അപ്പോൾ പിന്നെ എഴുന്നേൽക്കാതെ നിവൃത്തിയില്ല. എണീറ്റിട്ടെന്തുചെയ്യാനാ. തീൻമേശമേൽ നിരത്തിയ പാത്രങ്ങളിൽ എന്തു വിളമ്പും എന്‍റെ മക്കൾ എങ്ങിനെ പശിയടക്കും.

എപ്പോഴോ വായിച്ച ഒരു പ്രേതകഥയിലെ പ്രേതത്തെ പോലെ ആണ് ഇപ്പോൾ എന്‍റെ സ്ഥിതി. വായുവിലൂടെ സഞ്ചരിച്ച് എല്ലാം കാണാം, കേൾക്കാം പക്ഷെ പ്രതികരിക്കാൻ കഴിയില്ല. കുറച്ച് സമയം കഴിയുമ്പോൾ എന്നെ അവർ എടുത്തുകൊണ്ട് പോകും ചിതയിൽ വെക്കും. കോടാനുകോടി മനുഷ്യജന്മങ്ങളിൽ ഒന്ന് കൂടി അവസാനിക്കുന്നു. ജീവിച്ചിരുന്നു എന്നതിന് സന്താനങ്ങളല്ലാതെ മറ്റൊരു തെളിവും ബാക്കിവെക്കാതെ ഒരു സ്ത്രീജന്മം കൂടി അവസാനിക്കാൻ പോകുന്നു. ഇനി ഒന്നിനും സമയമില്ല. ഒരു ചലച്ചിത്രത്തിലെന്നപോലെ ജീവിതം മുഴുവനായി ഒരു തവണ ഓർത്തുനോക്കാം.

ഒരിടത്തരം കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസകാര്യത്തിൽ സമർത്ഥയായിരുന്നു. ഒരു നല്ല ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട കാലത്താണ് അപ്രതീക്ഷിതമായ ഒരു ബാദ്ധ്യത തലയിൽ വന്ന് വീണത് വിവാഹം. പിന്നെ കുടുംബഭാരങ്ങൾ, മക്കൾ. ഉള്ള ജോലി മനസ്സില്ലാമനസ്സോടെ വേണ്ടെന്ന് വെക്കേണ്ടിവന്നു. അവിടന്നങ്ങോട്ട് മൃദുല ഇല്ലായിരുന്നു. മിസ്സിസ്സ് മൃദുലാ മേനോൻ മാത്രം. മി. മേനോന്‍റെ നിഴലെന്നോണം ജീവിച്ചുപോയ ഒരു സ്ത്രീ. അടിമ എന്ന് പറയുന്നതല്ലേ കൂടുതൽ ശരി.

കൌമാരത്തിൽ എന്തെല്ലാം മോഹങ്ങൾ ഉണ്ടായിരുന്നു. കുറേ വായിക്കണം, എഴുതണം, എവിടെയെങ്കിലും എത്തണം പക്ഷെ ഒന്നും സംഭവിച്ചില്ല. അടുക്കളയിൽ നിന്നും കിടപ്പ്മുറിയിലേക്കും അതുവഴി സ്വീകരണമുറിയിലേക്കും സഞ്ചരിക്കുന്നതിനിടയിൽ ഉദയാസ്തമയങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് പലപ്പോഴും അറിഞ്ഞില്ല. തലമുടി നരച്ചതും മുഖത്ത് ചുളിവുകൾ വീണതും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. വെള്ളായിപ്പാലത്തിനടിയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി.

ഒരിക്കലും ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന കൃതകൃത്യതയോടെ പട്ടടയിലേക്ക് പോവാം. അത് ഒരു ശുഭയാത്രയായിരിക്കും. ആരോടും കടപ്പാടില്ലാത്ത ഒരു ജീവിതത്തിന്‍റെ അവസാനം. കുറച്ച് മണിക്കൂറുകൾ ഭർത്താവും മക്കളും വ്യസനിക്കുമായിരിക്കും.

സ്വയം പരിശീലിച്ചതുകൊണ്ടാവാം ജീവിതത്തിലെ കയ്പ്പൊക്കെ ഇപ്പോൾ മധുരമുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ഇരുളൊക്കെ വെളിച്ചമായി വരുന്നു.

“മൃദുലേ യവനിക വീഴാറായി എന്ന് നീ സ്വയം തീരുമാനിച്ചുവോ. ഈ ജീവിതത്തോടെ അള്ളിപ്പിടിച്ചു നിൽക്കാൻ നിനക്ക് ആശ തോന്നുന്നില്ലേ.”  “ഇല്ല ഇല്ല കള്ളം നിനക്കാശയുണ്ട്. നീ പണ്ട് ആഗ്രഹിച്ചതൊക്കെ കുറേ വായിക്കണമെന്നും എഴുതണമെന്നുമൊക്കെ അവസാനകാലത്തെങ്കിലും നടത്താൻ കഴിയുമെന്ന് നിനക്ക് പ്രതീക്ഷയില്ലേ.”

“വേണ്ട, ഈ ജന്മം അതൊന്നും നടക്കില്ല. ഇനിയൊരു ജന്മമുണ്ടങ്കിൽ ഒരു ഏകാന്തജീവിതം നയിക്കാം. ആഗ്രഹങ്ങൾ സഫലീകരിക്കാം. ആരോടും പരിഭവമോ പരാതിയോ ഇല്ലാത്ത മൃദുല അന്ത്യയാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നു. മൃദുലയുടെ ഭൌതികദേഹത്തിൽ നിന്ന് ജീവൻ ബഹിർഗമിക്കുന്നു. ഒരു ഇടുങ്ങിയ ഗുഹയിലേക്ക് പ്രവേശിക്കുന്നു. അന്ധകാരപൂർണ്ണമായ ആ ഗുഹയുടെ അവസാനം എന്തായിരിക്കും. അവിടം ദൈവത്തിന്‍റെ വെളിച്ചമാണ്.” സ്വർഗത്തിന്‍റേയും സത്യത്തിന്‍റേയും സ്നേഹത്തിന്‍റേയും നന്മയുടെയും വെളിച്ചം മൃദുല വ്യക്തമായി കണ്ടു.

“ഒരു ചായയ്ക്ക് ചോദിക്കാൻ തുടങ്ങിയിട്ട് സമയമെത്രയായി. ഇവിടെ ആരുമില്ലേ?” മുഴങ്ങുന്ന ശബ്ദത്തിൽ മേനോൻ ചോദിക്കുന്നതുകേട്ട് മൃദുലയുടെ ജീവനും ആത്മാവും ഗുഹാമുഖത്തിൽനിന്ന് തിരിച്ചുവന്ന് അവളുടെ ഭൌതികശരീരത്തിലേക്ക് പ്രവേശിച്ചു. അടുത്ത നിമിഷം അവൾ ചാടിയെഴുന്നേറ്റു. വേച്ചുവേച്ച് നടന്ന് ഗ്യാസ് ലൈറ്റർ കയ്യിലെടുത്ത് നിമിഷങ്ങൾക്കകം മേനോന്‍റെ കയ്യിൽ ചായ എത്തിച്ചു. തന്‍റെ സ്വീകരണമുറിയിൽ അരങ്ങേറിയ നാടകത്തെപ്പറ്റി തികച്ചും അജ്ഞനായിരുന്നു മി. മേനോൻ. ചായ മോന്തിക്കുടിക്കുമ്പോൾ പതിവുപോലെ മുനിസിപ്പൽ സൈറൺ മുളങ്ങി.

(സംസ്ഥാനതലത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കഥ.)

സമ്മാനം

പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. കാറിൽ നിന്നിറങ്ങിയതും ടിക്കറ്റ് വാങ്ങിയതും നേരെ മുമ്പിലുള്ള വണ്ടി നീങ്ങാൻ തുടങ്ങിയതും എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. യാത്രയയക്കാൻ വന്ന ഭർത്താവ് വിഷമിക്കുന്നുണ്ടാവും. ഇരിക്കാൻ സൌകര്യം കിട്ടിയിട്ടുണ്ടാവുമോ? എന്ന വേവലാതി. ബാങ്കിൽ പോകുമ്പോൾ പ്രഷർ കുറക്കാനുള്ള ഗുളിക കഴിക്കാൻ മറക്കുമോ എന്തോ. എനിക്കു ശേഷം പ്രളയം എന്നൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാനെങ്കിലും, തൽക്കാലം എന്‍റെ അഭാവത്തിൽ ചെറിയ വെള്ളപ്പൊക്കമെങ്കിലും ഉണ്ടായിക്കൂടാ എന്നില്ല. കഷ്ടമായിപ്പോയി. മിസ്റ്റർ നമ്പ്യാരും കൂടെ വേണമായിരുന്നു. വായിച്ച് വായിച്ച് ഉറക്കം വരുമ്പോൾ ഭർത്താവിന്‍റെ മടിയിൽ തല വെച്ച് പാതി ഉറക്കവുമായി കിടക്കുക എന്നത് ജീവിതത്തിന്‍റെ മനോഹരമായ ആഗ്രഹങ്ങളിൽ ഒന്നാണ്.

വണ്ടിയിൽ കയറി ചുറ്റും കണ്ണോടിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. ഞാൻ ഇരുന്നിടത്തും അതിനപ്പുറത്തും ഇരുവശങ്ങളിലും ആരുമില്ല. കിടക്കുകയോ ഉറങ്ങുകയോ ആർക്ക് എന്തുവേണമെങ്കിലും ചെയ്യാം. സാരി നേരെയാക്കി ഇരുത്തം ശരിയാക്കി ബാഗിൽ നിന്ന് ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തെടുത്തു. വായിച്ചു തീരാത്ത മലയാളം പുസ്തകം മേശയിൽ ഉണ്ടായിരുന്നതാണ്. പക്ഷെ പ്രൊഫ. വിശാലാക്ഷിയമ്മയുടെ ഉപദേശം അനുസരിച്ച് യാത്രയ്ക്കിടയിൽ ഒരു ഇംഗ്ലീഷ് പുസ്തകമാണ് കൈയ്യിൽ എങ്കിൽ അല്പം വെയ്റ്റ് കൂടും. അവരെപ്പൊഴും ഇംഗ്ലീഷ് ഭാഷയുടെ വക്താവാണ്. വായന തുടങ്ങിയപ്പോഴേക്കും ഒരു മനുഷ്യൻ വന്ന് എനിക്കെതിരെയുള്ള  ഇരിപ്പിടത്തിൽ ഇരുന്നു. കയ്യിൽ ഒരു കുട്ടിയുമുണ്ടായിരുന്നു. അയാളുടെ തോളിൽ തൂങ്ങിക്കിടന്നിരുന്ന സഞ്ചിയിൽ നിന്ന് ഒരു തോർത്തെടുത്ത് കുട്ടിയുടെ മുഖം തുടയ്ക്കുകയും മുഖത്ത് അല്പം പൌഡർ ഇട്ടുകൊടുക്കുകയും ചെയ്തു. ശേഷം അയാൾ കുട്ടിയെ മടിയിലിരുത്തി. തലപൊന്തിച്ച് നോക്കിയപ്പോൾ അയാൾ എന്നെകണ്ടു. അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു എന്ന് തോന്നുന്നു. അയാളുടെ മുഖത്ത് രക്തം ഇരച്ചു കയറി. ഒരു വിരൽ എന്‍റെ നേരെ ചൂണ്ടിക്കൊണ്ട് കോടതിയിൽ ഒരു ക്രോസ് വിസ്താരം ചെയ്യുന്ന ഭാവത്തിൽ അയാൾ എന്നോട് ചോദിച്ചു. “നിങ്ങൾ ഇതേ സ്ഥലത്തിരുന്നുകൊണ്ട് യാത്ര തുടരാനാണോ ഭാവം. ഇത് മൂന്നാമത്തെ തവണയാണ് തീവണ്ടി യാത്രയ്ക്കിടയിൽ നിങ്ങൾ എന്‍റെ മനസമാധാനം നഷ്ടപ്പെടുത്തുന്നത്.” എനിക്ക് ആശ്ചര്യവും അമ്പരപ്പും തോന്നി. അയാളുടെ മനസമാധാനം കളയാൻ ഞാൻ അയാളെ അറിയുകപോലുമില്ലല്ലോ. ഒരു പക്ഷെ ഇയാൾക്ക് തലയ്ക്ക് സുഖമില്ലെന്ന് വരുമോ. എനിക്ക് അല്പം ഭയം തോന്നാതിരുന്നില്ല. എന്‍റെ സ്വഭാവവുമായി ഒരിക്കലും യോജിച്ചുപോകാത്ത തരത്തിൽ ക്ഷണിച്ചുവരുത്തിയ ധൈര്യത്തോടെ അല്പം ധിക്കാരം കലർത്തിയ സ്വരത്തിൽ ഞാൻ അയാളോട് സംവാദിച്ചു. “അതിന് നമ്മൾ തമ്മിൽ മുൻ പരിചയം ഇല്ലല്ലോ.” എടുത്തടിച്ചത് പോലെയായിരുന്നു അയാളുടെ പ്രതികരണം. “ദ്രോഹം ചെയ്യാൻ പരിചയം വേണമെന്നില്ല. ഞാൻ തെളിച്ചുതന്നെ പറയാം. നിങ്ങൾ എന്‍റെ ഭാര്യയെപ്പോലെ ഇരിക്കുന്നു. എന്‍റെ മരിച്ചുപോയ ഭാര്യയെപ്പോലെ.”

ഞാൻ നടുങ്ങി. എന്‍റെ നടുക്കം പ്രകടമായിരുന്നു എന്നും, അത് അയാൾ പ്രതീക്ഷിച്ചിരുന്നുവെന്നും അയാളുടെ മുഖഭാവം വ്യക്തമാക്കി. തലതാഴ്ത്തി ഇരിക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനോ പുസ്തകം എടുത്ത് മറിച്ച് നോക്കാനോ ഞാൻ തീർത്തും അശക്തയായിരുന്നു.

ഞാൻ അയാളെക്കുറിച്ച് കൂടുതൽ ചിന്തിച്ചുതുടങ്ങി. എനിക്ക് അയാളോട് സഹതാപം തോന്നി. അയാളുടേത് തികച്ചും ഒരു പ്രേമവിവാഹമായിരുന്നിരിക്കാം. രണ്ടു വീട്ടുകാരുടേയും സഹകരണമില്ലാത്ത ഒരു ചടങ്ങ്. എന്തായിരുന്നിരിക്കാം പെൺകുട്ടിയുടെ പേര്.  പെൺകുട്ടിയോ. ഏയ്. ആ കുട്ടി വളരെ ചെറുതാണല്ലോ. ഒരു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത ഒരു മിടുക്കൻ. അയാൾ എന്നോളമോ എന്നെക്കാളുമോ പ്രായമുണ്ട്. എന്തെങ്കിലും ആകട്ടെ, കൂടുതൽ ചിന്തിക്കേണ്ട കാര്യമെന്തിരിക്കുന്നു. പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി, ഈ യാത്ര ചെയ്യുമ്പോൾ തീവണ്ടിയിൽ നിന്നിറങ്ങി ഇതുമായിട്ടുള്ള ബന്ധം അവസാനിക്കുന്നു. സഹയാത്രികരോടും അതേ മനോഭാവം പുലർത്തണം. ആരേയും മനസ്സിൽ വഹിച്ച് കൊണ്ട് നടക്കരുത്. ഒറ്റയ്ക്ക് യാത്ര തിരിക്കാൻ തീരുമാനിച്ച നിമിഷത്തെ ഞാൻ മനസ്സാൽ ശപിച്ചു.

പക്ഷെ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു. അദ്ദേഹത്തിന് ബാങ്ക് ക്ലോസിംങ്ങ്ഡേയാണ്. വർഷം മുഴുവൻ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന ഒരു ബാങ്ക് മാനേജർക്ക് ക്ലോസിങ്ങായി ലീവെടുക്കാൻ വിഷമം കാണും. കൂടെ വരണമെന്നും ഏട്ടന്‍റെ മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാവാം സ്വരം താഴ്ത്തി പറഞ്ഞത്. “നിന്‍റെ വീട്ടുകാർക്ക് ഒരു കോമൺസെൻസും ഇല്ല, വിവാഹം നിശ്ചയിക്കാൻ കണ്ട ഒരു ദിവസം.” പകുതിക്ക് നിർത്തി കളഞ്ഞു. കുറച്ചുകാലമായി അങ്ങനെയാണ്. വിവാഹം കഴിഞ്ഞ ഉടനെയൊക്കെ ദേഷ്യം പിടിപ്പിക്കാനും കരയിക്കാനും വളരെ ഇഷ്ടമായിരുന്നു. കുറേകാലം കഴിഞ്ഞാണ് അതിന്‍റെ പൊരുൾ പിടികിട്ടിയത്. അപ്പോൾ മുഖകാന്തിയും കൂടുമത്രേ. വർഷങ്ങളിലൂടെ അതുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അവിടെ സ്വഭാവം മാറ്റിക്കഴിഞ്ഞു. പ്രായം കൂടുന്തോറും പാകതയും കൂടിവരുന്നതിനെ പറ്റി കോളേജിലെ സ്റ്റാഫ് റൂമിൽ വച്ച് സംസാരിച്ചപ്പോൾ മാല പടക്കത്തിന് തീ കൊളുത്തിയതുപോലെ പൊട്ടിത്തെറിച്ചുകൊണ്ട് കമലമ്മ ടീച്ചർ പറഞ്ഞു. “ഈ ശാരദ ടീച്ചറുടെ ഒരു ഭാഗ്യേ. നമ്മടവിടെയൊക്കെ പ്രായം കൂടുന്തോറും ശൌര്യവും വീര്യവും കൂടിക്കൂടി വര്യല്ലേ.” സ്റ്റാഫ് റൂമിലെ പൊട്ടിച്ചിരിക്കിടയിൽ കമലമ്മയുടെ വായടഞ്ഞുപോയി. ചിരിച്ചവരുടെയൊക്കെ വായിൽ എന്തായിരുന്നു എന്നത് പറയാതെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ ടീച്ചർ കഴിഞ്ഞ വർഷം കൂടി ഇരട്ട പ്രസവിച്ചത്. ലോകം മുഴുവൻ പ്രശ്നങ്ങളാണ്. കമലമ്മ സന്താനസൌഭാഗ്യം കൊണ്ട് വിഷമിക്കുന്നു. ഒരു ആൺതരിക്ക് വേണ്ടിയാണത്രേ വീണ്ടും വീണ്ടും പരീക്ഷണത്തിന് തയ്യാറായത്. ഞാനിതാ ഇവിടെ ഒരു കുഞ്ഞിക്കാലിനുവേണ്ടി വഴിപാടുകളും ഉരുളികമിഴ്ത്തലുമായി കഴിയുന്നു. ഇനി ഈ ജന്മം അങ്ങനെയൊരു യോഗം സാധാരണ നിലയിലില്ല. ദൈവം വല്ല അതിശയങ്ങളും കാണിക്കണം.

വണ്ടി ഏതോ സ്റ്റേഷനിൽ നിന്നപ്പോൾ കുറേ കോളേജുകുമാരി, കുമാരന്മാരോടൊപ്പം മുറി നിറയെ ആളുകൾ കയറിക്കൂടി.കൂട്ടത്തിൽ ഒരു നവവരനും വധുവും ഉണ്ടായിരുന്നു. അവൾക്ക് ഇരിക്കാൻ സ്ഥലമുണ്ടാക്കി അവൻ അവളെ വിളിച്ചു. അവിടെ ഒരു വയസ്സന്‍റെ അടുത്ത് വേണം അവൾ ഇരിക്കാൻ. മനസ്സില്ലാഞ്ഞിട്ടാകാം അവൾ നിന്നു കൊണ്ടു തന്നെ യാത്ര തുടർന്നു. ഇന്നലെ വരെ ആരുടേയൊ സിനിമാക്കൊട്ടകയിൽ നിരങ്ങിയവൾ ആയിരിക്കും. എന്തിനാ വെറുതെ പരദൂഷണം വിചാരിച്ച് ഐതിഹ്യമാല കഥയിലെ അട്ടയെ ഏറ്റുവാങ്ങുന്നത്.ഒരു മനശാസ്ത്രം പ്രൊഫസർക്ക് സ്വന്തം മനസ്സിനെ നിയന്തിക്കാൻ കഴിയുന്നില്ലെന്നോ? അല്ലെങ്കിൽ ഇതിനിടെ എവിടെയോ വായിച്ചത് സത്യായിരിക്കും. സ്വന്തമായി എന്തെങ്കിലും കുറ്റങ്ങൾ ഉള്ളവർ പ്രത്യേകിച്ചും പ്രസവിക്കാത്ത, 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കും.

ഏതാണ്ട് എല്ലാവരും ഒപ്പം തന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. ഏതോ മുജ്ജന്മത്തിലെ യാത്ര തുടരുമ്പോലെ ഞാനും അയാളും മാത്രം ബാക്കിയായി. അപ്പോഴേക്കും ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ അയാൾ തോളിലെ തുണിസഞ്ചിയിൽ നിന്നെടുത്ത തോർത്തും മറ്റും ഉപയോഗിച്ച് ഒരു കൊച്ചുമെത്തയുണ്ടാക്കി കിടത്തി. സ്ത്രീകൾക്ക് പോലും ഇത്ര നന്നായി ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. അയാളുടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞാലോ എന്ന് ഞാൻ ഒരിക്കൽ ചിന്തിച്ചു. പക്ഷെ വേണ്ട. അയാളുടെ പ്രതികരണമെന്താണെന്ന് എങ്ങനെ പ്രവചിക്കും.സ്വരം താഴ്ത്തിയാണെങ്കിലും നേരത്തെപ്പോലെ ഒരു ക്രോസ് വിസ്താരത്തിലെന്നോണം അയാൾ ജ്വലിച്ചു. “നിങ്ങൾ എണീറ്റു പോകുന്നുണ്ടോ എന്‍റെ മുമ്പിൽ നിന്ന്, അവിടെതന്നെയിരുന്ന് നിങ്ങൾ എന്നെ പ്രാന്തുപിടിപ്പിക്കും.” എന്തായിരിക്കാം അയാൾ ഉദ്ദേശിക്കുന്നത്. ഒരു പുരുഷനെ മത്ത് പിടിപ്പിക്കേണ്ട സൌന്ദര്യമൊന്നും എനിക്കില്ല. ഒരു പക്ഷെ ഭാര്യയെക്കുറിച്ചുള്ള   ചിന്തകൾ അയാളുടെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടാകും. നാട്ടിലെത്തിയാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനല്ലാതെ ഇവിടെ നിന്ന് അനങ്ങുന്ന പ്രശ്നമില്ല എന്ന് ഞാനും തീരുമാനിച്ചു. അയാളുടെ കണ്ണിലെ തീപ്പൊരി എന്നെ വിഴുങ്ങാൻ ശ്രമിക്കുന്നതും ഞാൻ അറിഞ്ഞു. ഭാഗ്യത്തിന് കുറേ വിദ്യാർത്ഥികൾ വന്നു ചേർന്നു. പാട്ടു പാടിക്കൊണ്ട് കൈനീട്ടുന്ന യാചകനും, കൊട്ടനിറയെ മധുര നാരങ്ങയുമായി വന്ന ആളും കച്ചവടം പൊടിപൊടിച്ചു. യാചകൻ തനിക്ക് ഒരു ഭീഷണിയാണെന്ന് നാരങ്ങക്കാരൻ കരുതിക്കാണുമോ. ചില്ലറകൾ മുഴുവൻ യാചകൻ ആകർഷിച്ചെടുത്താൽ തന്‍റെ കച്ചവടം മോശമാകുമെന്ന് അയാൾക്ക് മനസ്സിലായി. വിദ്യാർത്ഥികൾ നാരങ്ങക്കാരനെ നോക്കി എന്തോ അടക്കം പറഞ്ഞ് കണ്ണുകളിൽ നിറയെ കുസൃതിയുമായി ചിരിച്ചു. അയാളുടെ വെപ്രാളം പിടിച്ച ചലനങ്ങൾ അവരെ കൂടുതൽ രസിപ്പിച്ചു. അയാൾക്ക് ഏതോ പിടികിട്ടാ പുള്ളിയുടെ മുഖഛായ ഉണ്ടെന്നായിരിക്കണം അവർ പറഞ്ഞത്.

ഇതിനിടെ കൊച്ചിന്‍റെ അച്ഛൻ ഉറക്കം തൂങ്ങാൻ തുടങ്ങി. വണ്ടി നിന്നപ്പോൾ അയാളുടെ ഉറക്കവും അവസാനിച്ചു. തുണിസഞ്ചിയിൽ നിന്ന് വെള്ള പാത്രം പുറത്തേക്കെടുത്ത അയാൾ നിരാശയോടെ അത് കമിഴ്ത്തികാണിച്ചു. അത് ഒരു വലിയ സ്റ്റേഷനായിരുന്നു. മാങ്ങാട്ടച്ചൻ ശ്രീ ഭഗവതിയെ കുടിയിരുത്തിയ കച്ചവടസ്ഥലമുള്ള വൻ നഗരം. അവിടെ വണ്ടി കുറേ സമയം നിൽക്കും. തോലിലെ സഞ്ചിയിൽ നിന്ന് പാൽകുപ്പിയും ഒരു ടർക്കി ടവ്വലും പുറത്തെടുത്തു വച്ച് അയാൾ വെള്ളത്തിനായി എഴുന്നേറ്റു പോകുമ്പോൾ എന്നെ നോക്കി കുട്ടിയുടെ നേരെ കൈചൂണ്ടി. അറിയാതെ ഞാൻ തലയാട്ടി. വെള്ളം വരട്ടെ, എനിക്കും ദാഹിക്കുന്നുണ്ടായിരുന്നു. അയാൾ വെള്ളമെടുക്കുന്നത് ഞാൻ ഇരുന്ന സ്ഥലത്തുനിന്ന് കാണാമായിരുന്നു. ഒരിക്കൽ നിറച്ച വെള്ളം കൊണ്ട് അയാൾ മുഖം വൃത്തിയായി കഴുകി, രണ്ടാമതും അയാൾ കുപ്പിനിറച്ചു. ഇത്തവണ അയാൾ ഷർട്ടിന്‍റെ കോളർ പൊക്കി അതിനിടയിൽ നിന്ന് ടവലെടുത്ത് അത് നനച്ചു കഴുത്തും കൈയ്യുമൊക്കെ തുടച്ചു. അയാളുടെ സ്വരം കേൾക്കാൻ കഴിയുന്നില്ലെങ്കിലും അയാൾ ഒരു പാട്ടു പാടുന്നുണ്ടാവുമെന്ന് എനിക്ക് തോന്നി. ശുദ്ധജലത്തിന്‍റെ കുളിർമ. അയാൾ മൂന്നാമതും കുപ്പിയിൽ വെള്ളമെടുക്കാൻ തുടങ്ങിയപ്പോൾ എന്‍റെ മനസ്സു നിറയെ അങ്കലാപ്പായിരുന്നു. അയാളുടെ കുപ്പിയിൽ വെള്ളം നിറയും മുമ്പേ വണ്ടി വിടുമെന്നും, എന്‍റെ കൊച്ചിന് അച്ഛൻ നഷ്ടപ്പെടുമെന്നും എന്‍റെ മനസ്സിൽ ഭീതി തോന്നി. പതിവ്രതയായ എന്‍റെ മനസ്സ് ഒരു നിമിഷം കാടുകയറി. ഞാനും എന്‍റെ കൊച്ചും കൊച്ചിന്‍റെ അച്ഛനായി അയാളും എന്‍റെ മനസ്സിനുള്ളിൽ എവിടെയോ ഒരു പടം ഞാൻ കണ്ടു. ഛേ, അയാൾ വന്നാൽ എന്ത്, വന്നില്ലെങ്കിൽ എന്ത്. തനിക്ക് ഇറങ്ങേണ്ടിടത്ത് അയാൾ ഇറങ്ങും. എനിക്ക് ഇറങ്ങേണ്ടിടത്ത് ഞാനും. ആദ്യമിറങ്ങിപ്പോകുന്ന ആളുടെ കൂടെ ഈ നൈമിഷികബന്ധവും അവസാനിക്കണം. അതിൽ കൂടുതൽ ഒന്നുമില്ല, ഇല്ലേ ഇല്ല. ഇല്ല. തീർച്ചയായും ഇല്ല. മനശാസ്ത്രപരമായ സമീപനം ആവശ്യമായ ഒരു പ്രശ്നം, ചോദ്യം ഉത്തരം വീണ്ടും ഇല്ല. എന്നു തന്നെ. എന്നു തന്നെയാണോ ഉള്ളിന്‍റെ ഉള്ളിൽ വടംവലികൾ നടന്നുകൊണ്ടിരിക്കെ ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അയാൾ വന്നില്ല. അയാളുടെ നിറം പോലും കാണാനുണ്ടായിരുന്നില്ല.

ഒരു ഷൂട്ടിങ്ങിന്‍റെ ഓർമ്മയ്ക്ക്

പ്രാതലിന്‍റെ വക കാസറോളിലിരുന്നു തണുക്കുന്നോ എന്ന ശങ്ക തുടങ്ങിയപ്പോഴാണ് പൂമുഖവാതിലിൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കളായി പ്രത്യക്ഷപ്പെടാമെന്ന് ഞാൻ കരുതിയത്. പക്ഷെ പടികടക്കും മുമ്പുതന്നെ ഞാൻ അറിഞ്ഞു; പൂമുഖത്തും പുറത്തും പറമ്പിലും സൂചി കുത്താൻ ഒഴിവില്ലാത്ത മാതിരി പുരുഷാരം. എല്ലാവരും പടിഞ്ഞാറോട്ടു നോക്കി നിൽപ്പാണ്. ആകാംക്ഷഭരിതമായ ആ നിൽപ്പ് എന്നിലും ആകാംക്ഷ പകർന്നു. അകത്തുവന്ന് ജാലകത്തിലൂടെ നോക്കിയപ്പോഴാണ് ചിത്രം മുഴുവനായി കണ്ടത്. എതിർവശത്ത് താമസിക്കുന്ന മി. അയ്യരുടെ വീട്ടുവളപ്പിലും മതിലിനു മുകളിലും നിരത്തു മുഴുവനും ജനങ്ങൾ.

ഭഗവാനേ! ഞാൻ തലയിൽ കൈവെച്ചുപോയി. അയ്യർക്കെന്തോ സംഭവിച്ചു. നല്ലൊരു മനുഷ്യനായിരുന്നു. അല്പം തൂക്കക്കൂടുതൽ ഉള്ളതുകാരണം ഓട്ടോറിക്ഷാ ഡ്രൈവർമാർ ഒഴിഞ്ഞുമാറും എന്നതല്ലാതെ വേറെ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ഒരു നിഷ്കളങ്കൻ. തമിളു പേശുന്ന അയ്യരുടെ ഭാര്യ മലയാളിയാണ്. സ്നേഹവും ഔദാര്യവും ഉള്ള ആ സ്ത്രീ ഇനി മുതൽ …….

ചിന്തകൾ അവിടെ എത്തിയപ്പോഴാണ് ആ തിരക്കിനിടയിലൂടെ “ജനായിര”ങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് ഒരു വെള്ള ബെൻസ് കാർ അയ്യരുടെ വീട്ടിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ച വ്യക്തി വന്നതുപോലെ ജനം ഒന്നിളകി.

“ഹേയ് ഇത് മരിച്ചതൊന്നുമല്ല. മറ്റെന്തോ ആണ്. എന്തായിരിക്കാം?” പൂമുഖത്തേക്ക് ഒന്നുകൂടി എത്തി നോക്കിയ ഞാൻ എന്‍റെ നല്ല പാതിയെ കണ്ണും കലാശവും കാട്ടി അകത്തേക്കു വിളിച്ചു.

“എന്താ, എന്താ സംഭവം?”

“അയ്യരുടെ വീട്ടിൽ സിനിമ ഷൂട്ടിംഗ് നടക്കാൻ പോകുന്നു.”

അടക്കാനാവാത്ത ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു.

“ആരൊക്കെ വരും?”

“നടികൾ തമിഴത്തികളാണ്. നടന്മാർ നരേന്ദ്രപ്രസാദ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവർ.”

സമയം ഇഴഞ്ഞു നീങ്ങുന്നു. കുറേക്കഴിഞ്ഞപ്പോൾ മനോഹരൻ ഓടിക്കിതച്ചു വന്നു. “ചേച്ചി, അവിടെ ഷൂട്ടിങ്ങിന് എന്തൊക്കെയോ സാധനങ്ങൾ വേണം. പ്ലീസ് ചേച്ചി, സഹായിക്കണം.”

മനോഹരൻ ഒന്നുരണ്ട് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. നല്ല സഹായങ്ങൾ ചെയ്തുകൊടുത്താൽ ഇതിലും ചാൻസ് കിട്ടും. തീർച്ചയാണ്.

“സിനിമാക്കാർക്ക് കൊടുക്കുന്ന സാധനങ്ങൾ തിരിച്ചുകിട്ടുമോ മനോഹരാ?”

“കിട്ടിയില്ലെങ്കിൽ പോട്ടെ. ചേച്ചിയുടെ ബെഡ്ഷീറ്റ് നാലാള് കാണട്ടെ.”

ലേഡീസ് ഹോസ്റ്റലിലെ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ കിടക്കയിൽ വിരിക്കാൻ ഒരേ മാതിരിയുള്ള രണ്ടു വിരികൾ വേണം. കുട്ടികൾ പണ്ടെപ്പോഴോ ശേഖരിച്ചുവെച്ചിട്ടുള്ള സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും പടങ്ങളും മറ്റെന്തൊക്കെയോ ഒരു വലിയ ബാഗിൽ പെറുക്കിയിട്ടുകൊണ്ട് മനോഹരൻ പോയി.

പെട്ടെന്നാണ് മഴ ചാറാൻ തുടങ്ങിയത്. മതിലിനരികിൽ ചെടികൾക്കിടയിൽ നിന്നിരുന്ന എന്‍റെ മകൾ മിനി കുട്ടിയേയും എടുത്ത് അകത്തേക്ക് വന്ന് ഭംഗിയുള്ള ഒരു വർണ്ണക്കുടയുമായി തിരിച്ചുപോയി. കുടയുടെ ഭംഗി കണ്ടിട്ടായിരിക്കണം, മനോഹരൻ വീണ്ടും ഓടി വന്നു. നായികയ്ക്ക് “ഗേറ്റ് മുതൽ ഹോസ്റ്റൽ വരെ” ചൂടി നടക്കാൻ ആ കുട വേണം. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അതും കൊടുത്തു. സിനിമ ഓടാൻ തുടങ്ങിയാൽ നാട്ടുകാർ പറയുമല്ലോ അത് ഇന്നയാളുടെ കുടയാണെന്ന്.

നടന്മാരുടെയോ നടിമാരുടെയോ വിദൂരവീക്ഷണം പോലും സാധ്യമല്ലെന്നത് സുവ്യക്തമായിട്ടും മഴ ചാറുന്നത് അറിയാതെ പൊതുജനം നിൽക്കുന്നത് കണ്ടപ്പോൾ അടുത്ത ജന്മത്തില്ലെങ്കിലും ഒരു സിനിമാതാരം ആകണേയെന്ന് ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയി. ഭക്ഷണം പോലും ഉപേക്ഷിച്ചാണ് പലരും നിൽക്കുന്നത്. മഹാത്ഭുതം.

ഉച്ചതിരിഞ്ഞ് വീണ്ടും മനോഹരൻ വന്നപ്പോൾ ഞാൻ ചോദിച്ചു. “എവിടെ വരെയായി? ഒന്നു കാണാൻ…..”

“ഇന്നുരാത്രി പതിനൊന്ന് മണിക്ക് ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നുണ്ട്. സ്വകാര്യമാക്കി വെച്ചിരിക്കയാണ്.ചേച്ചി വന്നോള്ളൂ.”

സീരിയലുകൾ കഴിഞ്ഞ്, അത്താഴം കഴിഞ്ഞ് സാധിച്ചെങ്കിൽ പോവാം.

സമയത്തിന് സീരിയലുകൾ കണ്ടില്ലെങ്കിൽ രാവുകൾ നിദ്രാവിഹീനങ്ങളാകും, നായിക മരിച്ചോ, നായകൻ വിവാഹം കഴിച്ചോ. വില്ലൻ പോലീസ് പിടിയിലായോ. എന്നൊക്കെ അറിയാൻ വേണ്ടി മാത്രം ദൂരെയുള്ള ബന്ധുക്കളുമായി ഭാഷണം നടത്തിയാൽ ടെല്ലിഫോൺ ബില്ലു വരുമ്പോൾ ഷോക്കടിക്കും.

സീരിയലിനും അത്താഴത്തിനും ഇടയിലുള്ള വേളയിൽ അയ്യരുടെ വീട്ടിലേക്ക് നോക്കിയപ്പോൾ കണ്ടകാഴ്ച്ച – വളരെ വേഗതയിൽ വന്ന ഒരു കാർ അയ്യരുടെ മുറ്റത്ത് നിൽക്കുന്നു. അതിന്‍റെ ഡോർ അടയുന്ന ശബ്ദം കേട്ട് ആ പ്രദേശം മുഴുവൻ ഞെട്ടിത്തരിച്ചു. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മനുഷ്യൻ സിനിമാതാരങ്ങളുടെ ബാഗും മറ്റും ഓരോന്നായി പുറത്തേക്ക് വലിച്ചെറിഞ്ഞു. കഷ്ടം! പോയിരുന്നെങ്കിൽ എല്ലാം കാണാമായിരുന്നു. പക്ഷെ തമിഴു ഭാഷയിലെ തെറി വിളികൾ കൊണ്ട് അന്തരീക്ഷം കലുഷിതമാവാൻ തുടങ്ങിയപ്പോൾ പോവാതിരുന്നത് നന്നായി എന്നും ചിന്തിച്ചു.

നിമിഷങ്ങൾക്കകം വർണ്ണക്കുടയുമായി ഓടിവന്ന മനോഹരൻ കിതയ്ക്കുന്നുണ്ടായിരുന്നു. ശ്വാസം വിടാതെ അവൻ പറഞ്ഞു. “ചേച്ചീ രാത്രി വരണ്ട കേട്ടോ. ഷൂട്ടിങ്ങ് നടക്കുമെന്ന് തോന്നുന്നില്ല. വീട്ടിൽവെച്ച് പടം പിടിക്കാൻ സമ്മതിച്ചതിന് അയ്യരുടെ മകൻ ദേഷ്യത്തിലാ. നടൻമാരും നടികളും പോവാനിറങ്ങുകയാണ്.”

ശ്വാസം വിട്ട് സമാധാനമായി മനോഹരൻ തുടർന്നു. “ചേച്ചിക്ക് ഒരു രസം കേൾക്കണോ. ഊണുകഴിഞ്ഞ് തയ്യാറായിരുന്ന കേമറക്കാരൻ അയ്യരുടെ മകൻ കാറിൽ വന്ന് ഇറങ്ങിയതു മുതൽ എല്ലാം ഫിലിമിലാക്കി. അയാളെക്കണ്ട് ഏതോ സിനിമാതാരമാണെന്ന് കരുതിയത്രെ. കേമറക്കാരനാണെങ്കിൽ തമിഴ് അറിയുകയുമില്ല.”

ആരോ പറഞ്ഞതുപോലെ എല്ലാം ഒരു പടം.

പാഞ്ചാലിയുടെ കത്തിവേഷം

മേൽപ്പറമ്പിൽ കൃഷ്ണൻനായരുടെ നഗരമദ്ധ്യത്തിലുള്ള ബംഗ്ലാവിന്‍റെ സ്വീകരണമുറിയിൽ നിന്ന് കലാമണ്ഡലം ഹൈദരാലിയുടെ കഥകളിപ്പദങ്ങൾ ഉയർന്നു കേൾക്കാൻ തുടങ്ങി. പാട്ടുമാത്രമല്ല, ആട്ടവുമുണ്ട്. കീചകവധമാണെന്ന് തോന്നുന്നു. പൂജാമുറിയിലിരുന്ന് ചെവിപൊത്താനാണ് തോന്നിയത്. സത്യഭാമ മുമ്പും എത്രയോ തവണ കണ്ടതാണ്, കേട്ടതാണ്. എന്നാലും കൊട്ടുമുറുകുമ്പോൾ കൃഷ്ണൻനായർ വിളിക്കാൻ തുടങ്ങും. “സത്യേ, സത്യേ.” ഹർത്താൽ പ്രമാണിച്ച് എല്ലാവരും വീട്ടിലുള്ള ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാമെന്ന് സ്വപ്നം കണ്ടതൊക്കെ വെറുതെയായി.

വീണ്ടും വിളികേട്ടു. “സത്യേ.” എന്താണിതിലൊരു പുതുമ. കീചകൻ, സഹോദരി, പാഞ്ചാലി, ശ്രൃംഗാരം, എയർ ഇന്ത്യയിലെ രാജാവിന്‍റെ വേഷത്തെ അനുസ്മരിപ്പിക്കുന്ന മീശക്കാരൻ ഭീമസേനൻ. കഥകളിയുടെ തിരശ്ശീല മൂടിപ്പുതച്ചുകൊണ്ടുള്ള ഭീമസേനന്‍റെ കിടപ്പ്. എത്ര തവണ കണ്ടാലും പുതുമ മാറാതെ ഇരിക്കുന്ന രംഗങ്ങളാണ് കലാമണ്ഡലം കൃഷ്ണൻനായരും കോട്ടക്കൽ ശിവരാമനും അവതരിപ്പിക്കുന്ന കീചകനും പാഞ്ചാലിയും ചേർന്നുള്ളത്. ഭർത്താവിനെ പിണക്കാതെ കുറച്ച് സമയം കണ്ടിരിക്കാം എന്ന് സത്യഭാമ തീരുമാനിച്ചു.

കീചകൻ മാലിനിക്കുവേണ്ടി കിടക്ക വിരിച്ചു. പനിനീർ കുടഞ്ഞു. തനിക്കും അവൾക്കും. കൃഷ്ണൻനായർ ഇത്തവണ പാഞ്ചാലിയുടെ അഭിനയത്തിൽ സൌന്ദര്യത്തിൽ, പാതിവൃതൃത്തിൽ അതിശയിച്ചുപോയി. കീചകനോട് അയാൾക്ക് അൽപ്പം നീരസം തോന്നി. ശപ്പൻ, സുന്ദരിയായ പാഞ്ചാലി(മാലിനി) പാത്രവുമായി എത്തിയിട്ടും അവൾ കൊട്ടാരത്തിൽ ദാസിയായിരുന്നിട്ടും നിന്നെ ഞാൻ ആലിംഗനം ചെയ്തോട്ടെ. ഒരിക്കൽ , ഒരിക്കൽ മാത്രം എന്ന് പറയാൻ നിൽക്കണോ. കിട്ടിയ സൌകര്യത്തിന് പ്രവർത്തിച്ച് കാണിക്കുകയല്ലാതെ, വെറുതെ ഡയലോഗ് ഫിറ്റ് ചെയ്യണോ.

വള്ളി നിക്കറിട്ട് നടക്കുന്ന കാലം മുതൽ പാഞ്ചാലി അയാൾക്ക് ഒരു അതിശയമായിരുന്നു. അഞ്ചു ഭർത്താക്കന്മാരുള്ള ദ്രൌപതി. കുറച്ചുകൂടി വളർന്ന് അച്ഛന്‍റെ കൂടെ ദന്തവൈദ്യന്‍റെ അടുത്തു പോയപ്പോൾ അവിടെ തൂക്കിയ ബോർഡ് ശ്രദ്ധിച്ചുനോക്കിയ കൃഷ്ണൻ വായിച്ചു. “ഡോക്ടർ ഈസ് ഇൻ പ്ലീസ് ബി സീറ്റഡ്.” അന്ന് ആ കൌമാരക്കാരന് തോന്നി അഞ്ചു ഭർത്താക്കന്മാരുടെയും പേരെഴുതിയ  ബോർഡുകൾ പാഞ്ചാലിയുടെ മുറിയിൽ വേറെ വേറെ സൂക്ഷിക്കുന്നുണ്ടാവും. സൌകര്യത്തിന് എടുത്ത് പുറത്ത് തൂക്കാൻ. പല്ലുവേദന പോലും മറന്ന് അന്ന് അവൻ കുറെ ഏറെനേരം ചിരിച്ചു. ഒന്നും മനസ്സിലാവാതെ അച്ഛൻ മിഴിച്ചുനിന്നു.

കീചകന്‍റെ പിടിയിൽ നിന്ന് വഴുതിപ്പോയ പാഞ്ചാലി ഭീമസേനനോട് സങ്കടം പറഞ്ഞു. ഒരു മൽപ്പിടിത്തമാണ്. അടുത്ത രംഗം. ഒരാനയുടെ ബലവും നൂറ് ആനകളുടെ ബലവും തമ്മിലുള്ള ബലപരീക്ഷണം. കൃഷ്ണൻനായർക്ക് പാഞ്ചാലിയെ വീണ്ടും കാണാൻ തോന്നി. ഒന്ന് റിവൈൻഡ് ചെയ്താലോ.

പുറത്ത് ആരോ കോളിങ്ങ്ബെൽ അടിച്ചു. കൃഷ്ണൻ നായർ പോയി വാതിൽ തുറന്നു. ഒരു ഡസനിലധികം ആൾക്കാർ. കൂട്ടത്തിൽ കഥകളി വേഷവുമുണ്ട്. വാലുള്ള ഹനുമാൻ, അതി സുന്ദരിയായ ഒരു സ്ത്രീവേഷം. സീതയാണോ അതോ സാക്ഷാൽ ദ്രൌപതിയാണോ. താൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സെല്ലുലോയിഡിന് ജീവൻവെച്ചതുപോലെയുണ്ട്.

നഗരത്തിൽ ഈയിടെയായി ഇങ്ങനെ ഒരു പുതിയ സമ്പ്രദായം തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരും സംഭാവനയ്ക്കിറങ്ങുന്നത് അവരവരുടെ സാങ്കേതികത്തനിമയോടെയാണ്. കഴിഞ്ഞ ആഴ്ച ഒരു ദിവസം കട പൂട്ടി വീട്ടിലേക്കിറങ്ങുമ്പോൾ ട്രാഫിക് വളയത്തിനു ചുറ്റുമായി ഹോക്കിസ്റ്റിക്കും, ഫുട്ബോളും ഒക്കെയായി പലതരം കളിക്കാർ പ്രകടനം നടത്തുന്നുണ്ടായിരുന്നു. സ്റ്റേഡിയം നിർമ്മാണം നീണ്ടുപോകുന്നതിന്‍റെ പ്രതിഷേധമായിരുന്നു അത്. ഏതായാലും കാണാൻ രസമായിരുന്നു.

കൃഷ്ണൻ നായർക്ക് പുറത്തുനിൽക്കുന്ന വരെ മനസ്സിലായി. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ള കലാമന്ദിരത്തിന്‍റെ അണിയറ ശിൽപ്പികളാണ്. അവരുടെ വരവ് അയാൾക്ക് ഹൃദൃമായി. നല്ല ഒരു സംഖ്യ സംഭാവന കൊടുക്കണം. പണി തീർന്നാൽ ഇടയ്ക്കൊക്കെ കഥകളി ലൈവ് ആയി കാണാമല്ലോ.

പെട്ടെന്നാണ് കൃഷ്ണൻനായർ ഓർത്തത് അവരൊന്നും പറഞ്ഞില്ലല്ലൊ. താനൊന്നും ചോദിച്ചുമില്ല. കൂട്ടത്തിൽ കുചേലബ്രാഹ്മണനുമുണ്ട്. പറയാതെത്തന്നെ കൃഷ്ണൻ മനസ്സിലാക്കും എന്നായിരിക്കും.

കൃഷ്ണൻനായർ സ്ത്രീവേഷത്തെ ഒരിക്കൽ കൂടി നോക്കി. അവൾ സങ്കടത്തോടെ നിൽക്കുകയാണ്. ‘ദാസ്യം സമസ്തജനഹാസ്യം’ എന്ന് കരുതിയ അതേ പാഞ്ചാലി. ഈ കീചകന്മാരിൽ നിന്ന്തന്നെ രക്ഷിക്കണേ എന്നാണോ ആ നോട്ടത്തിന്‍റെ അർത്ഥം.

അയാൾ മുറിക്കുള്ളിലേക്ക് കടന്ന് സ്ത്രീവേഷത്തെ കണ്ണുകൊണ്ട് വിളിച്ചു. അവൾ അയാൾക്ക് പിന്നാലെ നടന്നു. അവരിപ്പോൾ കൃഷ്ണൻനായരുടെ കിടപ്പുമുറിയിലാണ്. അയാൾ മനസ്സിൽ പറയുകയായിരുന്നു. മറ്റൊരു കീചകനാവാൻ ഞാൻ തയ്യാറല്ല. പാഞ്ചാലിയെ കയ്യിൽ കിട്ടിയിട്ടും വെറുതെ വിട്ട വിഡ്ഢി. പനിനീർ തളിക്കാത്ത മെത്തമേൽ അയാൾ ഇരുന്നു. സ്ത്രീവേഷത്തെ അരികിലിരുത്തി. ഇനി കീചകനെപ്പോലെ ആലിംഗനം ചെയ്തോട്ടെ എന്ന് ചോദിക്കാനൊന്നും വയ്യ. കീചകാസ്റ്റൈലിൽ ഉടുമുണ്ടിൽ കൈതുടച്ച് കൃഷ്ണൻനായർ നോക്കുമ്പോൾ സ്ത്രീവേഷം മുത്തുമാലകൾക്കിടയിൽ അരഞ്ഞാണത്തിന്‍റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന തിളങ്ങുന്ന വായ്ത്തലയുള്ള ഒരു കത്തി വലിച്ചെടുക്കുകയായിരുന്നു. കള്ളനേയും കത്തിയേയും ഒരുപോലെ പേടിയുള്ള കൃഷ്ണൻനായർ തൊണ്ടയോളം എത്തിയ കരച്ചിൽ അടക്കി കിടപ്പുമുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

സത്യഭാമ അപ്പോഴും പൂജാമുറിയിലിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലുകയായിരുന്നു.

അവസാനത്തെ തെറിവിളി

ഡോ. വനിത ബി. എ. എം. എസ് തന്‍റെ ക്ലിനിക്കിന്‍റെ മുമ്പിലെ വരാന്തയിൽ നിന്ന് എണ്ണ കാച്ചാനും കഷായമുണ്ടാക്കാനുമുള്ള മരുന്നുകൾ അളന്നും തൂക്കിയും കൊടുക്കുന്നതിനിടയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് തലയുയർത്തിനോക്കി. തല നിറയെ വെളുത്ത മുടിയും മുഖം നിറയെ പുഞ്ചിരിയുമായി അരുന്ധതി തമ്പുരാട്ടി ആയിരുന്നു അത്. ഡോക്ടർ അവരെ സ്വീകരിക്കാൻ തിടുക്കപ്പെട്ട് പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ തമ്പുരാട്ടി പറഞ്ഞു. “കുട്ടി ചെയ്യുന്നത് മുഴുവനാക്കിയിട്ട് വന്നാൽ മതി ഞാൻ അകത്തിരിക്കാം.” മനസ്സും തലയും കുനിഞ്ഞു പോകുന്ന ഔദാര്യം.

കോവിലകത്തെ മുറ്റത്ത് രണ്ടോ മൂന്നോ കാറുകൾ ഉണ്ടാകും. പക്ഷെ തമ്പുരാട്ടിക്ക് പഥ്യം ഓട്ടോറിക്ഷയാണ്. മൊബൈലിൽ രണ്ടുമൂന്നു ഓട്ടോറിക്ഷക്കാരുടെ നമ്പറുമുണ്ട്. തമ്പുരാട്ടിക്ക് ഈയിടെയായി വാതത്തിന്‍റെ അസ്കൃത ബാധിച്ചപ്പോൾ വനിതയുടെ ചികിത്സയായിരുന്നു. കൈവേദന സഹിക്കാൻ വയ്യാതാവുമ്പോൾ തമ്പുരാട്ടി വനിതയെ വിളിക്കും “ഒരു പെയിൻകില്ലർ കഴിക്കാം അല്ലേ.?” വനിത മറുത്തൊന്നും പറയാറില്ല. ഒരുപാട് സഹനശക്തിയുള്ള തമ്പുരാട്ടി പെയിൻകില്ലർ കഴിക്കട്ടെ. പിന്നെ എന്തുചെയ്യും. ഒരു ദിവസം രണ്ടാൾ താങ്ങിപിടിച്ച് തമ്പുരാട്ടിയെ കൊണ്ടുവന്നു. “ഉഴിച്ചിലോ തടവലോ എന്താച്ചാൽ തുടങ്ങിക്കോളൂ കുട്ടി. എനിക്ക് മരിക്കുന്നത് വരെ എണീറ്റ് നടക്കണം. മരണം അനായാസവുമായിരിക്കണം.” പതിനാല് ദിവസത്തെ തടവൽ കൊണ്ട് തമ്പുരാട്ടിക്ക് പരസഹായമില്ലാതെ നടക്കാമെന്നായി. തടവാൻ സഹായിച്ച പെൺകുട്ടികൾക്കും തനിക്കും ഫീസിനു പുറമേ പാരിതോഷികങ്ങളും തന്നു.

പക്ഷെ തമ്പുരാട്ടി ഇപ്പോൾ വന്നത് എന്തിനായിരിക്കും. വനിതയെ അധികം ചിന്തിക്കാൻ വിടാതെ തമ്പുരാട്ടി പറഞ്ഞു. “അന്നു കുട്ടി പറഞ്ഞില്ലെ കുറച്ചു കൂടി കഷായം കുടിക്കണം എന്ന്. അതൊക്കെ ചോദിക്കാലോ എന്ന് വിചാരിച്ച് വന്നതാ.”

പരിചയപ്പെട്ട കാലം മുതൽ തമ്പുരാട്ടിയുമായി ഒരു ആത്മബന്ധം ആണ് വനിതക്ക്. ക്ലിനിക്കിൽ തിരക്കില്ലാത്ത സമയമാണെങ്കിൽ ലോകത്ത് ഏതു വിഷയത്തെക്കുറിച്ചും തമ്പുരാട്ടി സംസാരിക്കും. ബറാക്ക് ഒബാമയുടെ സ്ഥാനാരോഹണചടങ്ങ് തന്‍റെ പിറന്നാളായിട്ടായിരുന്നു എന്നു തുടങ്ങി മോഹൻലാലിന്‍റെ തമാശകളെക്കുറിച്ചുവരെ സംസാരിക്കും.

“നമ്മുടെ മോഹൻലാലിന്‍റെ ഒരു തമാശ. രാവിലെ പറയും ആത്മബന്ധത്തിന്‍റെ സ്വർണ്ണസ്പർശമുള്ള മലബാർ ഗോൾഡ് വാങ്ങാൻ. ഉച്ചയ്ക്ക് പറയും അതൊക്കെ മണപ്പുറത്ത് കൊണ്ടുവച്ച് പൈസയുണ്ടാക്കാൻ. വൈകുന്നേരമാകുമ്പോൾ ഒരു സ്മോൾ അടിക്കാനാണ് ആഹ്വാനം. അത് ആ കുട്ടിക്ക് വേണ്ടാത്ത പണിയായിപ്പോയി. ഖാദിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനമല്ലെ പോയത്.”

തമ്പുരാട്ടിക്ക് കഷായപ്പൊതി എടുത്ത് കൊടുക്കുന്നതിനിടയിൽ വനിത ചോദിച്ചു.

“കുഴമ്പ് തേക്കുന്നുണ്ടല്ലോ അല്ലേ.?”

“കുഴമ്പൊന്നും തേച്ചുകുളിക്കാൻ എനിക്ക് വയ്യ. കുളി ഇപ്പോ ഒരു കാട്ടികൂട്ടലാ. കയ്യും കാലും ഒന്നും വഴങ്ങാത്തപ്പോൾ എന്ത് കുളി.?”

പെട്ടെന്ന് തമ്പുരാട്ടി പറഞ്ഞു.
“കുട്ടിക്ക് ഇവിടെ ഒരു കുളിപ്പിക്കുന്ന ഏർപ്പാട് തുടങ്ങിക്കൂടെ.?”

എന്തോ അരുതാത്തത് കേട്ടപൊലെ വനിത ചോദിച്ചു.
“കുളിപ്പിക്യോ?”

“അതെ കുളിപ്പിക്കുന്ന കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്. ഇപ്പം ഏതെങ്കിലും ഒരു സ്ത്രീ മര്യാദയ്ക്ക് തേച്ചുകുളിക്കുന്നുണ്ടോ, ഇരുപത്തിനാല് നേരവും ടി. വിയുടെ മുന്നിലിരിക്കുന്നവരും പറയും കുളിക്കാൻ സമയമില്ലെന്ന്. കുറെ ഷാംപൂവും ബോഡിലോഷനും ഒക്കെയായി കുറെ പൈസ ചെലവാക്കും അത്രതന്നെ. വൃത്തിയായി കുളിച്ചാൽ തന്നെ ചർമ്മ രോഗങ്ങൾ കുറയും ദേഹത്തിന്‍റെ കനവും കുറഞ്ഞുകിട്ടും.”

കാര്യം ശരിയാണെന്നു തോന്നിയപ്പോൾ വനിത ചോദിച്ചു.

“അങ്ങനെ കുളിക്കാൻ ആരെങ്കിലും വര്വോ.”
“വരും തീർച്ച.”

“കുളിപ്പിക്കാൻ തയ്യാറായി നിങ്ങൾ നിൽക്കുമ്പോൾ കുളിക്കാൻ ആളുവരും. വേണമെങ്കിൽ ഒരു പബ്ലിസിറ്റിക്ക് വേണ്ടി എന്‍റെ പേര് വെച്ചോളൂ. ഒരു സ്ഥിരം കസ്റ്റമർ ആണ് എന്ന് പറയാം. ഈ നാട്ടിൽ എന്ത് വിത്തിട്ടാലും മുളയ്ക്കും. ഈ ക്ലിനിക്കാണെങ്കിൽ ദേവസ്ഥാനങ്ങളുടെ അടുത്തും. കുട്ടി ധൈര്യമായിട്ട് തുടങ്ങിക്കോളൂ. ഒരാഴ്ചയിൽ ഒരിക്കൽ ഞാൻ വരാം.”

തമ്പുരാട്ടി പോയിക്കഴിഞ്ഞ് സഹായികളുമായി ആലോചിച്ചപ്പോൾ അവർ ആ ആശയത്തെ സഹർഷം സ്വാഗതം ചെയ്തു.

രാത്രി തന്‍റെ മാനേജർ കൂടിയായ ഭർത്താവുമായി കൂടിയാലോചിച്ചപ്പോൾ അതിൽ കുറേ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് വനിതയ്ക്ക് ബോധ്യപ്പെട്ടു. മനോഹരൻ ആദ്യത്തെ താക്കീത് കൊടുത്തു. പുരുഷന്മാരെയൊന്നും അടുപ്പിച്ചേക്കരുത്. അതു വലിയ പ്രശ്നമാകും. ഇത് തടവൽ തുടങ്ങുമ്പോഴും നമ്മൾ പറഞ്ഞകാര്യമാ. വനിത തിരിച്ചടിച്ചു.
ചൂടുവെള്ളം, പച്ചവെള്ളം, എണ്ണ, കുഴമ്പ്, ഇരുന്നുകുളി, നിന്നുകുളി, കിടന്നുകുളി നേർത്ത ശബ്ദത്തിൽ പാട്ട് എല്ലാം ചർച്ച ചെയ്യപ്പെട്ടു. പിന്നെ എല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. സഹായികളിൽ രാജിയും ലതയും ഒന്ന് പരുങ്ങിയെങ്കിലും പിന്നെ പൂർണ്ണ മനസ്സോടെ ദൌത്യം ഏറ്റെടുത്തു. വൈകുന്നേരം ചിലപ്പോൾ കുറച്ച് വൈകും എന്ന പ്രശ്നം പരിഹരിച്ചത് വേണ്ടി വന്നാൽ വീട്ടിൽ കൊണ്ടുപോയി വിടാം എന്ന നിബന്ധനയോടെയായിരുന്നു. പക്ഷെ, രാജിക്ക് വൈകുന്നേരത്തെ പോക്ക് എത്ര വൈകിയാലും പ്രശ്നമല്ല. അവളുടെ കാമുകൻ, രാജിക്ക് എന്തോ ആ വാക്ക് ഇഷ്ടമല്ല, മനു എന്നവൾ സ്നേഹത്തോടെ വിളിക്കുന്ന മനോജ് അവളെ വീട് വരെ അനുഗമിക്കും. ആ ചെറിയ നടത്തം അവർക്ക് രണ്ടുപേർക്കും വളരെ സന്തോഷകരമായിരുന്നു.

വല്ലപ്പോഴും രാജി ചോദിക്കും. “അല്ല മനു നമ്മുടെ കല്ല്യാണക്കാര്യം.” അതിനുള്ള ഉത്തരം അവൻ ഒരിക്കൽ അവളോടു പറഞ്ഞിട്ടുണ്ട്. ഒരേയൊരു മകൻ അവൻ ആരെക്കൂട്ടി വന്നാലും മനുവിന്‍റെ അമ്മ സന്തോഷത്തോടെ സ്വീകരിക്കും. പ്രശ്നം അച്ഛനാണ് എന്നുപറഞ്ഞാൽ പുറത്തുപറയാൻ പറ്റാത്ത കാര്യമാണ്. ഒരു ഭാര്യയുടെ മുമ്പിൽ വെച്ച് അച്ഛന്‍റെ നാവിൽ നിന്ന് സ്ഥിരം തെറി വീണാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. രാജി പറയുന്നത് അവൾക്ക് അതൊന്നും പ്രശ്നമില്ലെന്നാണ്. ഇപ്പോൾ ഈ പ്രായത്തിൽ അച്ഛന്‍റെ സ്വഭാവം മാറ്റാൻ പറ്റുമോ. ഇല്ലായിരിക്കാം, അതിനൊരു ശാശ്വതപരിഹാരം കണ്ടിട്ടു മാത്രമേ എന്‍റെ കല്ല്യാണം നടക്കുകയുള്ളൂ. പക്ഷെ എങ്ങനെ, അതെ അതുതന്നെയാണ് ചോദ്യം എല്ലാ കൊല്ലവും ശബരിമലയ്ക്ക് പോകുന്ന തനിക്ക് അയ്യപ്പ സ്വാമി ഒരു വഴികാണിച്ചുതരാതിരിക്കില്ല. ക്ലിനിക്കിൽ പുതുതായി തുടങ്ങിയ കുളിപ്പിക്കൽ പരിപാടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അന്ന് അവർ നടന്നത്.

മനു പറഞ്ഞു. “നാളെ ഞാൻ വരാം. എത്ര മണിക്കാണ് നിന്‍റെ ഡ്യൂട്ടി.” രാജി പറഞ്ഞു. “അയ്യടാ ആണുങ്ങളെ അങ്ങോട്ട് കേറ്റില്ല.”

പക്ഷെ സംഭവം ഹിറ്റായി. വനിതയ്ക്ക് അടുത്ത മുറികൂടി വാടകയ്ക്ക് എടുക്കേണ്ടി വന്നു. ഇപ്പോൾ ഫോണിൽ ബുക്ക് ചെയ്താണ് സ്ത്രീകൾ കുളിക്കാൻ വരുന്നത്. ബുക്ക് ചെയ്യുമ്പോൾ തന്നെ പറയണം ഏതു തരം കുളി വേണമെന്ന്, നാടൻ കുളിവേണോ താളി കരുതണോ എന്നൊക്കെ.

മനു ചോദിച്ചു. “എന്നാലും പിറന്നപടി കുളിക്കാൻ ഇരിക്കാൻ നാണമാവില്ലെ പെണ്ണുങ്ങൾക്ക്.” രാജി പറഞ്ഞു. “എല്ലാം ഒരു പ്രാവശ്യം. തോക്കെടുത്ത് ഒരാളെ വെടി വെച്ചു കൊന്നാൽ പിന്നെ അതും ശീലമാകും.” ഇത്രയെ ഉള്ളൂ മനുഷ്യന്‍റെ കാര്യം. ഞാൻ തന്നെ ഉദാഹരണം, ആദ്യമൊക്കെ എന്തുപേടിയായിരുന്നു മനുവിന്‍റെ കൂടെ നടക്കാൻ. ഇപ്പോൾ അതും ഒരു പതിവായില്ലെ. മനു പതുക്കെ പാടി.

“മുട്ടിയുരുമ്മുമ്പോൾ ഇന്നുമെൻ നെഞ്ചിൽ പൊട്ടിവിടരുമെനിക്ക് നാണം.”

“അങ്ങനെ മുട്ടിയുരുമ്മുകയൊന്നും വേണ്ട. കുറെ വിട്ട് നടന്നാൽ മതി.”

അങ്ങനെയൊക്കെ പറഞ്ഞാലും രാജിയുടെ വീടിനുമുമ്പിലുള്ള വെളിച്ചമില്ലാത്ത കുണ്ടനിടവഴിയിൽ എത്തുമ്പോൾ അവൾ കൈനീട്ടും. അവൻ സ്നേഹത്തോടെ കൈ പിടിക്കും.
അയ്യപ്പഭജനമഠത്തിന്‍റെ കുളത്തിൽ മുങ്ങിക്കുളിക്കുന്നത് മനുവിന് വളരെ നിർബന്ധമാണ്. കുളത്തിൽ മുങ്ങിനിവർന്ന് സൂര്യനെ നോക്കി കൈകൂപ്പുമ്പോൾ, പ്രഭാതകിരണങ്ങൾ അവനു പുതിയ അറിവുകൾ സമ്മാനിക്കും. സ്റ്റുഡിയോയിൽ വരുത്തിയ എല്ലാ പരിഷ്ക്കാരങ്ങളുടെയും പ്രചോദനം ഈ മുങ്ങിനിവരലിൽ നിന്നാണ് അവന് കിട്ടിയത്.
കല്യാണം കഴിഞ്ഞിട്ട് വേണം സ്റ്റുഡിയോ ഒന്നു കൂടി മോടിപിടിപ്പിക്കാൻ. രാജിയുടെ മനോഹരമായ ഒരു ഫോട്ടോ ഉള്ളത് സ്റ്റുഡിയോയുടെ മുമ്പിൽ തൂക്കണം. വിവാഹ ഫോട്ടോ തന്നെ ആയാലോ. പക്ഷെ വിവാഹ ഫോട്ടോ തനിക്ക് എടുക്കാൻ പറ്റില്ലല്ലോ.
രാജിയുടെ ധർമ്മാധർമ്മ ചിന്തകളെക്കുറിച്ച് തികച്ചും ബോധവാനാണെങ്കിലും കുറെ ദിവസത്തെ ആലോചനകൾക്ക്ശേഷം മനു രാജിയോട് പറഞ്ഞു.

“നിനക്കൊരു താത്രിക്കുട്ടിയാവാൻ പറ്റുമോ.”

നടുറോഡിൽ നടത്തത്തിന് സഡൻ ബ്രേക്കിട്ട് അവൾ പറഞ്ഞു. “മനസ്സിലായില്ല.”

“മനസ്സിലാക്കിത്തരാം. പണ്ടു സ്മാർത്ത വിചാരത്തിനിരയായ അന്തർജനം താത്രിക്കുട്ടി ഒരു നോട്ടുബുക്കിൽ ഒരു കഷ്ണം പെൻസിൽ കൊണ്ട് തന്നെ സമീപിച്ച ആഢ്യബ്രാഹ്മണരുടെ സ്വകാര്യഭാഗത്തുള്ള അടയാളങ്ങൾ എഴുതിവെച്ചില്ലേ അതുപോലെ. അതുപോലെ നീ കുളിപ്പിക്കുന്ന സ്ര്തീകളിൽ ചിലരുടെയെങ്കിലും ദേഹത്തു വസ്ത്രം മറക്കുന്ന ഭാഗത്തുള്ള എന്തെങ്കിലും മറുകോ അടയാളമോ……”

“മനു എന്താ പറയുന്നത്, അതൊന്നും ശരിയാവില്ല. ഡോക്ടറാണെങ്കിൽ എത്തിക്സിന്‍റെ ആശാട്ടിയാണ്.”

ഇത് ചെറിയൊരു പരിപാടി മാത്രം. പുറമെ ആരും അറിയാൻ പോകുന്നില്ല. അച്ഛന്‍റെ വായ മൂടികെട്ടാനുള്ള ഒരു സൂത്രം.

ഒരുപാട് പ്രലോഭനങ്ങൾക്ക്ശേഷം രാജി കുറച്ച് അടയാളങ്ങളൊക്കെ പറഞ്ഞുകൊടുത്തു. എത്രയും വേഗം കല്യാണം നടത്തുക എന്നത് അവളുടെയും കൂടി ആവശ്യമാണല്ലോ. അതിനുവേണ്ടി ചെറിയൊരു വിട്ടുവീഴ്ച്ചയ്ക്ക് അവൾ തയ്യാറായി.

അടുത്ത ദിവസം പതിവുപോലെ അച്ഛന്‍റെ വായിൽ നിന്നും തെറിവാക്ക് വീഴുമ്പോൾ ഒരുപാട് സംയമനത്തോടെ അവൻ അച്ഛനെയും ഇതുവരെയുള്ള ജീവിതത്തിൽ അച്ഛൻ ചൊരിയാതിരുന്ന സ്നേഹവാത്സല്യങ്ങളേയും കുറിച്ച് ചിന്തിച്ചു. ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടടുത്തിരുന്ന വേലായുധൻ ഇടയ്ക്കൊക്കെ സങ്കടത്തോടെ പറയാറുണ്ടായിരുന്നത് അവൻ ഓർത്തു. “എന്‍റെ അച്ഛൻ ഇന്ന് എന്നെ കുരങ്ങാ എന്ന് വിളിച്ചു.”

“എന്നിട്ട്”,

“എന്നിട്ടെന്താ ഞാൻ കുറെ നേരം കരഞ്ഞു. അമ്മ വന്നു സമാധാനിപ്പിക്കുന്നത് വരെ ഞാൻ കരഞ്ഞു. അമ്മ പറഞ്ഞു. അച്ഛൻ പറഞ്ഞാൽ മോൻ കുരങ്ങാവോ, എന്‍റെ മോൻ സുന്ദരക്കുട്ടനല്ലേ..”

ശരിയായിരുന്നു. വേലായുധൻ ഒരു സുന്ദരക്കുട്ടനായിരുന്നു. വലത്തെ കണ്ണിൽ ചെറിയൊരു നുണക്കുഴി, ഇടതൂർന്ന പീലികളുള്ള കണ്ണുകൾ, കാച്ചിയെടുത്ത പൊന്നിന്‍റെ നിറവും.
അന്നൊക്കെ തോന്നിയത് അച്ഛൻ വിളിക്കുന്ന തെറിയുടെ അർത്ഥം ആൾകുരങ്ങെന്നോ മറ്റോ ആണെന്നാണ്. അമ്മയോട് പലതവണ ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല. കുറച്ചുകൂടി വലുതായപ്പോഴാണ് ആ വാക്കിന്‍റെ അർത്ഥം മനസ്സിലായത്. ഓരോ തവണ അച്ഛൻ അത് പറയുമ്പോഴും അച്ഛനോടുള്ള പക കൂടുകയായിരുന്നു. രാജിയുമായുള്ള സ്നേഹബന്ധം തുടങ്ങിയതോടെ ആ വിളി എന്നും മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. വീടുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് അവളേയും കൂട്ടി മാറിതാമസിച്ചാലോ എന്ന് പലതവണ ആലോചിച്ചതാണ്. പക്ഷെ അമ്മയുടെ കണ്ണീരുമായി കൂടിച്ചേർന്ന ഒരു ജീവിതം തനിക്ക് വേണ്ട. അവിടെത്തന്നെ താമസിച്ച് അച്ഛന് കാണിച്ചു കൊടുക്കണം, ഭാര്യയെ എത്രമാത്രം സ്നേഹിക്കാമെന്നും അച്ഛൻ ജീവിതത്തിൽ എന്തൊക്കെ മറന്നുപോയിട്ടുണ്ടെന്നും.
അച്ഛന്‍റെ തെറിവിളി ഇന്ന് അവസാനത്തേതായിരിക്കണം.ഇനി ആ നാവിൽ നിന്നും അത് പുറത്തുവരാൻ പാടില്ല.

“അച്ഛനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അച്ഛൻ എന്നെ വിളിക്കുന്ന വാക്കിന്‍റെ അർത്ഥം എനിക്ക് ഇപ്പോൾ അറിയാം. ഞാൻ അങ്ങിനെയല്ലെന്ന് തെളിയിക്കേണ്ടത് എന്‍റെ ആവശ്യമാണ്. എന്നാൽ അച്ഛൻ കേട്ടോളൂ. ഈ നാട്ടിൽ ഒരുവിധം സ്ത്രീകളുമായിട്ടൊക്കെ ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അച്ഛനു തെളിവു വേണോ. മിസ്സിസ്സ് നമ്പ്യാർക്ക് മാറിടത്തിന്‍റെ നടുക്കായി ഒരു കറുത്ത പാടുണ്ട്. സൂസി തോമസ്സിന് പൃഷ്ഠഭാഗത്ത് നിറയെ രോമങ്ങളുള്ള ഒരു തടിപ്പുണ്ട്. നീനാ രാജന് വലത്തെ തുടയിൽ പെയിന്‍റ് മറിഞ്ഞതു പോലുള്ള ഒരു അടയാളമുണ്ട്. രുഗ്മിണി നായരുടെ ഇടത്തെ കാൽമുട്ടിനു താഴെയുള്ള കുറച്ച് സ്ഥലം ഇറച്ചിയില്ലാതെ മെലിഞ്ഞിരിക്കുന്നു. സിനിമാനടി നളിനി നമ്പീശന്‍റെ മാറിടം ഇംപ്ലാന്‍റ് ചെയ്തതാണ്. അതുകൊണ്ടാണ് അവരെ കടിച്ച പാമ്പ് അപ്പോൾ തന്നെ ചത്തുപോയത്. സെക്സ് ബോംബ് പ്രീതി രാമചന്ദ്രന്‍റെ കയ്യിൽ ഒരു മുഴയുണ്ട്. അതുകൊണ്ടാണ് അവർ എപ്പോഴും വലിയ കൈയ്യുള്ള ബ്ലൌസ് ഇടുന്നത്.”

തുടർന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അടുക്കളയിൽ നിന്ന് ഓടിവന്ന അമ്മ മനുവിന്‍റെ കവിളിൽ ആഞ്ഞടിച്ചു. “ആരോടാണ് നീ സംസാരിക്കുന്നത് എന്ന് നിനക്കറിയാമോ?”

“അറിയാം പക്ഷെ ഇനിയും എനിക്ക് ആ വിളി കേൾക്കാൻ വയ്യ.”

ദേഷ്യം വന്നാൽ പതിവായി ചെയ്യുന്നതുപോലെ അച്ഛൻ കസേര നീക്കി എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങി. പോവുന്ന പോക്കിൽ അറിയാതെ വായിൽനിന്നു ഷ എന്നൊരക്ഷരം പുറത്തേക്ക് വന്നു. ബാക്കി അദ്ധേഹം വിഴുങ്ങി. ഒരു വിജിഗീഷുവിനെ പോലെ മനു ആ വാക്ക് മുഴുവൻ പറഞ്ഞു. “ഷണ്ഢൻ”

നൈനം ദഹതി പാവക:

“അല്‍മേലു” രാമനാഥയ്യരുടെ വിളി കേട്ടപ്പോള്‍ തന്നെ അലമേലു അമ്മാള്‍ക്ക് മനസ്സിലായി ഏതോ കുഴപ്പത്തിന്‍റെ തുടക്കമാണതെന്ന്‍. കഴിഞ്ഞ രണ്ടു വ്യഴവട്ടക്കാലത്തിലധികമായി തുടര്‍ന്നുവരുന്ന ദാമ്പത്യത്തിനിടയിൽ അയ്യർ അതുപോലെ സ്നേഹത്തോടെ അലമേലുവിനെ വിളിച്ചത് വളരെ കുറച്ചു തവണ മാത്രം. അലമേലു വ്യക്തമായി ഓര്‍ക്കുന്നു. ഏകമകള്‍, പാര്‍വതിക്ക്‌ വേണ്ടി സ്റ്റേറ്റ്സില്‍ ജോലി ചെയ്യുന്ന, കമ്പ്യൂട്ടര്‍ എഞ്ചിനീയറായ, മിടുക്കനായ ഒരു പയ്യനെ കണ്ടെത്തിയ വാര്‍ത്ത അറിയിക്കാൻ കാറിൽ നിന്നിറങ്ങുമ്പോൾ ത്തന്നെ രാമനാഥയ്യര്‍ വിളിച്ചു. ‘അല്‍മേലു’. പിന്നൊരിക്കല്‍… അലമേലുവിന് അതോര്‍ക്കുമ്പോൾത്തന്നെ നാണമാവുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന ഒരു മദ്ധ്യഹ്നത്തിലായിരുന്നു അത്. അലമേലു വിളികേള്‍ക്കാതിരുന്നത് അയ്യരെ കുറച്ചൊന്നുമല്ല ശുണ്ഠി പിടിപ്പിച്ചത്. ‘ഞാനൊരു സന്തോഷമായ കാര്യം പറയാന്‍ വിളിക്കുമ്പോൾ ഒരു റെസ്പോൺസും ഇല്ലാതെ നീയവിടെ എന്തുചെയ്യുകയാ? രംഗം വഷളാകേണ്ടെന്ന് കരുതി അലമേലു ഗ്യാസ് സ്റ്റൌവ് ഓഫാക്കി അടുക്കളയിലെ തോര്‍ത്തെടുത്ത് കൈ തുടച്ചു കൊണ്ട് സ്വീകരണമുറിയിലേക്ക്‌ വന്നു, അല്പം സന്തോഷം മുഖത്ത് വരുത്തികൊണ്ട്.

ടീപോയില്‍ സ്ഥാപിച്ച ബ്രീഫ്കേസ് തുറന്ന് രാമനാഥൻ ഒരു ക്ഷണക്കത്തെടുത്ത് പുറത്തുകാട്ടി. പാചകത്തിന്‍റെ ബാക്കിപത്രം മനസ്സിൽ കിടക്കുന്നതുകൊണ്ടാവാം അലമേലു അശ്രദ്ധമായി അതിലൂടെ ഒന്ന്‍ കണ്ണോടിച്ചു. രാമനാഥന്‍ അത് തിരിച്ചുവാങ്ങി. പരിപാടി അച്ചടിച്ചിരുന്ന ഭാഗത്ത് അവസാനത്തെ വരി തൊട്ടുകാണിച്ചുകൊണ്ട് ഭാര്യയോടു പറഞ്ഞു ‘നോക്ക്, മാസ്റ്റർ ഓഫ് സെറിമണീസ് – ലയണ്‍ ലേഡി മിസ്സിസ് അലമേലു. ആര്‍. അയ്യർ’.

അലമേലുവിന്‍റെ മനസിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണറും ഭാര്യയും വരുന്ന പരിപാടിയാണ്. നഗരത്തിലെ എല്ലാ സന്നദ്ധ സേവനസംഘടനകളിൽ നിന്നും സന്ദര്‍ശകരായി സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. നുണ പറയാനും ആഭരണങ്ങള്‍ കാണിക്കാനും തയ്യാറായി വരുന്ന കുറെ സ്ത്രീകൾ. ഭക്ഷണത്തിനും അതിന്‍റെ മുമ്പുള്ളതിനും ആര്‍ത്തിപിടിച്ചെത്തുന്ന കുറെ പുരുഷന്മാരും. വേദിയടക്കി പരിപാടികള്‍ പതിവായി നിയന്ത്രിക്കുന്ന വാഗ്മികൾ ക്ലബിന് സ്വന്തമായുണ്ടല്ലോ? പിന്നെ എന്തിനു അബലയായ പാവം അലമേലുവിനെ ദ്രോഹിക്കുന്നു? അലമേലുവിന്‍റെ ചിന്ത വായിച്ചെടുത്ത രാമനാഥൻ പറഞ്ഞു ‘എത്ര വിഷമിച്ചിട്ടാണെന്നോ, ഞാന്‍ ഇത് സംഘടിപ്പിച്ചത്? എന്നിട്ടും ഈ കാര്‍ഡ്‌ അച്ചടിച്ച്‌ വരുന്നത് വരെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. എങ്ങനെയിരിക്കണമെന്ന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. സദസ്സിനെ മുഴുവന്‍ കയ്യിലെടുക്കണം, മലയാളം ഒട്ടും പറയേണ്ട. എല്ലാം ഇംഗ്ലീഷില്‍ ആയിക്കോട്ടെ. അത്യാവശ്യം കുറച്ച് ഹിന്ദിയും പറഞ്ഞോളൂ. നിനക്ക് മലയാളം എഴുതാൻ പോലും അറിയില്ല എന്നാണ് ഞാൻ എല്ലാരോടും പറയാറ്, മലയാളം കണ്‍ട്രി ഭാഷ!’

അക്ഷമ മുഴുവന്‍ മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് അലമേലു ഭര്‍ത്താവിനെ നോക്കി. എനിക്ക് അടുക്കളയിൽ പണിയുണ്ട് എന്ന് പറയാതെ പറയും പോലെ, മറ്റുള്ളവരുടെ ചലനങ്ങൾ പൂര്‍ണ്ണമായി മനസിലാക്കാൻ കഴിയുമെങ്കിലും ലുബ്ധ് കൊണ്ടാണോ, മനസ്സിലെ ക്രൂരത കൊണ്ടാണോ അയ്യര്‍ ഒരിക്കലും അന്യരുടെ വികാരങ്ങളെ മനസിലാക്കിയതായി ഭാവിക്കാറില്ല. പക്ഷെ എന്തോ ഈ പ്രത്യേക അവസരത്തില്‍ അദ്ദേഹം ഭാര്യയോട് അരുളിചെയ്തു. ‘ആ പോ.. പോയിട്ട് വേഗം എല്ലാം റെഡിയാക്ക്.’ അലമേലു അടുക്കളയിലേക്ക് പോയപ്പോൾ രാമനാഥൻ അല്പം വിശ്രമിക്കാനെന്നോണം ടൈ ഊരിയെടുത്ത് ഷൂസ് അഴിച്ചുവെച്ച് സോഫയിൽ നിറഞ്ഞിരുന്ന് ടി. വി. യിലെ ചാനലുകൾ മാറ്റിയും മറിച്ചും നോക്കി. പക്ഷെ ലക്ഷങ്ങളുടെ ബിസിനസ്സിന്‍റെ കണക്ക് മനസ്സിലെ കമ്പ്യൂട്ടറിൽ തെളിയുന്നതുകൊണ്ടാവാം, അയ്യര്‍ക്ക് ഒരിക്കലും ടിവി പരിപാടികൾ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ കൈവരാറില്ല. വാര്‍ത്തകൾ കാണേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായതുകൊണ്ട് അതുമാത്രം അദ്ദേഹം സഹിക്കുന്നു. പക്ഷെ അന്ന് എന്തുകൊണ്ടോ അയ്യരുടെ മനസ്സിന്‍റെ കമ്പ്യൂട്ടറിൽ ലക്ഷങ്ങൾക്കൊപ്പം മറ്റു ചിലതുകൂടി  തെളിഞ്ഞുവന്നു – സ്വന്തം ജീവിതം.

രാമനാഥൻ സൺ ഓഫ്‌ ശങ്കരനാരായണയ്യർ ഇന്ന് അരലക്ഷത്തിന്‍റെ സോഫമേല്‍ സുഖിച്ചിരുന്ന്‍ ടി . വി. കാണുന്നുണ്ടെങ്കില്‍, അലമേലുവിന്‍റെ പാചക നൈപുണ്യം ആസ്വദിച്ചുകൊണ്ട് തൈരുകൂട്ടി ഊണു കഴിക്കുന്നുണ്ടെങ്കില്‍, അതുകഴിഞ്ഞ് ശീതോഷ്ണങ്ങള്‍ ക്രമീകരിച്ചു മുറിയിൽ സുഖമായി ഉറങ്ങുന്നുണ്ടെങ്കില്‍, എല്ലാം തന്‍റെ അദ്ധ്വാനം കൊണ്ടാണ്. അയ്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പറയും അലമേലു അമ്മാളുടെ ഭാഗ്യവും ഐശ്വര്യവും സൌമ്യശീലവും കൊണ്ടാണെന്ന്, പക്ഷെ അയ്യരുടെ ചെവികളിലേക്ക്‌ ആ വാക്കുകൾ താഴുമായിരുന്നില്ല. തന്‍റെ  ജീവിതം താൻ തന്നെ പടുത്തുയര്‍ത്തിയതാണെന്നും അതിൽ മറ്റാര്‍ക്കും പങ്കില്ലെന്നും അയാൾ പൂര്‍ണ്ണമായി വിശ്വസിച്ചു. പാവം അലമേലു അമ്മാൾ അയ്യരുടെ കമ്പനിക്കുവേണ്ടി എഴുതിക്കൊടുത്ത എണ്ണമില്ലാത്ത എഴുത്തുകളുടെ ക്രെഡിറ്റൊക്കെ അദ്ദേഹം സ്വയം കയ്യടക്കുകയായിരുന്നു. അല്ലെങ്കിൽ   ഭാര്യയുടെ വേതനം പറ്റാത്ത സേവനവ്യവസ്ഥകളിൽ അതുകൂടി ഉൾപ്പെടുത്തണം എന്നാവാം അയാളുടെ ധാരണ.

കോളേജിൽ പഠിക്കുന്ന കാലത്ത് അയ്യർ പതിവായി കാണാറുള്ള ഒരു സ്വപ്നം ഉണ്ടായിരുന്നു. കോളേജിലെ മെയിൻ ഹോളിലും വരാന്തയിലുമായി തിങ്ങിനിറഞ്ഞ ആണും പെണ്ണും അടങ്ങുന്ന ഒരു സദസ്സിനെ അഭിമുഖീകരിച്ചു പ്രസംഗിക്കാൻ പ്രൊഫസർ സുരേന്ദ്രനാഥ് തന്നെ ക്ഷണിക്കുന്നു. താൻ മൈക്കിനടുത്തേക്ക് വരുന്നു. ഹോളിൽ നിറഞ്ഞ സദസ്സിനെ നോക്കിനിൽക്കേ കണ്ണിൽ ഇരുട്ടുകയറി വീഴാൻ പോകുമ്പോൾ തന്‍റെ  ഇടതുഭാഗത്തുള്ള മേശയുടെ വക്ക് മുറുകെപിടിക്കുന്നു. കോളേജ് പിള്ളേർ കൂവാൻ തുടങ്ങുമ്പോൾ അയ്യർ ഞെട്ടിയുണരുന്നു. മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കണമെന്നത് അയ്യരുടെ ഒരു ജീവിതാഭിലാഷമായിരുന്നു. പക്ഷെ തന്‍റെ  സാമ്പത്തിക സ്ഥിതികൾ സൃഷ്ടിച്ച അപകർഷതാബോധം അയ്യരെ കൂടുതൽ സമ്പന്നരായ, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുവന്ന കുട്ടികളുമായി അടുക്കാനോ ഇടപഴകി സംസാരിക്കാനോ അനുവദിച്ചില്ല. ഫലമോ വളരെ വളരെ ആലോചിച്ച് തെറ്റുകൂടാതെ ഇംഗ്ലീഷ് എഴുതുമെങ്കിലും രാമനാഥയ്യർക്ക് ഒരിക്കലും ഫ്ളൂവന്‍റായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചില്ല. ഇപ്പോഴും വിമാനത്തിൽ പറക്കുമ്പോഴും കമ്പനിക്കുവേണ്ടി അന്താരാഷ്ട്രയോഗങ്ങളിൽ സംസാരിക്കുമ്പോഴും രാമനാഥൻ എഴുതി തയ്യാറാക്കി പഠിച്ച വാചകങ്ങൾ വളരെ വിരളമായി മാത്രം സംസാരിക്കും. അതാണെങ്കിൽ അയാൾക്ക് ചുറ്റും ഒരു ഗംഭീര യുദ്ധത്തിന്‍റെ  പരിവേഷം സ്രഷ്ടിക്കുന്നുണ്ടായിരുന്നു. അയാളുടെ പി. എ സതീഷ് എപ്പോഴും അതിശയപ്പെടാറുണ്ട്, തന്‍റെ  എം ഡി സ്വഭാവത്തിലാണോ, സംസാരത്തിലാണോ ആദ്യം പിശുക്കനായത് എന്ന്. അതിനെക്കുറിച്ച് സംസാരിക്കുമ്പോളൊക്കെ സതീഷിന്‍റെ സുഹൃത്ത് മുരളി പറയും. ‘നമുക്കൊരു ഗവേഷണം നടത്തിക്കളയാം അല്ലെങ്കിൽ ഒരു ദിവസം സൂത്രത്തിൽ നമുക്ക് അയ്യരോട് തന്നെ ചോദിക്കാം.’ അപ്പോഴൊക്കെ സതീഷ് വിലക്കും. ‘ഉള്ള കഞ്ഞീല് പാറ്റയിടല്ലേ ചങ്ങാതി, ഞാൻ എങ്ങനെയെങ്കിലുമൊന്ന് ജീവിച്ചോട്ടെ.’

വിദ്യാഭ്യാസം കഴിഞ്ഞ് ജോലി സ്ഥിരത ആയപ്പോൾ അയ്യർക്ക് ധാരാളം വിവാഹാലോചനകൾ വന്നു. ഒരു കാര്യത്തിൽ മാത്രമാണ് അയ്യർ നിർബന്ധം പിടിച്ചത്, പെണ്ണിന് മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയണം. അടുത്ത തലമുറയ്ക്കുവേണ്ടിയിട്ടാണോ എന്തോ? അങ്ങനെയാണ് വലിയ സാമ്പത്തിക ചുറ്റുപാടൊന്നുമില്ലാത്ത അലമേലു രാമനാഥയ്യരുടെ സഹധർമ്മിണി ആയത്. അവരുടേത് ആദർശദാമ്പത്യമാണെന്ന് വേണമെങ്കിൽ പറയാം. അലമേലു ഒന്നും ആവശ്യപ്പെടാറില്ല, രാമനാഥയ്യർ ഒന്നും വാങ്ങിച്ചുകൊടുക്കാറുമില്ല.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിലൊക്കെ അലമേലുവിനെ അയാൾ നിരന്തരം ദ്രോഹിക്കുമായിരുന്നു. ‘നിനക്കെന്താ എപ്പോഴും ഇംഗ്ലീഷിൽ സംസാരിച്ചുകൂടെ?’ പിന്നെ അയാളുടെ അമ്മ പാർവ്വതി ഇടപ്പെട്ടു. ‘അവൾ ഇവിടെ ആരോട് ഇംഗ്ലീഷ് സംസാരിക്കാനാ? ആവശ്യം വരുമ്പോൾ അവള് പറഞ്ഞോളും.’ ഒരു ദിവസം കമ്പനിയുടെ സന്ദർശനത്തിനുവന്ന ഉത്തരേന്ത്യക്കാരൻ സിങ്ങിന്‍റെ മറാത്തിയും ഇംഗ്ലീഷും മാത്രം അറിയുന്ന ഭാര്യ രേഖാ ഷായെ വീട്ടിലാക്കി പോയപ്പോഴാണ് അയാൾക്ക് ഭാര്യയുടെ ഇംഗ്ലീഷ് പരിഞ്ജാനത്തെക്കുറിച്ച് വിശ്വാസം വന്നത്. കാറിന്‍റെ പിൻസീറ്റിൽ ചാരി ഇരുന്നുകൊണ്ട് വലത്തോട്ട് സാരിയുടുത്ത ചെറുപ്പക്കാരിയായ രേഖാഷാ അയ്യരെ അനുമോദിച്ചു. നൈസ് ഗേൾ ഹൌ ഫ്ളൂവന്‍റ്ലി ഷി ടോക്സ് ഇംഗ്ലീഷ്. അന്നു രാത്രി ഭാര്യയോട് അൽപ്പം സ്നേഹക്കൂടുതൽ കാണിച്ചതിനെക്കുറിച്ച് പിറ്റേന്ന് മുഴുവൻ അയാൾ പശ്ചാത്തപിച്ചു. എങ്കിലും മനസ്സിൽ കുളിരായിരുന്നു. പിന്നീട് കമ്പനിയുടെ ആവശ്യാർത്ഥം ഉത്തരേന്ത്യയിൽ നിന്നു വരുന്ന എല്ലാ ടെലിഫോൺ കോളുകളും പാവം അലമേലു അമ്മാളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ലയൺസ് മീറ്റിങ്ങുകളിൽ വക്കീൽ രാഘവമേനോൻ പതിവായി വേദിയുടെ ഒരുഭാഗത്ത് ഒരുക്കിയ മേശയുടെ പിന്നിലിരുന്ന് മാസ്റ്റർ ഓഫ് സെറിമണി ചെയ്യും. രാമനാഥയ്യർ മനസ്സിൽ മുറുമുറുക്കും. ഒരു ദിവസം നിന്‍റെയൊക്കെ അഹങ്കാരം ശമിപ്പിച്ചുതരാമെടാ. അലമേലു വിചാരിച്ചാലും സെറിമണി മാസ്റ്റർ ചെയ്യുവാൻ പറ്റും.

വളരെക്കാലത്തെ ആഗ്രഹം രാമനാഥയ്യർ അന്ന് സാധിച്ചു. അവൾ നന്നായി ചെയ്യും എന്നൊക്കെ അറിയാമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി അയാൾ ഭാര്യയ്ക്ക് ഒരുപാട് നിർദ്ദേശങ്ങൾ കൊടുത്തു. നിനക്ക് എല്ലാം ഭയങ്കര സ്പീഡാ. നിർത്തി നിർത്തി പറയണം. അയാളുടെ ഇടപെടൽ അസഹനീയമായിരുന്നെങ്കിലും അലമേലു പതിവുപോലെ എല്ലാം സഹിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി. അലമേലു ഒരു പതിനഞ്ചു മിനിറ്റ് നേരത്തേ തന്നെ വേദിയിൽ സ്ഥലം പിടിച്ചു. തൊട്ടരികിൽ തന്നെ അയ്യർ ഒരു കസേര വലിച്ചിട്ടിരുന്നു. ഇനി പരിപാടി കഴിയുന്നതുവരെ പച്ച മലയാളത്തിൽ പറഞ്ഞാൽ, പിരി പിരി ആയിരിക്കും എന്നറിയാവുന്നതുകൊണ്ട് അലമേലു പല്ലുകടിച്ചത് മൈക്ക് പ്രവർത്തനക്ഷമമാക്കിയിട്ടില്ലാത്തത് കൊണ്ട് ആ വലിയ ഹോളിൽ മറ്റാരും കേട്ടില്ല.

അലമേലു പരീക്ഷക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ശിവൻ കോവിലിൽ പത്തു പൈസ ഇടാറുള്ള പോലെ മനസ്സുകൊണ്ട് പത്തു ഉറുപ്പിക ഇട്ടു. വരാന്തയിൽ ആൾക്കാർ ബാക്കി നില്ക്കുന്നതുക്കൊണ്ടാവാം, വക്കീൽ രാഘവമേനോൻ വളരെ കാര്യമായി പറഞ്ഞു. “മിസ്സിസ്സ് അയ്യർ അനൌൺസ് ചെയ്യുന്നില്ലേ, അതിഥികളൊക്കെ പുറത്തുനില്ക്കുകയാണ്.”

അലമേലു മുപ്പത്തിമുക്കോടി ദേവന്മാരേയും ധ്യാനിച്ചുകൊണ്ട് തുടങ്ങി. “ലേഡീസ് ആന്‍റ് ജെന്‍റിൽമെൻ” അവിടുന്നങ്ങോട്ട് പതറാതെ, തളരാതെ ഒന്നരമണിക്കൂർ അലമേലു അമ്മാൾ ശരിക്കും യോഗം നിയന്ത്രിച്ചു. വർഷങ്ങളായി ചെയ്തുവരുന്ന ഒരു പരിപാടിയുടെ തുടർച്ചപോലെ.

പക്ഷേ അതിനിടയിലെപ്പോഴോ ലയൺ ഷേണായി ഒരു കടലാസ് കഷ്ണം അലമേലുവിന്‍റെ മുമ്പിൽ മേശമേൽ വെച്ചു. ലയൺ ക്യാബിനറ്റ് സെക്രട്ടറിയുടെ അമ്മ മരിച്ചിരിക്കുന്നു. ഗവർണ്ണറുടെ പ്രസംഗത്തിന് മുമ്പ് അനൌൺസ് ചെയ്യണം. അലമേലു ഒരു നിമിഷം പതറി. ഇതുവരെ പറഞ്ഞതൊക്കെ കടലാസിലും മനസ്സിലും തയ്യാറാക്കിയ കാര്യങ്ങളായിരുന്നു. ഒരു മരണം അതിന്‍റെ എല്ലാ ഗാംഭീര്യത്തോടെയും വിളിച്ചറിയിക്കണം. ആത്മാവിന് നിത്യശാന്തി നേരണം, സദസ്സിനെ മൌന പ്രാർത്ഥനയ്ക്ക് നിർദ്ദേശിക്കണം. ആലോചിച്ച് നിൽക്കാൻ സമയമില്ല.

ഗവർണ്ണർ പ്രസംഗിക്കാൻ തയ്യാറെടുക്കുകയാണ്.മൈക്കിലൂടെ ഒരു ശീതശ്ലോകമാണ് ഒഴുകിവന്നത്…

“നൈനം ഛിന്ദന്തി ശസ്ത്രാണി

നൈനം ദഹതി പാവക:

ന ചൈനം ക്ലേദയന്ത്യാപോ

ന ശോഷയതി മാരുത:”

ശ്ലോകം ചൊല്ലുന്നതിനിടയിൽ അലമേലു മരണം വിളിച്ചറിയിക്കേണ്ട വാചകം മനസ്സിൽ തയ്യാറാക്കി. “ഐ റിഗ്രറ്റ് ടു അനൌൺസ്…” സദസ്സ് മൌനം ആചരിച്ചു.

ഏറ്റവും അവസാനം ഡോക്ടർ ഭട്ടിന്‍റെ മകനും നവവധുവിനും അലമേലു അമ്മാൾ അതിമനോഹരമായി ആശംസകൾ നേർന്നു. കിഷോറിനേയും സീമയേയും വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയിൽ അലമേലു അമ്മാൾ അർദ്ധനാരീശ്വര സങ്കല്പ്പത്തെക്കുറിച്ചും അൾത്താരയിലെ വാഗ്ദാനത്തെക്കുറിച്ചും അല്പം മലയാളത്തിലും വാചാലയായി.

തന്‍റെ  ഇടതുഭാഗത്തിരുന്ന അയ്യരുടെ മുഖം കറുക്കുന്നതും ചുളിയുന്നതും മൂക്ക് വിറക്കുന്നതുമെല്ലാം അദ്ദേഹത്തെ നോക്കാതെ തന്നെ അലമേലു കാണുന്നുണ്ടായിരുന്നു. ഭക്ഷണം എന്ന മഹത്തായ പരിപാടിയിലേക്ക് എല്ലാവരും മനസ്സറിഞ്ഞ് പ്രവേശിക്കുമ്പോൾ അലമേലുവിന് ആശ്വാസം തോന്നി. അഭിനന്ദനങ്ങളുടെ പ്രവാഹത്തിനിടയിൽ അലമേലു സസ്യഭക്ഷണം കഴിച്ചു. അയ്യർ സ്റ്റാർട്ടാക്കിയ കാറിൽ കയറിയിരിക്കുമ്പോൾ അലമേലു കാലുഷ്യം നിറഞ്ഞ ഗൃഹാന്തരീക്ഷം ഭാവനയിൽ കണ്ടു.

ഗേറ്റടക്കുന്നതിനിടയിൽത്തന്നെ അയ്യർ ശകാരം ചൊരിയാൻ തുടങ്ങി. ‘അവളുടെ ഒരു ഭഗവദ്ഗീതയും സംസ്കൃത ശ്ലോകവും അതൊക്കെ കാലഹരണപ്പെട്ടില്ലേ. നിനക്ക് കീറ്റ്സിനേയോ ഷെല്ലിയേയോ ക്വോട്ട് ചെയ്യാമായിരുന്നില്ലേ.’ കിടപ്പറയിലും തുടർന്ന പിറുപിറുക്കലിനിടയിൽ അലമേലു പറഞ്ഞു… “വർഷങ്ങളായി ഞാൻ നിങ്ങളോടിക്കുന്ന സൈക്കിളിന്‍റെ  പിറകിലായിരുന്നു. ആ ഒരവസരത്തിൽ അങ്ങനെ മാത്രമേ കഴിയുമായിരുന്നുള്ളൂ. തെറ്റാണെങ്കിൽ ക്ഷമിക്കണം.”

അയ്യർക്ക് കലി അടങ്ങിയില്ല. ‘നീ മനപൂർവ്വം എന്നെ കരിവാരിത്തേക്കാൻ വേണ്ടി ചെയ്തതാണ് മലയാളം പറയരുതെന്ന് എത്ര തവണ വിലക്കിയതാണ്.’ മാസ്റ്റർ ഓഫ് സെറിമണീസിലെ വിജയം നൽകിയ ലഹരിയിൽ അലമേലു പറഞ്ഞു. ‘ഇത് ഇനി ശരിയാവില്ല. എന്നെക്കൊണ്ട് എന്നും നിങ്ങൾക്ക് നാണക്കേടേ ഉണ്ടായിട്ടുള്ളൂ. ഞാൻ പോകുന്നു, എന്‍റെ  ആ പഴയ വീട്ടിലെ തെക്കുഭാഗത്തെ മുറിയിൽ കുറച്ച് ബഞ്ചും ഡസ്കും ഇപ്പോഴും കിടപ്പുണ്ട് കുട്ടികളെ വിളിച്ച് ട്യൂഷനെടുത്ത് ഞാൻ ജീവിച്ചോളാം.’ ഭാര്യയുടെ വാക്കുകളിലെ ഗൌരവം കണ്ണടച്ചുകിടക്കുകയാണെങ്കിലും രാമനാഥയ്യർ വ്യക്തമായി മനസ്സിലാക്കി. പരിപാടി കഴിഞ്ഞ ഉടനെ ഗവർണ്ണറടക്കം എല്ലാവരും അലമേലുവിനെ പുകഴ്ത്തിയത് അയാൾ ഓർത്തു. ജീവിതത്തിൽ ആദ്യമായി അയാൾ ഭാര്യയുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായി. ‘അതൊക്കെ പോട്ടെ അലമേലു, നമുക്ക് അടുത്ത മാസത്തെ സോൺ കോൺഫറൻസിന് ഒരു കൈ നോക്കാം. അന്ന് നീ എന്തായാലും “മലയാലം” പറയാൻ പാടില്ല.’

ദാ വന്നു……… ദേ പോയി

മലക്കാവ് കൊട്ടാരത്തിലെ ഊര്‍മിളത്തമ്പുരാട്ടി തിരുവയറൊഴിയാന്‍ സമയമായി. ചാനലുകളില്‍ മാദ്ധ്യമങ്ങളില്‍ അത് ഒരു പ്രധാനവാര്‍ത്തയാണ്. ഡയാനത്തമ്പുരാട്ടിയെ കൊന്ന പാരമ്പര്യമുള്ളവരാണ്. സ്വൈര്യമായി പ്രസവിക്കാനും സമ്മതിക്കില്ലെന്ന്‍ തോന്നുന്നു.

അമ്മ സുഭദ്രത്തമ്പുരാട്ടിക്കും അച്ഛന്‍ രവിവര്‍മ്മത്തമ്പുരാനും പ്രസവം എവിടെവെച്ചു വേണമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന്‍ ചിന്തിക്കാനുണ്ടായിരുന്നില്ല. നിത്യകന്യകയായ ഡോ. മേബിള്‍ നടത്തുന്ന ആശുപത്രിയില്‍ വെച്ചുതന്നെയാവട്ടെ എന്ന കാര്യത്തില്‍ ഡോ. മേബിളിന്ന്‍ അല്‍പം ആശങ്കയില്ലാതിരുന്നില്ല. പത്രക്കാര്‍ക്കൊക്കെ താല്‍പര്യം ഉള്ള വി ഐ പി ആണ്. ക്യാമറയും കൊണ്ട് ലേബര്‍റൂമിലേക്ക് തന്നെ ഇടിച്ചുകയറിയാലോ. പക്ഷേ തനിക്ക് വിദ്യാഭ്യാസത്തിനും സകലകാര്യങ്ങള്‍ക്കും സഹായിച്ച കുടുംബമാണ് രവിവര്‍മ്മത്തമ്പുരാന്‍റേത്. ആശുപത്രിയില്‍ പുതുതായി ഒരു ബ്ലോക്ക്‌ പണിയാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ പണി തീര്‍ന്ന ബ്ലോക്ക്‌ ഊര്‍മിളത്തമ്പുരാട്ടിയുടെ പ്രസവം കഴിയുന്നതുവരെ ഒഴിച്ചിടാനാണു തമ്പുരാന്‍റെ നിര്‍ദേശം.

പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് ഒരാഴ്ച മുമ്പ് തന്നെ തമ്പുരാട്ടിമാരും സില്‍ബന്ധികളും  ആശുപത്രി വാസത്തിന് തയ്യാറായി എത്തി.

ഡോ. മേബിളിന്ന്‍ ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. വൈകുന്നേരം വീട്ടില്‍ പോവാന്‍ പറ്റില്ല ആശുപത്രിക്കാരുടെ അശ്രദ്ധ പട്ടണത്തില്‍ ചര്‍ച്ചവിഷയമാകരുതല്ലോ. സില്‍ബന്ധികളുടെ മുറികളുടെ മുമ്പിലൂടെ രാത്രി നടക്കുമ്പോളാണ് തമാശ. എന്തൊക്കെ പ്രവചനങ്ങളാണ് അവിടെ നടക്കുന്നത്. പാരമ്പര്യമനുസരിച്ച് കുട്ടി പെണ്ണായിരിക്കുമെന്ന്‍ ഒരു കൂട്ടര്‍. തമ്പുരാട്ടിയെ കുട്ടി ആണാണെന്ന് തോന്നുന്നു എന്ന്‍ ഒരു കൂട്ടര്‍. കുട്ടിയുടെ കാര്യം സ്കാന്‍ ചെയ്ത തനിക്ക് മാത്രമല്ലെ അറിയൂ.

എന്തിനാണ് ഇത്രയധികം ആള്‍ക്കാര്‍ മുറികള്‍ മുഴുവന്‍ മുടക്കി അവരവരുടെ സമയവും നശിപ്പിച്ച് അവിടെ കൂടുന്നത്? രാഷ്ട്രിയത്തിലും നല്ല പിടിപാടുള്ള തമ്പുരാന്‍റെ സ്നേഹം പിടിച്ചുപറ്റാനാണോ? ഇതൊരു ബോറന്‍ ഏര്‍പ്പാടാണ്.

അമ്മ മഹാറാണി അല്‍പ്പം വേദാന്തപരമായി ചിന്തിക്കുന്ന കൂട്ടത്തിലാണ്. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിനാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ഒരു ദിവസത്തെ പതിവ് റൌണ്ടിനിടയില്‍ ഡോ. മേബിള്‍ പ്രവചനങ്ങള്‍ക്കിടയില്‍ ഒരു നല്ല ഫലിതം കേട്ടു. ഊര്‍മിളത്തമ്പുരാട്ടിയെ കോവിലകത്തേക്ക് ദത്തെടുത്തതാണ് എന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അല്ലെങ്കിലും ആ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായില്ലേ? സുഭദ്രത്തമ്പുരാട്ടിയും രവിവര്‍മ്മത്തമ്പുരാനും ഒരു പക്ഷേ ആ സംഭവം മറന്നുപോയിട്ടുണ്ടാവും. സുഭദ്രത്തമ്പുരാട്ടി പ്രസവിച്ചതല്ലെന്ന്‍ ഊര്‍മിളയെ കണ്ടാല്‍ ആരും പറയില്ല.

പ്രവചനങ്ങള്‍ക്ക് വിരാമമിട്ടുക്കൊണ്ട് ഊര്‍മിളത്തമ്പുരാട്ടി തിരുവയറൊഴിഞ്ഞു. അല്ലെങ്കില്‍ നല്ല ദിവസവും സമയവും നോക്കി ഒഴിപ്പിച്ചു എന്നു പറയുന്നതാവും ശരി. ഇരട്ട കുട്ടികള്‍- ഒരാണും ഒരു പെണ്ണും. രണ്ടു കുട്ടികള്‍ ഉണ്ട് എന്ന രഹസ്യം ഡോക്ടര്‍മാര്‍ക്കും സുഭദ്രത്തമ്പുരാട്ടിക്കും നേരത്തെ അറിയാമായിരുന്നു. അമ്മത്തമ്പുരാട്ടിക്ക് സന്തോഷമായി. കോവിലകത്തേക്ക് ഇനിയും സന്തതികളെ ദത്തെടുക്കാതെ കഴിഞ്ഞല്ലോ.

ഒരു സഹായ ഹസ്തം പോലും നീട്ടാന്‍ നില്‍കാതെ സില്‍ബന്ധികള്‍ പിരിഞ്ഞുപോയി. കൊച്ചുങ്ങളുടെ പടം പിടിച്ചുകൊണ്ടുപോകുമ്പോള്‍ ചാനലുകള്‍ പെരെന്തായിരിക്കുമെന്ന്‍ ചോദിക്കുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ആശുപത്രി വരാന്തയിലിരുന്ന രവിവര്‍മ്മത്തമ്പുരാന്‍ പോലും ആ സമയത്ത് പേരിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല.

പൊട്ടാതെ ചീറ്റിപോയ ഒരു പടക്കമായിപ്പോയി പ്രവാചകന്മാര്‍ക്കും പന്തയക്കാര്‍ക്കും ഊര്‍മിളത്തമ്പുരാട്ടിയുടെ പ്രസവം. എന്നുവെച്ച് അങ്ങനെയങ്ങ് വിട്ടാല്‍ പറ്റ്വോ? അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനിടയില്‍ ഒരു മരുപ്പച്ച തെളിഞ്ഞുകണ്ടു. കോവിലകത്തെ അടിച്ചുതളിക്കാരി ചിരുതേയിക്കുട്ടി നിറവയറുമായി നില്‍ക്കുകയാണ്. വാര്‍ത്തയ്ക്ക് ഒരു വിഷയമാവുമോ എന്ന് നോക്കണം; കട്ടി മീശയും തലക്കെട്ടുമുള്ള അവളുടെ പുരുഷന്‍ അടുത്തില്ലെങ്കില്‍…..

സുനാമി

കാപ്പി കുടിക്കാന്‍ ഇരിക്കുമ്പോള്‍ പ്രൊഫസര്‍ നരേന്ദ്രനാഥ്‌ ഭാര്യയോട് പറഞ്ഞു. “അനിതേ…. അമ്മ..” പെട്ടെന്ന്‍ അയാള്‍ ഓര്‍ത്തു. അനിത വളരെ സെന്‍സിറ്റീവ് ആണ്. അമ്മ വീട്ടിലേക്ക് വിളിക്കാതെ മകനെ കോളേജിലേക്ക് വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് തന്നെ അയാള്‍ ചോദിച്ചു. “ഇവിടെ ഫോണ്‍ ഔട്ട്‌ ഓഫ്‌ ഓര്‍ഡര്‍ ആയിരുന്നോ ? ”

“അതെ ഉച്ചക്ക് ശേഷം ഒരു കോളും ഉണ്ടായിരുന്നില്ല. ഞാന്‍ ഗ്യാസ് ബുക്ക്‌ ചെയ്യാന്‍ നോക്കിയിട്ട് കിട്ടിയതുമില്ല.”

“അമ്മയ്ക്ക് വരണമെന്ന് പറഞ്ഞു. ആ പയ്യന്നോട് പറയണം.”

ഡ്രൈവറെ ഉദേശിച്ചിട്ടാണ് പ്രൊഫസര്‍ പറഞ്ഞത്. നരേന്ദ്രന്‍ തന്‍റെ വായനാമുറിയിലേക്ക് പോയി. ലോകത്താരും ഇതുപോലെ ഒരു മുറി രൂപകല്‍പന ചെയ്തിട്ടുണ്ടാവില്ലപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയിട്ടുള്ള ഒരു മുറി ആയിരുന്നു അത്. പടിഞ്ഞാറോട്ട് തുറക്കുന്ന വാതിലിന്‍റെ പുറത്ത് ഒരു മനോഹരമായ താമരകുളം.  പക്ഷേ പ്രകൃതി രമണീയത ആസ്വദിക്കാന്‍ നരേന്ദ്രനു സമയം കിട്ടാറില്ല. കിട്ടാവുന്ന ഓരോ നിമിഷവും ഊറ്റി എടുത്ത് വായിക്കുന്ന സ്വഭാവമായിരുന്നു അയളുടെത്. മറ്റെല്ലാം നീക്കിവെച്ചു അയാള്‍ പുസ്തകം വാങ്ങും. അനിത പലപ്പോഴും ചോദ്യം ചെയ്യുന്ന സ്വഭാവമാണത്. “ എന്തിനാ ഇത്രയധികം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നത്?”.

നരേന്ദ്രന്‍ വളരെയധികം ശാന്തനായി അനിതയെ പറഞ്ഞു മനസിലാക്കും . “ പുസ്തകങ്ങള്‍ അല്ലേ അനിതേ, ചീഞ്ഞു പോവാത്ത സാധനം അല്ലേ. മക്കള്‍ക്കോ അടുത്ത തലമുറയ്ക്കോ, വേണമെങ്കില്‍ ഇവിടെത്തന്നെയോ സൂക്ഷിക്കാം. അല്ലെങ്കില്‍ എന്‍റെ കാലശേഷം എതെങ്കിലും വായനശാലയ്ക്ക് കൊടുക്കണം. കൊടുക്കുംമുമ്പ് എല്ലാ പുസ്തകങ്ങളിലും സീല്‍ വച്ചിട്ടുണ്ടോ എന്ന്‍ നോക്കണം. പിന്നെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റും എഴുതിവയ്ക്കണം. ഞാന്‍ വല്ലപ്പോഴും ഇവിടെവന്ന്‍ എത്തിനോക്കും.” പലപ്പോഴും പതിവുള്ള ഈ സംഭാഷണത്തിന്‍റെ അവസാനഭാഗമാകുമ്പോഴേക്കും അനിത പിണങ്ങിപ്പോകും.

വായനമുറിയില്‍ മേശമേല്‍ എടുത്തുവെക്കാത്ത പുസ്തകങ്ങളുടെ ഒരു കെട്ട് ഉണ്ടായിരുന്നു. വാങ്ങിയ തിയതിയും എഴുതി അതൊക്കെ എടുത്തു വെക്കാന്‍ തുടങ്ങുമ്പോള്‍ അനിത എന്തോ പറഞ്ഞുകൊണ്ടുവന്നു. നരേന്ദ്രന്‍ പെട്ടെന്ന്‍ മേശമേല്‍ വെച്ച പുസ്തകങ്ങളെ മറച്ചുകൊണ്ട് നിന്നു. വെറുതെ സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അനിത നല്ല മൂഡിലായിരുന്നു. “ഹലോ. എത്രമണിക്ക് പോവണമെന്ന് പറഞ്ഞില്ല.”

“എവിടെ?”

“ഇത്രവേഗം മറന്നോ? അമ്മയെ കൂട്ടാന്‍. രമേശന്‍ പോവുന്നതിന്‍റെ മുമ്പേ പറയണം.”

“എട്ടു മണി കഴിഞ്ഞ് അവിടെ  എത്തിയാല്‍ മതി. അപ്പോഴെയ്ക്കെ ഓഫീസര്‍ മടങ്ങിയെത്തുകയുള്ളൂ.”

സഹോദരിയുടെ ഭര്‍ത്താവിനെ കുറിച്ചാണ് ഓഫീസര്‍ എന്നു പറഞ്ഞത്. വൈശാഖ് എവിടെയെങ്കിലും ടൂര്‍ പോകുമ്പോള്‍ കൂട്ടിരിക്കാന്‍ അമ്മയെ ലത വിളിക്കും. അരമണിക്കൂര്‍ കാര്‍ ഓടിച്ചാല്‍ അവിടെ എത്തും. അമ്മയ്ക്ക് മകന്‍റെ അടുത്ത് താമസിക്കുന്നതാണ് ഇഷ്ടം. അനിതയും അമ്മായിഅമ്മയും നല്ല കൂട്ടാണ്. വിചിത്രസ്വഭാവമുള്ള വീട്ടുകാര്യമൊന്നും ശ്രദ്ധിക്കാത്ത നരേന്ദ്രന്‍റെ ഇടയില്‍ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്താന്‍ അമ്മ നന്നായി സഹായിക്കുന്നുണ്ട്. അമ്മുവിനും മാളുവിനും പഠിക്കുമ്പോഴും അമ്മ കൂടെതന്നെയിരിക്കണം. കുട്ടികളെ സ്നേഹിക്കാന്‍ മാത്രമല്ല ശാസിക്കാനും അമ്മയ്ക്ക് അറിയാം. “ടി വി ഓഫാക്കി പോയി പഠിക്ക് “. എന്ന്‍ അമ്മ പറഞ്ഞാല്‍ പിന്നെ ആ വീട്ടില്‍ ഒരില അനങ്ങില്ല.

അനിത പോയി എന്ന്‍ ഉറപ്പുവരുത്തിയ ശേഷം നരേന്ദ്രന്‍ വീണ്ടും പുസ്തകക്കെട്ട് സ്പര്‍ശിച്ചു. ഒരു നവജാതശിശുവിനെ എന്നോണം അയാള്‍ അവയെ കണ്ണുനിറച്ചു കണ്ടു.

ഗബ്രിയേല്‍ മാര്‍ക്കോസ് തുടങ്ങി കമലാദാസ് വരെ എഴുതിയ പത്തു പുസ്തകങ്ങള്‍ അവ മുഴുവന്‍ അടുക്കി വെച്ച ശേഷവും ഒരു പുസ്തകം മേശമേല്‍ ബാക്കിയായി. പുസ്തകത്തിന്‍റെ പുറത്തുള്ള കവറില്‍ ‘TO prof. നരേന്ദ്രനാഥ് ‘ എന്ന് എഴുതിയിരുന്നു. അങ്ങനെ എഴുതാന്‍ ഇടയുള്ള ഒരാളെ മാത്രമേ അയാള്‍ക്ക് അറിയുകയുള്ളു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഹൈസ്കൂള്‍ തുടങ്ങി പതിനൊന്നു കൊല്ലം ഒന്നിച്ചു പഠിച്ചും, ഇപ്പോഴും ഫോണ്‍ ചെയ്തും മെയില്‍ അയച്ചും വല്ലപ്പോഴും മഹാനഗരത്തിലേക്ക് വരുമ്പോള്‍ സന്ദര്‍ശിച്ചും ബന്ധം പുലര്‍ത്തുന്ന ഒരു ക്രോണിക് ബാച്ചിലര്‍ – പ്രശാന്ത്‌.

അവന് ഇതുവരെ കല്യാണം കഴിക്കാന്‍ സമയം കിട്ടിയിട്ടില്ല. ലോകത്തുള്ള ഭൂകമ്പങ്ങളെയും വെള്ളപ്പൊക്കങ്ങളെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും കുറിച്ച് പഠിച്ചുകൊണ്ട് അതിനു ഇരയാവുന്ന മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ട്, അനാഥരാവുന്ന കുട്ടികള്‍ക്ക് ഒരു രണ്ടാം ജന്മം കൊടുത്തുകൊണ്ട് ജീവിച്ചിരിക്കുന്നതില്‍ കൂടുതല്‍ സമയവും വായുവില്‍ സഞ്ചരിച്ചുകൊണ്ട് ഒരു താടിക്കാരന്‍. അവസാനം അവനെ കാണുമ്പോള്‍ അവന്‍ “ഡിസാസ്റ്റേര്‍സ് ഓര്‍ഗ്  ” എന്ന്‍ എഴുതിയ ഒരു ടീ ഷര്‍ട്ടാണ് ഇട്ടിരുന്നത്.

അന്ന്‍ അവനോട് തമാശയായി ചോദിച്ചു. “ഈ ലോകത്തെ എല്ലാ പ്രകൃതിക്ഷോഭങ്ങള്‍ക്കും നീ ഒരുത്തനാണു കാരണക്കാരന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നീ നിഷേധിക്കുമോ? ”

“പുസ്തങ്ങള്‍ക്ക് മുമ്പില്‍ കുത്തിയിരിക്കാതെ അവിടെയൊക്കെ പോയി നോക്കണം , ലാതുറില്‍, ഇറാക്കില്‍, ഗുജറാത്തില്‍, ജപ്പാനില്‍.. ” അവന് ഏറ്റവുമധികം വാചാലനാവുന്ന വിഷയമാണ്‌ എന്ന്‍ അറിയാവുന്നത് കൊണ്ട് നരേന്ദ്രന്‍ ചൂണ്ടുവിരല്‍ വെച്ച് പറഞ്ഞു.” ചുപ്പ്”.

പിന്നെ അവര്‍ പുറത്തുപോയി. അവന്‍ അന്ന്‍ ഒരു വെജിറ്റബിള്‍ സൂപ്പ് മാത്രം കഴിച്ചു. അത് മാത്രം മതിയോ എന്ന്‍ നരേന്ദ്രന്‍ ചോദിച്ചപ്പോള്‍ പ്രശാന്ത്‌ പറഞ്ഞു. “ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ശരിയാവില്ല. എപ്പോഴാണ് എവിടെയാണ് പോകേണ്ടിവരിക എന്ന് അറിയില്ല. എപ്പൊഴും തയ്യാറായി ഇരിക്കണം.”

വീട്ടിലേക്ക് തിരിച്ചുവന്ന്‍ അവനെ എയര്‍പോര്‍ട്ടിലേക്ക് വിടാന്‍ വേണ്ടി രമേശനെ വിളിച്ചപ്പോള്‍ പ്രശാന്ത്‌ പറഞ്ഞു. “ധാരാളം സമയമുണ്ട്. ഞാന്‍ എത്തിക്കോളാം. പിന്നെ സ്വരം താഴ്ത്തി, പ്രവാചകന്‍റെ മട്ടില്‍ പ്രശാന്ത്‌ പറഞ്ഞു. “നിനക്കെന്തിനാടാ ഒരു കാര്‍? നിനക്കെന്തിനാടാ ഒരു ഡ്രൈവര്‍?”

വ്യര്‍ത്ഥമായി ഒരു വാക്കുപോലും ഉച്ചരിക്കാത്ത ആ സുഹൃത്ത് അന്ന്‍ അങ്ങനെ പറഞ്ഞത് എന്ത് കൊണ്ടാണെന്ന്‍ പ്രോഫെസ്സര്‍ക്ക് മനസിലായില്ല. അയാള്‍ക്ക് ഒരിക്കലും മനസിലാവില്ല. അനിതയ്ക്ക് വേണ്ടിയാണു അയാള്‍ കാര്‍ വാങ്ങിയത്. അവള്‍ക്ക് എവിടെയെങ്കിലും പോവാനും, അമ്മയ്ക്ക് വല്ലപ്പോഴും ക്ഷേത്രത്തില്‍ പോവാനും.

അനിത കുട്ടികളോട് പറയുന്നത് കേട്ടു. “ഹോംവര്‍ക്ക് വേഗം വേഗം ചെയ്യണം. അമ്മയ്ക്ക് അച്ഛമ്മയെ കൂട്ടാന്‍ പോവണം. ” നരേന്ദ്രനാഥിനു സ്വന്തം ചെവികളെ വിശ്വസിക്കാന്‍ സാധിച്ചില്ല. രാത്രി എഴുമണിക്കും പത്തുമണിക്കും ഇടയില്‍ അനിതയ്ക്ക് ഭക്ഷണം എടുത്തുതരാനുള്ള ക്ഷമ പോലും കാണാറില്ല. റിമോട്ട് കയ്യില്‍ പിടിച്ച് അവള്‍ ഏതൊക്കെയോ സീരിയല്‍ കാണും.

രണ്ടാഴ്ച്ച മുബ് കുട്ടികള്‍ സര്‍ക്കസ് കാണണമെന്ന്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ അനിത കുലുങ്ങിയതേ ഇല്ല. “ഇന്നോ ഞാനില്ല. എല്ലാവരും കൂടെ പൊയ്ക്കോ. അമ്മയും വരും. പ്രോഫസ്സര്‍ക്ക് കാണാന്‍ സമയമില്ലെങ്കില്‍ വിളിക്കാന്‍ പോയാല്‍ മതി. ”

അനിതയെ പിണക്കാന്‍ നരേന്ദ്രന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അമ്മു അവളുടെ അമ്മയെ ചോദ്യം ചെയ്തു. “അമ്മയ്ക്കെന്താ ഇവിടെ കാര്യം.”

“എനിക്ക് മേഘം കാണണം. ഇന്ന്‍ അവസാനത്തെ എപിസോഡാണ്. ആ പ്രവീണ എത്ര കാലമായി ഡോക്ടര്‍ ആദിത്യനെ വിചാരിച്ച് കഴിയുന്നു. പാവം അവസാനം കണ്ടേ തീരു. ”

എട്ടാം ക്ലാസ്സില്‍ പഠിക്കുന്നഅമ്മു പറഞ്ഞു. “ ഒന്നുകില്‍ അമ്മ നായകന്‍റെയും നായികയുടെയും യഥാര്‍ത്ഥപേര് പറയണം. അല്ലെങ്കില്‍ രണ്ടാളുടെയും സീരിയലിലെ പേര് പറയണം.”

പ്രോഫസ്സരുടെ അമ്മ ഇലയ്ക്കും മുള്ളിനും കേടുകൂടാതെ ആ പ്രശ്നം പരിഹരിച്ചു.

നരേന്ദ്രന്‍ അടുക്കളയിലേക്ക് പോയി അനിതയോട് പറഞ്ഞു. “ രമേശന്‍ പോയി കൂട്ടിവരും. ” അനിത പെട്ടെന്ന്‍ പ്രതിവചിച്ചു. “അല്ല ഞാന്‍ പോവാം. അമ്മയ്ക്ക് വലിയ സന്തോഷമാവും.ഇനി സീരിയല്‍ കാണുന്നത് കുറച്ച് ചുരുക്കണം. കുട്ടികള്‍ വലുതായി വരുകയല്ലെ? എട്ടാംക്ലാസ്സിലെത്തിയ അമ്മുവിന് നന്നായി പഠിക്കാന്‍ കാണും.” അയല്‍ ഗ്യാസ് സ്റ്റൌവിന്‍റെയും ഗ്യാസ് സിലിണ്ടറിന്‍റെയും മുകളിലേക്ക് നോക്കി. അവിടെ ബോധിവൃക്ഷമോ മറ്റോ..?

“ ഇവിടെയാരാ ? എനിക്കൊന്ന്‍ പുറത്തേക്ക് പോകണം.”

“നിര്‍ബന്ധമാണെങ്കില്‍ പോകണം. അമ്മുവിന് ഞാന്‍ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒരു മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളൂ.”

പ്രോഫെസ്സരുടെ ആറാമിന്ത്രിയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആരുടെ കാര്യത്തിലായാലും സംശയം മോശമാണെന്നും അതൊരു രോഗമാണെന്നും അയാള്‍ക്കറിയാം.

ജീവിതത്തില്‍ പല കാര്യങ്ങളും നരേന്ദ്രന്‍ ഒരുള്‍വിളിയോടെയാണ് ചെയ്യാറുള്ളത്. അവയൊക്കെയും ആത്യന്തികമായി ശരിയായിരിക്കുകയും ചെയ്യും. ഒരു കെട്ട് പുസ്തകങ്ങള്‍ കാറിലിരിക്കുന്നുണ്ട്. അനിത കാണാതെ അതെല്ലാം എടുത്തു ഷെല്‍ഫില്‍ വെയ്ക്കണം.

മകളോട് യാത്ര പറഞ്ഞ് അമ്മ വന്ന്‍ കാറിന്‍റെ ഡോര്‍ തുറക്കുമ്പോള്‍ ബാക്ക് സീറ്റില്‍ നരേന്ദ്രന്‍ ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു. കയ്യില്‍ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകവും പിടിച്ച്.

അമ്മ ചോദിച്ചു. “ഇവന് ഇതെന്തുപറ്റി.? നിനകെന്താ മോനേ സുഖമില്ലേ? അനിതേ? ഇവനെന്താ വല്ലാതെ?”

“അമ്മ അറിയാത്തതല്ലല്ലോ മോന്‍റെ പുസ്തകപ്രേമം. വായിച്ചാലേ ഉറക്കം വരൂ.

ഉറങ്ങാതെ കിടന്ന പ്രോഫസ്സര്‍ക്ക് ശകുന്തളത്തിലെ ശ്ലോകമാണ് ഓര്‍മ്മ വന്നത്.

“സ്ത്രികള്‍ക്കേറ്റം പടുത ജന്തുവര്‍ഗത്തിലും താന്‍

ലോകേ കാണാം പ്രതിഭ കലരുന്നോരില്‍ ഒതേണ്ടതുണ്ടോ.”

എവിടെയോ എന്തോ പന്തികേടുള്ളതുപോലെ അമ്മ മകനെ നോക്കി.

അതുവരെ കണ്ണുപൂട്ടാതെ, ചെവിയോര്‍ത്ത് കിടന്ന നരേന്ദ്രന്‍ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. അമ്മ മകനെ തട്ടിവിളിച്ച് ഒച്ചവെച്ചു. “എണീറ്റിരിക്കെടാ. എനിക്ക് ഇരിക്കണ്ടേ.” ലോകോല്പത്തി മുതല്‍ ഉറങ്ങുകയായിരുന്നു എന്ന ഭാവത്തില്‍ നരേന്ദ്രന്‍ കോട്ടുവായിട്ട് എണീറ്റിരുന്നു.

തിരിച്ചുവരുമ്പോള്‍ കാറില്‍ ശ്മശാനമൂകതയായിരുന്നു. വളരെ വളരെ പതുക്കെ അമ്മ വിഷ്ണുസഹസ്രനാമം ചൊല്ലുന്നുണ്ടായിരുന്നു. “പവിത്രം മംഗളം പരം ” ഗുഡ എന്ന്‍ നരേന്ദ്രന്‍ പേരിട്ടിട്ടുള്ള തന്‍റെ വീട്ടിന്‍റെ കാര്‍ഷെഡില്‍ കാര്‍ കേറ്റിയിട്ട് രമേശന്‍ താക്കോല്‍ ഉടമയുടെ കയ്യില്‍ കൊടുത്തു. എവിടെ നിന്നോ എന്തോ ശബ്ദം കേള്‍ക്കുന്നതായി പ്രോഫസ്സര്‍ക്ക് തോന്നി. അതോ അയാളുടെ മനസ്സിലെ പ്രക്ഷുബ്ധമായ സുനാമിത്തിരകള്‍ കടപ്പുറത്തെ നക്കിതുടയ്ക്കുന്ന ശബ്ദമായിരുന്നോ അത്?

ഒരു വിദ്യാര്‍ത്ഥിയുടെ ഭാവമായിരുന്നു രമേശന്‍റെ മുഖത്തെന്ന്‍ ആ മങ്ങിയ വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു.

അടുക്കളചുവരിലെ ആണിയില്‍ തൂക്കിയ ആ താക്കോല്‍ ദിവസങ്ങളോളം അവിടെ ത്തന്നെ തൂങ്ങിക്കിടന്നു.

മറുപടിയില്ലാത്ത ഗോള്‍

ഇടത്തെ കയ്യിലെ ചായക്കപ്പും വലത്തെ കയ്യിലെ വര്‍ത്തമാനപത്രവും ടീപ്പോയിമേല്‍ വെച്ച്(ഇട്ട് എന്നു പറയുന്നതാവും ശരി) നിര്‍മ്മലടീച്ചര്‍ അകത്തുപോയി ഒരു കത്തി എടുത്തുകൊണ്ടുവന്ന്‍ പറമ്പില്‍ എന്തോ ചെയ്യുകയായിരുന്ന ഭര്‍ത്താവിന്‍റെ മുമ്പിലേക്കെറിഞ്ഞ് കൊടുത്തിട്ട് ജനവാതിലിലൂടെ കയ്യെത്തിച്ച് ഒരു മുഷിഞ്ഞ ഷോളെടുത്ത് ദേഹത്തിട്ട് പടികളിറങ്ങി നിരത്തിലേക്ക് നടന്നു. പത്തടി നടന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിക്കുന്നത് കേട്ട് ടീച്ചര്‍ ഒന്ന് തിരിഞ്ഞുനിന്നു. “ഹലോ എങ്ങോട്ടാ?” വെറുതെ തോന്നിയതാ. ആരുമില്ല. ശരിയാ എങ്ങോട്ടാ? കയ്യില്‍ കാശില്ല. ഇട്ട വേഷം വളരെ മുഷിഞ്ഞതാണ്. ഇങ്ങനെ പോവാന്‍ പറ്റിയ ഒരു സ്ഥലമേയുള്ളൂ. അഥവാ നല്ല വേഷമാണെങ്കിലും വീട്ടില്‍ പോയാല്‍ അമ്മ സ്വീകരിക്കില്ല. വിവാഹം കഴിഞ്ഞ് വരുമ്പോള്‍ അമ്മ ആകെതന്ന ഉപദേശം അതാണ്. ഇഷ്ടമാണെങ്കിലും കഷ്ടമാണെങ്കിലും അവിടെ കഴിഞ്ഞോണം. ഭര്‍ത്തൃഗൃഹം ദ്വാരക. അഞ്ചുകൊല്ലം മുമ്പ് വീടുകെട്ടി മാറിയപ്പോള്‍ തുടങ്ങി ഒരിക്കല്ലെങ്കിലും നടന്ന് പോയിട്ടുണ്ടാവില്ല. വഴിയറിയാമോ എന്ന് ചോദിച്ചാല്‍ നടന്നുനോക്കാം.

പോവാതെ പറ്റില്ലല്ലോ, കഴിഞ്ഞ 20 വര്‍ഷമായി ഈ അക്രമങ്ങള്‍ സഹിക്കാന്‍ തുടങ്ങിയിട്ട്. എല്ലാത്തിനും ഒരു പരിധി ഇല്ലേ? ഭാര്യയെ ഭരിക്കുന്നവനായിരിക്കണം ഭര്‍ത്താവ് എന്നാണ് ധാരണ. ഭാര്യയെ ഒരു വ്യക്തിയായി  അംഗീകരിച്ചേ മതിയാവൂ. ഒന്നുമില്ലെങ്കിലും താനൊരു അദ്ധ്യാപികയല്ലേ. വെറും സാധാരണ ടീച്ചറും അല്ല. മറ്റു ടീച്ചര്‍മാരില്‍ നിന്നും ഒരുപാട് വ്യത്യസ്ഥയായൊരു ടീച്ചര്‍. അത്തരം പരിഗണനയൊന്നും വേണ്ട, അവഗണിക്കാതിരുന്നാല്‍ മതി.

ഒന്നാം ഭാര്യ കാറാണ്. രണ്ടാമത്തെ ഭാര്യ ക്രിക്കറ്റും. അതിനു വേണ്ടുന്ന രണ്ടു സന്താനങ്ങളും. മൂത്തവന്‍ ഗൌതം , പ്ലസ്‌ ടൂവിനു 1200 ല്‍ 1200 മാര്‍ക്ക്‌ വാങ്ങിയത് അവന്‍റെ മിടുക്ക് കൊണ്ടാണെന്നത് ശരി. പക്ഷേ ഒരു നേരം അവന്‍റെ പഠിപ്പിനെ പറ്റി അച്ഛന്‍ അന്വേഷിച്ചിട്ടുണ്ടോ? ആഴ്ചയ്ക്ക് രണ്ടു ദിവസം മാത്രം നാട്ടിലേക്ക് വരുന്ന ആള്‍ക്ക് അതിനൊക്കെ എവിടെ സമയം? രണ്ടാമത്തെ ആള്‍ ഗാര്‍ഗി സകലകലാവല്ലഭയാണ്.  അവള്‍ക്ക് പാട്ടും ഡാന്‍സും പഠിക്കാന്‍ കൂടെ പോവാന്‍ അമ്മ വേണം. എന്നാലും രണ്ടാളും അച്ഛന്‍റെ മക്കളാണെന്നേ പറയൂ.സാധാരണ ദിവസങ്ങളെക്കാളും നേരത്തെ പണി തുടങ്ങണം. ശനിയും ഞായറും ദിവസങ്ങളില്‍ ഭക്ഷണം പലതരത്തില്‍ വേണം. അച്ഛന്‍ ഉണ്ടാവുമ്പോ മക്കള്‍ക്ക് കുറച്ച് ശ്രിംഗാരം കൂടുതലാണ്.

അല്ലാ തനിക്ക് വഴി തെറ്റിയോ? ഇല്ല കുട്ടികള്‍ പഠിച്ച കിന്‍ഡര്‍ ഗാര്‍ഡന്‍റെ മുമ്പിലെത്തി. നീനടീച്ചറെ പുറത്തെങ്ങാന്‍ കാണുന്നുണ്ടോ? എല്‍ കെ ജി, യു കെ ജി പിള്ളേരെ പഠിപ്പിച്ച് പഠിപ്പിച്ച് നീനടീച്ചരുടെ മുഖവും പെരുമാറ്റവും നിഷ്കളങ്കരായ കുട്ടികളെപ്പോലെയാണ്. ഏതാണ്ട് പകുതി ദൂരം ആയെന്ന്‍ തോന്നുന്നു. ഞായാഴ്ച ആയതുകൊണ്ട് വഴിയില്‍ ആള്‍ സഞ്ചാരം കുറവാണ്. ആരും തന്നെ കാണണ്ട. ഇനി നേരെ നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്ന് കുറേക്കൂടി മുമ്പോട്ടു പോയാല്‍ ഒരു കവല. ഇടത്തോട്ടു തിരിഞ്ഞാല്‍ പിന്നെ കുറച്ച് നടന്നാല്‍ മതി.

സ്കൂളില്‍ എല്ലാര്‍ക്കും ഉപദേശിയാണ് നിര്‍മല ടീച്ചര്‍. ബാക്കി 42 ടീച്ചര്‍മാര്‍ക്കും എപ്പൊഴും എന്തെങ്കിലും പരാതി ഉണ്ടാവും. എല്ലാം പരിഹരിക്കാന്‍ നിര്‍മലക്ക് വളരെ കുറച്ച് വാക്കുകളും വളരെ കുറച്ച് സമയവും മതി. എല്ലാവരും എത്ര ധൈര്യമായിട്ട തന്‍റെ അടുത്തുവന്ന്‍ പ്രശ്നങ്ങളുടെ വിഴുപ്പുകെട്ടുകള്‍ അഴിക്കുന്നത്. താന്‍ എല്ലാ സ്വകാര്യതകളും കാത്തുസുക്ഷിക്കും എന്ന വിശ്വാസമുള്ളത്കൊണ്ടാണ്. അല്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം? ദേവകി ടീച്ചര്‍ക്ക് ഭര്‍ത്താവിനെ പറ്റി ഒരു പരാതിയെ ഉള്ളു. ഒന്ന്‍ കുളിച്ചിട്ട് വന്ന്‍ കിടന്നുകൂടെ? അതിനും നല്ല പരിഹാരം പറഞ്ഞുകൊടുത്തു.

അമ്മായിഅമ്മ ചോദിച്ചാല്‍ എന്തു പറയും.? മകന്‍റെ സ്വഭാവം ശരിക്കും പറഞ്ഞുകൊടുക്കണം, പോറ്റി ഇത്രയും ആക്കിയതല്ലേ? നിര്‍മല ടീച്ചര്‍ സ്കൂളിലെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് സാവധാനം നടന്നു. വേഗം നടക്കാന്‍ കഴിയുന്നില്ല. ഇന്ന്‍ വണ്ടിയില്‍ ഇന്ധനമൊന്നും നിറച്ചിട്ടില്ലല്ലോ.

ഗ്രേസി ടീച്ചറെയാണ് പെട്ടെന്നോര്‍മ്മ വന്നത്. ടീച്ചര്‍ക്ക് എന്നും എപ്പൊഴും ഒരു പരാതി മാത്രമാണ് ഉള്ളത്. “നാട്ടില്‍ എല്ലാര്‍ക്കും പുണ്യാളനാ. എല്ലാവര്‍ക്കും എത്ര നല്ല അഭിപ്രായമാണെന്നോ. വീട്ടില്‍ അതിയാനു മൂശേട്ട സ്വഭാവമാ. എന്തോ ബാധ കൂടിയതുപോലത്തെ പെരുമാറ്റം.”

നിര്‍മല സാവകാശം പറഞ്ഞു മനസിലാക്കും. “ വലിയൊരു ബിസ്സിനസ്സ് സ്ഥാപനത്തിന്‍റെ ഉടമയല്ലേ? എന്തെല്ലാം പ്രശ്നങ്ങള്‍ കാണും? തൊഴിലാളികളോടും സ്റ്റാഫിനോടും തട്ടിക്കയറാന്‍ പറ്റില്ലല്ലോ. അതൊക്കെ ടീച്ചറോട് തീര്‍ക്കുന്നതാണ്.”

“വല്ലപ്പൊഴുമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇത് എപ്പൊഴും ആവുമ്പോ രസംല്ല്യ” ഗ്രേസിടീച്ചര്‍ അപ്പോഴേക്കും കരച്ചിലിന്‍റെ വക്കത്ത് എത്തിയിട്ടുണ്ടാകും.

നിര്‍മല ടീച്ചര്‍ നടന്ന്‍ നടന്ന് ഇടവഴിയിലേക്ക് തിരിയണ്ടിടത്ത് എത്തി. അതിലെ പോയാല്‍ വീട്ടിലെത്തും. പക്ഷേ വഴി ശരിക്കും അറിയില്ല. മാത്രമല്ല ഒരു തൊഴിലും ഇല്ലാത്ത പെരുവഴിയിലേക്ക്‌ നോക്കിയിരിക്കുന്ന സ്ത്രീകളാണ് അവിടെയൊക്കെ. അഥവാ വഴിയോ മറ്റോ ചോദിച്ചാല്‍ അവരുടെ നൂറായിരം ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടിവരും. വേണ്ട നിരത്തിലൂടെ നടക്കാം. കല്യാണം നടത്താറുള്ള ഒരു ഹോളുണ്ട് വഴിയില്‍. ഭാഗ്യത്തിന് ജനങ്ങള്‍ അധികം കൂടിയിട്ടില്ല. രണ്ടോ മൂന്നോ കാര്‍ മാത്രമേ എത്തിയിട്ടുള്ളൂ. കുറച്ചുകൂടി പോയാല്‍ മുക്കവലയില്‍ എത്താം. അവിടെ അടുത്താണ് സതിടീച്ചറുടെ വീട്. സതി ടീച്ചര്‍ മലയാളം എം എ, ബി എഡ് ആണ്. വിദ്യാലയം എന്നു മാത്രേ ടീച്ചര്‍ പറയൂ. സതി ടീച്ചര്‍ ഇടയ്ക്കൊക്കെ പറയും “അങ്ങനെയും ആവാം അല്ലേ?“ മറ്റൊരു തരത്തില്‍ കൂടെ കാര്യങ്ങള്‍ കാണണം എന്നതാണ് വിവക്ഷ. അല്‍പസ്വല്‍പ്പം നര എത്തിനോക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും മനോഹരമായ ചുരുണ്ട മുടി. വിധുബാല എന്നായിരുന്നുവത്രേ ടീച്ചറുടെ കോളേജിലെ വിളിപ്പേര്. സ്റ്റാഫ്‌ റൂമില്‍ വെച്ച് പലരും ഡൈ ചെയ്യുന്നതിന് ടീച്ചറെ ഉപദേശിക്കാറുണ്ട്. “വേണ്ട നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ഒരു അമ്മയോ വല്ല്യേച്ചിയോ ആയി ഒരു നരച്ചതല നല്ലതല്ലേ?”

പെട്ടെന്ന് നിര്‍മല ടീച്ചര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി. തന്‍റെ അതെ പ്രശ്നവുമായി സ്കൂളിലെ അനിതടീച്ചരാണോ തന്നെ സമീപിച്ചിരുന്നതെങ്കിലോ? അനിതടീച്ചര്‍ ഒരു പെരുമഴ പെയ്യുമ്പോലെ പ്രശ്നം പറയും. “പിന്നെയില്ലേ നിര്‍മലടീച്ചര്‍ക്ക് മനസിലാവുന്നുണ്ടോ? ” നിര്‍മല അനിതയോട് പറയും.”ടീച്ചര്‍ ഒന്ന് നിര്‍ത്തി നിര്‍ത്തി പറയൂ. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?” അതെ ഇന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? നിര്‍മല ഓര്‍ത്തുനോക്കി. നന്ദകിഷോര്‍ എന്ന തന്‍റെ ഭര്‍ത്താവ് ശനിയാഴ്ച രാവിലെ കാറുകഴുകി കഴിഞ്ഞ് വളപ്പ് മുഴുവന്‍ സൂഷ്മാവലോകനം ചെയ്യാനിറങ്ങിയപ്പോള്‍ മുറ്റത്ത് പുതിയതായി ഒരു അയല്‍ കെട്ടിയിരിക്കുന്നത് കണ്ടു. താന്‍ നടക്കുമ്പോള്‍ കഴുത്തിനു തട്ടി എന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കാന്‍ ഇടയില്ല. അയല്‍ വളരെ ഉയരത്തിലാണ്. അവിടെനിന്നു ഒരലര്‍ച്ചയാണ് പിന്നെ കേട്ടത്. “ഇവിടെയാരാ അയല്‍ കെട്ടിയത്? വേറെ സ്ഥലമൊന്നും കണ്ടിട്ടില്ലേ? ഇപ്പം കത്തിയെടുത്തിട്ട് ഇത് മുറിച്ചിട്ട് തന്നെ കാര്യം. പോയി കത്തിയെടുത്ത് കൊണ്ട് വാ.” എന്തോ ബാധ കൂടിയതുപോലെയായിരുന്നു. പൂമുഖത്ത് വന്നപ്പോള്‍ താനിരിക്കുന്നത് കണ്ടു. “നിന്നോടല്ലേ കത്തി എടുത്തുകൊണ്ടുവരാന്‍ പറഞ്ഞത്.?” പണ്ടേ താന്‍ ഇരിക്കുന്നത് കാണുന്നത് ഇഷ്ടമല്ല. എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം. രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ പണിയാണ്. പ്രാതല്‍ ഒരുക്കിയപ്പോള്‍ അല്ലെങ്കില്‍ അത് കാസറോളിലിരുന്ന്‍ തണിയുമ്പോള്‍ ഒന്ന്‍ ഇരിക്കാമെന്നും ഒരു ചായ കുടിക്കാമെന്നും പത്രം കയ്യിലെടുത്തിരിക്കാമെന്നും ചിന്തിച്ചത് വെറും വ്യാമോഹമാണെന്ന്‍ പിന്നീടാണ് മനസിലായത്. അനിതയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞതെങ്കില്‍ നിര്‍മല പ്രതിവചിക്കുമായിരുന്നു “ എന്‍റെ അനിത ടീച്ചറെ, ഇതാണോ വലിയ പുകിലാക്കിയത്? ടീച്ചറുടെ ഭര്‍ത്താവ് ടീച്ചാരോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനെ അലറിയത്. അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിലും നല്ലതല്ലേ അത് സംഭവിക്കാതെ നോക്കുന്നത്. ഒരു അയല്‍ അത് കുടുങ്ങി ടീച്ചര്‍ ചത്തുപോയാല്‍ ആരാണ് ശനിയാഴ്ച വരുമ്പോള്‍ സാമ്പാര്‍ കൊണ്ടുവരുക?”

അനിത ടീച്ചരാണ് ഇത് കേട്ടിരുന്നതെങ്കില്‍ ചിരിക്കുന്നതുപോലെ നിര്‍മല നടുറോഡില്‍ നിന്ന്‍ ചിരിച്ചു. ഭാഗ്യത്തിന് ആരും കണ്ടില്ല. വെറുതെയല്ല കഴിഞ്ഞ സ്കൂള്‍ വാര്‍ഷികത്തിന് തനിക്ക് ഒരു പദവി തരാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചത്. ഉപദേശി എന്ന് വേണോ കൌൺസിലര്‍ എന്നവാണോ എന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കെ എച്ച് എം നാട്ടില്‍പോയി. ബിരുദദാനം അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചു.

ഒരു വീണ്ടുവിചാരമില്ലാതെ ഇറങ്ങിനടന്നത് വിഡ്ഢിത്തമായൊ? നിര്‍മല കല്ലുങ്കിനടുത്തെത്തി. ഇപ്പോള്‍ ദ്വാരകയുടെ തലയെടുപ്പുള്ള മേല്‍ക്കൂര കാണാം. നന്ദന്‍റെ നീട്ടി ഒരു സിക്സര്‍ അടിച്ചാല്‍ അവിടെ എത്തും. പടിപ്പുരയുടെ മാതൃകയിലാണ് പ്രവേശനകവാടം.

മുറ്റത്ത് ഹൈദ്രോസ്‌ കാര്‍ കഴുകുന്നുണ്ട്. ഹൈദ്രോസ്‌ പഴയ മിലിട്ടറിക്കാരനാണ്.ഫുള്‍കൈ ഷര്‍ട്ടും സൌമ്യഭാവവും അയാളുടെ മുഖമുദ്രയാണ്. ഹൈദ്രോസ്‌ തന്നെ കണ്ടിട്ടില്ല.കാര്‍ കഴുകുന്നത്തിലാണ് ശ്രദ്ധ മുഴുവന്‍. ചവിട്ടുപടികള്‍ കയറി പൂമുഖത്തെത്തിയപ്പോള്‍ ദ്വാരകയുടെ വീട്ടച്ചന്‍ വേണ്ട, ദ്വാരകയുടെ ഗൃഹനാഥന്‍ പത്രം വായിക്കുകയാണ്. വായിച്ചു കഴിഞ്ഞ രണ്ടു മലയാളപത്രങ്ങളും ചോളോപ്പൊരി പൊതിഞ്ഞുവെച്ച പോലെ വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇംഗ്ലീഷ് പത്രമാണ്‌ വായിക്കുന്നത്. പാലം കുലുങ്ങിയാലും കുലുങ്ങാത്ത മനുഷ്യന്‍. ഒന്ന് നോക്കിയതുപോലുമില്ല. നേരെ അടുക്കളയിലേക്ക് ചെന്നു. ഒരു ചമ്മലുണ്ടയ്യോ? തനിക്ക് കേറിചെല്ലാന്‍ ഏറ്റവും അര്‍ഹതയുള്ള സ്ഥലമാണത്. ഒരു പുതിയ നിലവിളക്ക് കയ്യില്‍ തന്ന് അമ്മായിഅമ്മ കൈ പിടിച്ച്കയറ്റിയ സ്ഥലമാണത്. അടുക്കളയിലെ ആലോലമാടുന്ന ബെഞ്ചില്‍ പോയിരുന്നു. ദ്വാരകയുടെ പ്രൌഡിക്ക് ഒട്ടും ചേരാത്ത ഒരു ഗൃഹോപകരണമാണ് ആ ബെഞ്ച്. അവിടെനിന്ന്‍ അത് മാറ്റുന്നതിനെക്കുറിച്ച് പലതവണ ചര്‍ച്ച ചെയ്തതാണ്. പക്ഷേ അത് ദ്വാരകയിലെ നാലുസന്തതികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു എന്നാണ് അവര്‍ പറയുന്നത്. സുഭദ്രചേച്ചിയും നന്ദകിഷോറും പിന്നെ ലവനും കുശനും. അവര്‍ എപ്പോഴെങ്കിലും ഒത്തുകൂടുമ്പോള്‍ ബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ചതിന്‍റെയും കാപ്പിയും വെള്ളവും ഒക്കെ തട്ടിമറിച്ചതിന്‍റെയും കണക്കുകള്‍ പറഞ്ഞു ചിരിക്കാറുണ്ട്. ലവനും കുശനും ഇപ്പോഴും വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ അമ്മ ഉപയോഗിക്കുന്ന വിരിപ്പും പുതപ്പും ഒക്കെയാണ് ഉപയോഗിക്കുന്നത്. ആദ്യമാദ്യം അത് അമ്മയെ സോപ്പിടുന്നതിന്‍റെ ഭാഗമാണെന്നാണ് വിചാരിച്ചത്. പക്ഷേ അത് അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വഭാവമാണെന്ന്‍ പിന്നീടാണ്‌ മനസിലായത്. നന്ദന്‍ പറയും “ നിനക്കിതൊന്നും മനസ്സിലാവില്ല നീയൊരു ഒറ്റക്കുറുക്കനല്ലേ. “ ശരിയാണ് സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ ഒത്തുക്കൂടുമ്പോള്‍ അത് എപ്പോഴാണെങ്കിലും അന്ന്‍ അവിടെ ഓണമാണ്.

ഒന്നും ചോദിച്ചില്ല, താന്‍ ഒന്നും പറഞ്ഞതുമില്ല. അമ്മ ഇടയ്ക്കിടെ പറയാറുള്ള ഒരു വാചകം ഉണ്ട്. “ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്.” അമ്മയ്ക്ക് അങ്ങനെ തോന്നിക്കാണും. പെട്ടെന്ന്‍ ഒരു ചായ വെച്ച് തന്‍റെ റെയിന്‍ബോ കപ്പ്‌ തേടിപ്പിടിച്ച് അതില്‍ ഒഴിച്ച് മുമ്പില്‍ വെച്ചു. പിന്നെ ഇഡ്ഢലിയും സാമ്പാറും നീക്കിവെച്ചു. പെട്ടെന്നെന്തോ ഓര്‍ത്തപോലെ അമ്മ പറഞ്ഞു. “ഓ നിനക്ക് ഇത് രണ്ടും ഇഷ്ടമല്ല അല്ലേ?

നിനക്ക് ബ്രഡും ചക്കവരട്ടിയതും തരാം.”

പിന്നെ അവര്‍ പറഞ്ഞു. “നീ ഇത് കഴിക്ക് ഞാന്‍ ഒന്ന് പത്രം നോക്കിയിട്ടുവരാം. പെണ്ണുങ്ങളുടെ നിരാഹാരസമരം എവിടെത്തിയോ എന്തോ?”

ഡൈനിംഗ് ടേബിളിന്മേല്‍ സ്ഥാപിക്കാറുള്ള മൊബൈല്‍ എടുത്ത് റിട്ടയര്‍ഡ് പ്രൊഫസര്‍ മീനാക്ഷി നമ്പ്യാര്‍ മുറ്റത്തേക്കിറങ്ങി, മകനെ വിളിച്ചു. “ഇന്ന് എല്ലാവരും ഇങ്ങോട്ട് വന്നോ ഊണ്കഴിക്കാന്‍ ”

“എന്താ അമ്മേ വിശേഷം?”

“എനിക്ക് ഇന്നൊരു ഗസ്റ്റുണ്ട്. കുമ്പളങ്ങ ഓലനും സാമ്പാറും ഒരു പായസവും ഒക്കെ വെക്കാം.“

“ശരി അമ്മേ.”

അകത്തുകയറിയ അവര്‍ നിര്‍മലയോട് പറഞ്ഞു. “നിന്‍റെ ഡ്രെസൊക്കെ ഉണ്ടല്ലോ ആ അലമാരയില്‍ , കുളിച്ചോളു.”

നിര്‍മല കുളിച്ചുവന്ന് പണ്ടത്തെപ്പോലെ അമ്മയെ പാചകത്തിന് സഹായിച്ചു. അല്ലെങ്കിലും നിമ്മിയുടെ അവിയലും പച്ചടിയും ഒക്കെ സ്വാദിഷ്ടമാണ്.

നന്ദനും കുട്ടികളും വന്നു. എല്ലാവരും ഊണുകഴിച്ചു. തിരിച്ചുപോവാന്‍ നേരം നന്ദന്‍ തുറന്നുപിടിച്ച ഡോറിലൂടെ നിര്‍മല കയറി.

ഗൌതം പറഞ്ഞു. “അച്ഛാ എനിക്ക് ഫുട്ബോള്‍ പ്രാക്ടീസ് ഉള്ളതാ, ഒന്നുവേഗം.” പിന്നെ ഒന്ന് നിര്‍ത്തി അവന്‍ ചോദിച്ചു. “അച്ഛാ അച്ഛാ ഇന്നാരാ അച്ഛാ ഗോളടിച്ചത്.”

“നിനക്ക് സംശയമുണ്ടോ ഗൌതം, ഇന്നത്തെ കളിയില്‍ ഗോളടിച്ചത് നിന്‍റെ അച്ചമ്മയാ. മറുപടിയില്ലാത്ത ഗോള്‍.”

മക്കളെ കാറുവരെ അനുഗമിച്ച മീനാക്ഷിനമ്പ്യാര്‍ അതിമനോഹരമായി പുഞ്ചിരിച്ചു. നാനാര്‍ത്ഥങ്ങളുള്ള ഒരു ചിരി.

തിരോധാനം

ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കെ വി ബീവിയായ എന്‍റെ സുഹൃത്തും പി വി സരളയായ ഞാനും (ഇതിന് ഒരു സത്യപ്രതിജ്ഞയുടെ ഛായയുണ്ടെങ്കില്‍ ഇതുവരെ മന്ത്രിമാരായിട്ടുള്ളവരും ഇനി മന്ത്രിമാരാവാന്‍ പോകുന്നവരും സദയം ക്ഷമിക്കുക.) പതിവുള്ള സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു. ഇവിടെ ഞങ്ങളെക്കുറിച്ച് ഒരല്‍പ്പം വിശദീകരണം ആവാം. കഴിഞ്ഞ അമ്പത്തിഅഞ്ച് കൊല്ലമായി( കൊല്ലങ്ങളായി എന്നു പറയുന്നതാണോ ശരി – എം കൃഷ്ണന്‍നായര്‍ യശശ്ശരീരനായ സ്ഥിതിക്ക് എങ്ങനെയും പറയാം അല്ലേ?) ഞങ്ങള്‍ ഇരു മെയ്യും ഒരു കരളുമായി സുഹൃദ്ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. “നീങ്ങിയിരുന്നു നിലംതാ“ എന്നൊരു പറച്ചില്‍ ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പള്ളിക്കൂടത്തില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയതും അന്നു ധരിച്ചിരുന്ന ഉടുപ്പും ഇടയ്ക്കിടെ ഞങ്ങളുടെ പരാമര്‍ശ വിഷയം ആവാറുണ്ട്. (അന്നൊന്നും യുണിഫോം പരിപാടി തുടങ്ങിയിട്ടില്ല) വ്യത്യസ്ഥ നഗരങ്ങളില്‍ ജനിച്ച ഞങ്ങള്‍ ബാപ്പയുടെയും അച്ഛന്‍റെയും  ജോലി സംബന്ധമായാണ് ഈ സ്ഥലത്ത് എത്തിയത്. വിവാഹ സുദിനങ്ങള്‍ വേറെവേറെയായിരുന്നുവെങ്കിലും ഞങ്ങളുടെ ആദ്യത്തെ പ്രസവം ഒരേ ദിവസമായിരുന്നു. പക്ഷേ സിനിമയില്‍ കണ്ടതുപോലെ അവര്‍ തമ്മില്‍ കല്യാണം കഴിച്ചില്ല. വിവാഹം എപ്പൊഴും സ്വന്തം മതത്തിലും ജാതിയിലും തന്നെയായിരിക്കണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നമുക്ക് സായാഹ്നസവാരിയിലേക്ക് മടങ്ങാം. ചിലപ്പോഴൊക്കെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ബീവി അടുക്കള സാധനങ്ങള്‍ വാങ്ങും. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിന് അതിന്‍റെ ഉടമ അവളെയാണത്രെ ആദ്യം ക്ഷണിച്ചത്. അതുകൊണ്ട് അവള്‍ ആ പയ്യനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് അവളുടെ വിശദീകരണം. ഞാന്‍ പറഞ്ഞു അവന്‍ ക്ഷണിച്ച എല്ലാവരോടും അങ്ങനെത്തന്നെയാവും പറഞ്ഞിട്ടുണ്ടാവുക. തലയിലൂടെയിട്ട സാരി നേരെയാക്കിക്കൊണ്ട് അവള്‍ പറഞ്ഞു “ അതൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല. എന്നോട് പറഞ്ഞതേ എനിക്കറിയൂ.

പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങാനില്ലാത്തതുകൊണ്ട് ഞങ്ങള്‍ രണ്ടു പെന്‍ഷന്‍ പറ്റിയ ടീച്ചര്‍മാര്‍ വഴി നീളെ ശിഷ്യരുടെ പുഞ്ചിരി ഏറ്റുവാങ്ങിക്കൊണ്ട് കോട്ടമൈതാനത്തിനടുത്തെത്തി. നേരത്തേ നടത്തം മതിയാക്കി എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പ് പതിവുപോലെ ടൌണ്‍ ഹാളിനടുത്ത് നില്‍ക്കുകയായിരുന്നു.

കാറ്റടിച്ച് പ്രസംഗം ടൌണ്‍ഹാളില്‍ നിന്ന് പുറത്തേക്കെത്തി. “ഇത്തരം ചില ഇന്ദ്രജാലങ്ങളും മഹേന്ദ്രജാലങ്ങളുമൊക്കെയാണ് നമ്മുടെ വിരസമായ ദൈനന്ദിന ജീവിതത്തെ ജീവിതവ്യമാക്കുന്നത്.

ബീവി പറഞ്ഞു “ ശ്രീധരന്‍ മാഷിന്‍റെ പ്രസംഗമല്ലേ കേള്‍ക്കുന്നത്?”

സ്റ്റൈലന്‍ പ്രസംഗം, കേള്‍ക്കാം. കുറച്ചു സമയം പരിപാടി കണ്ടിട്ട് പോവാം.

“അതുക്കും മീതെയല്ലേ മാഷിന്‍റെ താടി.“ ഞാന്‍ പറഞ്ഞപ്പോള്‍ ബീവി അമര്‍ത്തിമൂളി.

“അതെ അതെ പണ്ടൊരു കട്ടിമീശയുടെ പിന്നാലെ പോയ കഥ കോളേജിലെ പാണനും പാട്ടിയും പാടി നടക്കുന്നുണ്ടായിരുന്നല്ലോ.”

അതൊക്കെ തല്പരകക്ഷികള്‍ തിരഞ്ഞെടുപ്പുസമയത്ത് പ്രചരിപ്പിച്ചതല്ലേ? എന്നിട്ട് ഞാന്‍തന്നെയല്ലേ ജയിച്ചത്.

പണ്ടേ മാജിക്കിന്‍റെ ആരാധികയായ ബീവി പറഞ്ഞു “എന്തായാലും എനിക്ക് മാജിക് കാണണം.”

“അയ്യോ വേണ്ട ഇരുട്ടാവും എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും അവള്‍ മൊബൈലില്‍ സക്കീര്‍ ഹുസൈനെ വിളിച്ച് രാത്രി ടൌണ്‍ ഹാളിലേക്ക് വരണമെന്ന് പറഞ്ഞു.

ശ്രീധരന്‍ മാഷ് പ്രസംഗം കസറുകയാണ്. പ്രസംഗം കഴിഞ്ഞതും യവനിക വീണു. ഇന്ദ്രജാലത്തിനുവേണ്ടി വേദി ഒരുക്കാന്‍ വേണ്ടിയായിരിക്കും. ഗോപു എന്ന് പേരുള്ള ഗോപാലകൃഷ്ണനാണ് ജാലവിദ്യക്കാരന്‍- അടുത്തിരുന്നവര്‍ പറയുന്നത്കേട്ടൂ. നോട്ടീസില്‍ പടവും ഉണ്ട്. എത്ര ഓര്‍മിച്ചിട്ടും പയ്യനെ പിടികിട്ടിയില്ല. ഈ മാലക്കാവില്‍ എന്‍റെ വിദ്യാര്‍ഥികള്‍ അല്ലാത്തവരും ഉണ്ടോ?

ബീവി ആകാംക്ഷയോടെ ചോദിക്കാന്‍ തുടങ്ങി. “ഇതെന്താ ഇത്രയും വൈകുന്നത് ?” എനിക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ലായിരുന്നു. അവള്‍ക്കുവേണ്ടി ഇരുന്നു എന്നു മാത്രം.

ശീട്ടുകൊണ്ടും തൂവാലകൊണ്ടും പാലുകൊണ്ടും വെള്ളിത്തിരകൊണ്ടും ഗോപു ഒരുപാട് വിദ്യകള്‍ കാണിച്ചു. ഇടവേളകളില്‍ നാടോടി നൃത്തവുമുണ്ടായിരുന്നു.

മങ്ങിയ വെളിച്ചത്തില്‍ കുതിരപ്പുറത്ത്‌ വന്ന ഒരു രാജകുമാരന്‍ നാടോടിനൃത്തത്തിലെ ഒരു നര്‍ത്തകിയെ കുതിരപ്പുറത്ത്‌ കയറ്റി കൊണ്ടുപോയ രംഗം കാണികളുടെ കയ്യടിയില്‍ മുങ്ങിപോയി.

പരിപാടി അവസാനിക്കാറായി. ഇതുവരെ കാണികളില്‍ നിന്ന് കുട്ടികളെയായിരുന്നു സ്റ്റേജിലേക്ക് വിളിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇത്തവണ ഗോപുവിന് വേണ്ടത് ഒരു മുതിര്‍ന്ന സ്ത്രീയെ ആയിരുന്നു ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ മുന്‍വരിയില്‍ എത്തിയിരുന്നു. ഒഴിഞ്ഞ കസേരകള്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധത്തോടെ സംഘാടകര്‍ ഞങ്ങളെ മുന്‍പിലേക്ക് ആനയിക്കുകയായിരുന്നു.

പണ്ട് മുതലേ മാജിക്കിനോട് വല്ലാത്തൊരു ആരാധന വെച്ചു പുലര്‍ത്തിയിരുന്ന ബീവി കസേരയില്‍ നിന്നെണീറ്റപ്പോള്‍ ഞാനവളെ പിടിച്ചിരുത്താന്‍ ശ്രമിച്ചു. പക്ഷേ ആ അന്തരീക്ഷം അവളെ ഏതോ മായാവലയത്തിലാക്കിയതുപോലെ അവള്‍ അനായാസം പടികള്‍ കയറി സ്റ്റേജില്‍ എത്തി. ഈയിടെയായി അവള്‍ക്ക് പടി കയറാന്‍ വളരെ ബുദ്ധിമുട്ടാണ്.

തലയില്‍ തട്ടമുള്ള ഉമ്മച്ചിയെ മായാജാലക്കാരന്‍ സ്നേഹത്തോടെ സ്വാഗതം ചെയ്തു. അവന്‍ ചോദിക്കുന്നുണ്ടായിരുന്നു. “ടീച്ചറാണോ?” ബീവി തലയാട്ടുന്നത് കണ്ടു.

കൊച്ചുവര്‍ത്തമാനാങ്ങള്‍ക്കിടയില്‍ ഇന്ദ്രജാലക്കാരന്‍റെ ഒരു അറിയിപ്പ് വന്നു “ അടുത്ത ഒരു പരിപാടിയോടെ ഈ പ്രകടനം അവസാനിക്കുകയാണ്. പിന്നീടൊരു നന്ദി പറയാന്‍ അവസരം കിട്ടിയെന്ന് വരില്ല. ഈ നില്‍കുന്ന ടീച്ചര്‍ അടക്കം പരിപാടിയോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി നന്ദി നമസ്കാരം. ഒരു നിമിഷാര്‍ദ്ധത്തേക്ക് വെളിച്ചം അണയും. ദയവായി എല്ലാവരും സഹകരിക്കണം പിന്നീട് ഞാന്‍ ഈ ടീച്ചറെ കാണാതാക്കും; അതെ അക്ഷരാര്‍ത്ഥത്തില്‍ കാണാതാക്കും.”

എന്‍റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മൂളി. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്‍റെ മനസ്സ് പറഞ്ഞു.

പ്രവചിച്ചതുപോലെ ലൈറ്റ് അണഞ്ഞു. വീണ്ടും വെളിച്ചം വരുമ്പോള്‍ ബീവി തട്ടം ശരിയാക്കികൊണ്ടും ഗോപാലകൃഷ്ണന്‍ മൈക്ക് പിടിച്ച്കൊണ്ടും സ്റ്റേജില്‍ നില്‍പ്പുണ്ടായിരുന്നു.

പിന്നെ കേട്ടത് കാതടപ്പിക്കുന്ന ഒരു ശബ്ദമാണ്; ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. ഞെട്ടലില്‍ നിന്ന് മുക്തരായി സ്റ്റേജിലേക്ക് നോക്കിയവര്‍ കയ്യടിച്ചു. ചൂളം വിളിച്ചു.

ഒരു പാടു പോലും അവശേഷിപ്പിക്കാതെ ബീവി അപ്രത്യക്ഷയായിരിക്കുന്നു. മാന്ത്രികന്‍ കയ്യും വടിയും വീശി. സ്റ്റേജിനു കുറുകെ തിരശീല വീണു.

ഞാന്‍ സ്റ്റേജിന്‍റെ പുറകുവശത്തേക്ക് ചെന്നു. ചിരിച്ചുകൊണ്ട് ബീവി സാരി ശരിയാക്കുന്നുണ്ടാവും. പക്ഷേ ആ ചുറ്റുവട്ടത്തൊന്നും ബീവി ഉണ്ടായിരുന്നില്ല. മാന്ത്രികന്‍ വന്ന വാഹനം മടങ്ങിപോയി. ടൌണ്‍ ഹാളും പരിസരവും വിജനമായി. സക്കീര്‍ ഹുസ്സൈനെ റോഡിന്‍റെ മറുവശത്ത് ഞാന്‍ കണ്ടു. എന്‍റെ നെഞ്ചിടിപ്പ്‌ കൂടി. കാലുകള്‍ തളര്‍ന്നു. വെറും മണ്ണില്‍ ഞാന്‍ ഇരുന്നു.

ബീവിയുടെ ഭര്‍ത്താവിനോട് ഞാന്‍ എന്ത് പറയും. എല്ലാത്തിലും ഉപരി എനിക്കുവേണ്ടി ഇനി ആരാണ് സാരികള്‍ തിരഞ്ഞെടുക്കുക? എന്‍റെ മക്കള്‍ക്ക് വേണ്ടി ഇനി ആരുപ്രാര്‍ത്ഥിക്കും? വിധിയുടെ കരാളഹസ്തങ്ങള്‍ ധൃതരാഷ്ട്രാലിംഗനം നടത്തുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ച് “അല്‍ഹം ദുലില്ല” എന്ന്‍ ആരു പറയും? ബീവിയില്ലാത്ത ഒരു ലോകത്ത് ഞാന്‍ എങ്ങനെ ജീവിക്കും?