കാപ്പി കുടിക്കാന്‍ ഇരിക്കുമ്പോള്‍ പ്രൊഫസര്‍ നരേന്ദ്രനാഥ് ഭാര്യയോട് പറഞ്ഞു. “അനിതേ…. അമ്മ..” പെട്ടെന്ന് അയാള്‍ ഓര്‍ത്തു. അനിത വളരെ സെന്‍സിറ്റീവ് ആണ്. അമ്മ വീട്ടിലേക്ക് വിളിക്കാതെ മകനെ കോളേജിലേക്ക് വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് തന്നെ അയാള്‍ ചോദിച്ചു. “ഇവിടെ ഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ ആയിരുന്നോ ? ”
“അതെ ഉച്ചക്ക് ശേഷം ഒരു കോളും ഉണ്ടായിരുന്നില്ല. ഞാന്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ നോക്കിയിട്ട് കിട്ടിയതുമില്ല.”
“അമ്മയ്ക്ക് വരണമെന്ന് പറഞ്ഞു. ആ പയ്യന്നോട് പറയണം.”

ഡ്രൈവറെ ഉദേശിച്ചിട്ടാണ് പ്രൊഫസര്‍ പറഞ്ഞത്. നരേന്ദ്രന് തന്റെ വായനാമുറിയിലേക്ക് പോയി. ലോകത്താരും ഇതുപോലെ ഒരു മുറി രൂപകല്പന ചെയ്തിട്ടുണ്ടാവില്ലപുസ്തകങ്ങള് സൂക്ഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയിട്ടുള്ള ഒരു മുറി ആയിരുന്നു അത്. പടിഞ്ഞാറോട്ട് തുറക്കുന്ന വാതിലിന്റെ പുറത്ത് ഒരു മനോഹരമായ താമരകുളം. പക്ഷേ പ്രകൃതി രമണീയത ആസ്വദിക്കാന്‍ നരേന്ദ്രനു സമയം കിട്ടാറില്ല. കിട്ടാവുന്ന ഓരോ നിമിഷവും ഊറ്റി എടുത്ത് വായിക്കുന്ന സ്വഭാവമായിരുന്നു അയളുടെത്. മറ്റെല്ലാം നീക്കിവെച്ചു അയാള്‍ പുസ്തകം വാങ്ങും. അനിത പലപ്പോഴും ചോദ്യം ചെയ്യുന്ന സ്വഭാവമാണത്. “ എന്തിനാ ഇത്രയധികം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നത്?”.
നരേന്ദ്രന് വളരെയധികം ശാന്തനായി അനിതയെ പറഞ്ഞു മനസിലാക്കും . “ പുസ്തകങ്ങള്‍ അല്ലേ അനിതേ, ചീഞ്ഞു പോവാത്ത സാധനം അല്ലേ. മക്കള്‍ക്കോ അടുത്ത തലമുറയ്ക്കോ, വേണമെങ്കില്‍ ഇവിടെത്തന്നെയോ സൂക്ഷിക്കാം. അല്ലെങ്കില്‍ എന്റെ കാലശേഷം എതെങ്കിലും വായനശാലയ്ക്ക് കൊടുക്കണം. കൊടുക്കുംമുമ്പ് എല്ലാ പുസ്തകങ്ങളിലും സീല്‍ വച്ചിട്ടുണ്ടോ എന്ന് നോക്കണം. പിന്നെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റും എഴുതിവയ്ക്കണം. ഞാന്‍ വല്ലപ്പോഴും ഇവിടെവന്ന് എത്തിനോക്കും.” പലപ്പോഴും പതിവുള്ള ഈ സംഭാഷണത്തിന്റെ അവസാനഭാഗമാകുമ്പോഴേക്കും അനിത പിണങ്ങിപ്പോകും.
വായനമുറിയില്‍ മേശമേല്‍ എടുത്തുവെക്കാത്ത പുസ്തകങ്ങളുടെ ഒരു കെട്ട് ഉണ്ടായിരുന്നു. വാങ്ങിയ തിയതിയും എഴുതി അതൊക്കെ എടുത്തു വെക്കാന്‍ തുടങ്ങുമ്പോള്‍ അനിത എന്തോ പറഞ്ഞുകൊണ്ടുവന്നു. നരേന്ദ്രന് പെട്ടെന്ന് മേശമേല്‍ വെച്ച പുസ്തകങ്ങളെ മറച്ചുകൊണ്ട് നിന്നു. വെറുതെ സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അനിത നല്ല മൂഡിലായിരുന്നു. “ഹലോ. എത്രമണിക്ക് പോവണമെന്ന് പറഞ്ഞില്ല.”
“എവിടെ?”
“ഇത്രവേഗം മറന്നോ? അമ്മയെ കൂട്ടാന്‍. രമേശന് പോവുന്നതിന്റെ മുമ്പേ പറയണം.”
“എട്ടു മണി കഴിഞ്ഞ് അവിടെ എത്തിയാല്‍ മതി. അപ്പോഴെയ്ക്കെ ഓഫീസര്‍ മടങ്ങിയെത്തുകയുള്ളൂ.”
സഹോദരിയുടെ ഭര്‍ത്താവിനെ കുറിച്ചാണ് ഓഫീസര്‍ എന്നു പറഞ്ഞത്. വൈശാഖ് എവിടെയെങ്കിലും ടൂര്‍ പോകുമ്പോള്‍ കൂട്ടിരിക്കാന്‍ അമ്മയെ ലത വിളിക്കും. അരമണിക്കൂര്‍ കാര്‍ ഓടിച്ചാല്‍ അവിടെ എത്തും. അമ്മയ്ക്ക് മകന്റെ അടുത്ത് താമസിക്കുന്നതാണ് ഇഷ്ടം. അനിതയും അമ്മായിഅമ്മയും നല്ല കൂട്ടാണ്. വിചിത്രസ്വഭാവമുള്ള വീട്ടുകാര്യമൊന്നും ശ്രദ്ധിക്കാത്ത നരേന്ദ്രന്റെ ഇടയില്‍ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്താന്‍ അമ്മ നന്നായി സഹായിക്കുന്നുണ്ട്. അമ്മുവിനും മാളുവിനും പഠിക്കുമ്പോഴും അമ്മ കൂടെതന്നെയിരിക്കണം. കുട്ടികളെ സ്നേഹിക്കാന്‍ മാത്രമല്ല ശാസിക്കാനും അമ്മയ്ക്ക് അറിയാം. “ടി വി ഓഫാക്കി പോയി പഠിക്ക് “. എന്ന് അമ്മ പറഞ്ഞാല്‍ പിന്നെ ആ വീട്ടില്‍ ഒരില അനങ്ങില്ല.
അനിത പോയി എന്ന് ഉറപ്പുവരുത്തിയ ശേഷം നരേന്ദ്രന് വീണ്ടും പുസ്തകക്കെട്ട് സ്പര്‍ശിച്ചു. ഒരു നവജാതശിശുവിനെ എന്നോണം അയാള്‍ അവയെ കണ്ണുനിറച്ചു കണ്ടു.
ഗബ്രിയേല്‍ മാര്‍ക്കോസ് തുടങ്ങി കമലാദാസ് വരെ എഴുതിയ പത്തു പുസ്തകങ്ങള്‍ അവ മുഴുവന്‍ അടുക്കി വെച്ച ശേഷവും ഒരു പുസ്തകം മേശമേല്‍ ബാക്കിയായി. പുസ്തകത്തിന്റെ പുറത്തുള്ള കവറില്‍ ‘TO prof. നരേന്ദ്രനാഥ് ‘ എന്ന് എഴുതിയിരുന്നു. അങ്ങനെ എഴുതാന്‍ ഇടയുള്ള ഒരാളെ മാത്രമേ അയാള്‍ക്ക് അറിയുകയുള്ളു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഹൈസ്കൂള്‍ തുടങ്ങി പതിനൊന്നു കൊല്ലം ഒന്നിച്ചു പഠിച്ചും, ഇപ്പോഴും ഫോണ്‍ ചെയ്തും മെയില്‍ അയച്ചും വല്ലപ്പോഴും മഹാനഗരത്തിലേക്ക് വരുമ്പോള്‍ സന്ദര്‍ശിച്ചും ബന്ധം പുലര്‍ത്തുന്ന ഒരു ക്രോണിക് ബാച്ചിലര്‍ – പ്രശാന്ത്.
അവന് ഇതുവരെ കല്യാണം കഴിക്കാന്‍ സമയം കിട്ടിയിട്ടില്ല. ലോകത്തുള്ള ഭൂകമ്പങ്ങളെയും വെള്ളപ്പൊക്കങ്ങളെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും കുറിച്ച് പഠിച്ചുകൊണ്ട് അതിനു ഇരയാവുന്ന മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ട്, അനാഥരാവുന്ന കുട്ടികള്‍ക്ക് ഒരു രണ്ടാം ജന്മം കൊടുത്തുകൊണ്ട് ജീവിച്ചിരിക്കുന്നതില്‍ കൂടുതല്‍ സമയവും വായുവില്‍ സഞ്ചരിച്ചുകൊണ്ട് ഒരു താടിക്കാരന്. അവസാനം അവനെ കാണുമ്പോള്‍ അവന് “ഡിസാസ്റ്റേര്‍സ് ഓര്‍ഗ് ” എന്ന് എഴുതിയ ഒരു ടീ ഷര്‍ട്ടാണ് ഇട്ടിരുന്നത്.
അന്ന് അവനോട് തമാശയായി ചോദിച്ചു. “ഈ ലോകത്തെ എല്ലാ പ്രകൃതിക്ഷോഭങ്ങള്‍ക്കും നീ ഒരുത്തനാണു കാരണക്കാരന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നീ നിഷേധിക്കുമോ? ”
“പുസ്തങ്ങള്‍ക്ക് മുമ്പില്‍ കുത്തിയിരിക്കാതെ അവിടെയൊക്കെ പോയി നോക്കണം , ലാതുറില്, ഇറാക്കില്‍, ഗുജറാത്തില്‍, ജപ്പാനില്‍.. ” അവന് ഏറ്റവുമധികം വാചാലനാവുന്ന വിഷയമാണ് എന്ന് അറിയാവുന്നത് കൊണ്ട് നരേന്ദ്രന് ചൂണ്ടുവിരല്‍ വെച്ച് പറഞ്ഞു.” ചുപ്പ്”.
പിന്നെ അവര്‍ പുറത്തുപോയി. അവന് അന്ന് ഒരു വെജിറ്റബിള്‍ സൂപ്പ് മാത്രം കഴിച്ചു. അത് മാത്രം മതിയോ എന്ന് നരേന്ദ്രന് ചോദിച്ചപ്പോള്‍ പ്രശാന്ത് പറഞ്ഞു. “ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ശരിയാവില്ല. എപ്പോഴാണ് എവിടെയാണ് പോകേണ്ടിവരിക എന്ന് അറിയില്ല. എപ്പൊഴും തയ്യാറായി ഇരിക്കണം.”
വീട്ടിലേക്ക് തിരിച്ചുവന്ന് അവനെ എയര്‍പോര്‍ട്ടിലേക്ക് വിടാന്‍ വേണ്ടി രമേശനെ വിളിച്ചപ്പോള്‍ പ്രശാന്ത് പറഞ്ഞു. “ധാരാളം സമയമുണ്ട്. ഞാന്‍ എത്തിക്കോളാം. പിന്നെ സ്വരം താഴ്ത്തി, പ്രവാചകന്റെ മട്ടില്‍ പ്രശാന്ത് പറഞ്ഞു. “നിനക്കെന്തിനാടാ ഒരു കാര്‍? നിനക്കെന്തിനാടാ ഒരു ഡ്രൈവര്‍?”
വ്യര്‍ത്ഥമായി ഒരു വാക്കുപോലും ഉച്ചരിക്കാത്ത ആ സുഹൃത്ത് അന്ന് അങ്ങനെ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് പ്രോഫെസ്സര്‍ക്ക് മനസിലായില്ല. അയാള്‍ക്ക് ഒരിക്കലും മനസിലാവില്ല. അനിതയ്ക്ക് വേണ്ടിയാണു അയാള്‍ കാര്‍ വാങ്ങിയത്. അവള്‍ക്ക് എവിടെയെങ്കിലും പോവാനും, അമ്മയ്ക്ക് വല്ലപ്പോഴും ക്ഷേത്രത്തില്‍ പോവാനും.
അനിത കുട്ടികളോട് പറയുന്നത് കേട്ടു. “ഹോംവര്‍ക്ക് വേഗം വേഗം ചെയ്യണം. അമ്മയ്ക്ക് അച്ഛമ്മയെ കൂട്ടാന്‍ പോവണം. ” നരേന്ദ്രനാഥിനു സ്വന്തം ചെവികളെ വിശ്വസിക്കാന്‍ സാധിച്ചില്ല. രാത്രി എഴുമണിക്കും പത്തുമണിക്കും ഇടയില്‍ അനിതയ്ക്ക് ഭക്ഷണം എടുത്തുതരാനുള്ള ക്ഷമ പോലും കാണാറില്ല. റിമോട്ട് കയ്യില്‍ പിടിച്ച് അവള് ഏതൊക്കെയോ സീരിയല്‍ കാണും.
രണ്ടാഴ്ച്ച മുബ് കുട്ടികള്‍ സര്‍ക്കസ് കാണണമെന്ന് വാശി പിടിച്ച് കരഞ്ഞപ്പോള്‍ അനിത കുലുങ്ങിയതേ ഇല്ല. “ഇന്നോ ഞാനില്ല. എല്ലാവരും കൂടെ പൊയ്ക്കോ. അമ്മയും വരും. പ്രോഫസ്സര്‍ക്ക് കാണാന്‍ സമയമില്ലെങ്കില്‍ വിളിക്കാന്‍ പോയാല്‍ മതി. ”
അനിതയെ പിണക്കാന്‍ നരേന്ദ്രന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
അമ്മു അവളുടെ അമ്മയെ ചോദ്യം ചെയ്തു. “അമ്മയ്ക്കെന്താ ഇവിടെ കാര്യം.”
“എനിക്ക് മേഘം കാണണം. ഇന്ന് അവസാനത്തെ എപിസോഡാണ്. ആ പ്രവീണ എത്ര കാലമായി ഡോക്ടര്‍ ആദിത്യനെ വിചാരിച്ച് കഴിയുന്നു. പാവം അവസാനം കണ്ടേ തീരു. ”
എട്ടാം ക്ലാസ്സില്‍ പഠിക്കുന്നഅമ്മു പറഞ്ഞു. “ ഒന്നുകില്‍ അമ്മ നായകന്റെയും നായികയുടെയും യഥാര്‍ത്ഥപേര് പറയണം. അല്ലെങ്കില്‍ രണ്ടാളുടെയും സീരിയലിലെ പേര് പറയണം.”
പ്രോഫസ്സരുടെ അമ്മ ഇലയ്ക്കും മുള്ളിനും കേടുകൂടാതെ ആ പ്രശ്നം പരിഹരിച്ചു.
നരേന്ദ്രന് അടുക്കളയിലേക്ക് പോയി അനിതയോട് പറഞ്ഞു. “ രമേശന് പോയി കൂട്ടിവരും. ” അനിത പെട്ടെന്ന് പ്രതിവചിച്ചു. “അല്ല ഞാന്‍ പോവാം. അമ്മയ്ക്ക് വലിയ സന്തോഷമാവും.ഇനി സീരിയല്‍ കാണുന്നത് കുറച്ച് ചുരുക്കണം. കുട്ടികള്‍ വലുതായി വരുകയല്ലെ? എട്ടാംക്ലാസ്സിലെത്തിയ അമ്മുവിന് നന്നായി പഠിക്കാന്‍ കാണും.” അയല്‍ ഗ്യാസ് സ്റ്റൌവിന്റെയും ഗ്യാസ് സിലിണ്ടറിന്റെയും മുകളിലേക്ക് നോക്കി. അവിടെ ബോധിവൃക്ഷമോ മറ്റോ..?
“ ഇവിടെയാരാ ? എനിക്കൊന്ന് പുറത്തേക്ക് പോകണം.”
“നിര്‍ബന്ധമാണെങ്കില്‍ പോകണം. അമ്മുവിന് ഞാന്‍ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒരു മണിക്കൂറിന്റെ കാര്യമല്ലേയുള്ളൂ.”
പ്രോഫെസ്സരുടെ ആറാമിന്ത്രിയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആരുടെ കാര്യത്തിലായാലും സംശയം മോശമാണെന്നും അതൊരു രോഗമാണെന്നും അയാള്‍ക്കറിയാം.
ജീവിതത്തില്‍ പല കാര്യങ്ങളും നരേന്ദ്രന് ഒരുള്വിളിയോടെയാണ് ചെയ്യാറുള്ളത്. അവയൊക്കെയും ആത്യന്തികമായി ശരിയായിരിക്കുകയും ചെയ്യും. ഒരു കെട്ട് പുസ്തകങ്ങള്‍ കാറിലിരിക്കുന്നുണ്ട്. അനിത കാണാതെ അതെല്ലാം എടുത്തു ഷെല്‍ഫില്‍ വെയ്ക്കണം.
മകളോട് യാത്ര പറഞ്ഞ് അമ്മ വന്ന് കാറിന്റെ ഡോര്‍ തുറക്കുമ്പോള്‍ ബാക്ക് സീറ്റില്‍ നരേന്ദ്രന് ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു. കയ്യില്‍ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകവും പിടിച്ച്.
അമ്മ ചോദിച്ചു. “ഇവന് ഇതെന്തുപറ്റി.? നിനകെന്താ മോനേ സുഖമില്ലേ? അനിതേ? ഇവനെന്താ വല്ലാതെ?”
“അമ്മ അറിയാത്തതല്ലല്ലോ മോന്റെ പുസ്തകപ്രേമം. വായിച്ചാലേ ഉറക്കം വരൂ.
ഉറങ്ങാതെ കിടന്ന പ്രോഫസ്സര്‍ക്ക് ശകുന്തളത്തിലെ ശ്ലോകമാണ് ഓര്‍മ്മ വന്നത്.
“സ്ത്രികള്ക്കേറ്റം പടുത ജന്തുവര്‍ഗത്തിലും താന്‍
ലോകേ കാണാം പ്രതിഭ കലരുന്നോരില് ഒതേണ്ടതുണ്ടോ.”
എവിടെയോ എന്തോ പന്തികേടുള്ളതുപോലെ അമ്മ മകനെ നോക്കി.
അതുവരെ കണ്ണുപൂട്ടാതെ, ചെവിയോര്‍ത്ത് കിടന്ന നരേന്ദ്രന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. അമ്മ മകനെ തട്ടിവിളിച്ച് ഒച്ചവെച്ചു. “എണീറ്റിരിക്കെടാ. എനിക്ക് ഇരിക്കണ്ടേ.” ലോകോല്പത്തി മുതല്‍ ഉറങ്ങുകയായിരുന്നു എന്ന ഭാവത്തില്‍ നരേന്ദ്രന് കോട്ടുവായിട്ട് എണീറ്റിരുന്നു.
തിരിച്ചുവരുമ്പോള്‍ കാറില്‍ ശ്മശാനമൂകതയായിരുന്നു. വളരെ വളരെ പതുക്കെ അമ്മ വിഷ്ണുസഹസ്രനാമം ചൊല്ലുന്നുണ്ടായിരുന്നു. “പവിത്രം മംഗളം പരം ” ഗുഡ എന്ന് നരേന്ദ്രന് പേരിട്ടിട്ടുള്ള തന്റെ വീട്ടിന്റെ കാര്‍ഷെഡില്‍ കാര്‍ കേറ്റിയിട്ട് രമേശന് താക്കോല്‍ ഉടമയുടെ കയ്യില്‍ കൊടുത്തു. എവിടെ നിന്നോ എന്തോ ശബ്ദം കേള്‍ക്കുന്നതായി പ്രോഫസ്സര്‍ക്ക് തോന്നി. അതോ അയാളുടെ മനസ്സിലെ പ്രക്ഷുബ്ധമായ സുനാമിത്തിരകള്‍ കടപ്പുറത്തെ നക്കിതുടയ്ക്കുന്ന ശബ്ദമായിരുന്നോ അത്?
ഒരു വിദ്യാര്‍ത്ഥിയുടെ ഭാവമായിരുന്നു രമേശന്റെ മുഖത്തെന്ന് ആ മങ്ങിയ വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു.
അടുക്കളചുവരിലെ ആണിയില്‍ തൂക്കിയ ആ താക്കോല്‍ ദിവസങ്ങളോളം അവിടെ ത്തന്നെ തൂങ്ങിക്കിടന്നു.
