ഇടത്തെ കയ്യിലെ ചായക്കപ്പും വലത്തെ കയ്യിലെ വര്‍ത്തമാനപത്രവും ടീപ്പോയിമേല്‍ വെച്ച്(ഇട്ട് എന്നു പറയുന്നതാവും ശരി) നിര്‍മ്മലടീച്ചര്‍ അകത്തുപോയി ഒരു കത്തി എടുത്തുകൊണ്ടുവന്ന്‍ പറമ്പില്‍ എന്തോ ചെയ്യുകയായിരുന്ന ഭര്‍ത്താവിന്‍റെ മുമ്പിലേക്കെറിഞ്ഞ് കൊടുത്തിട്ട് ജനവാതിലിലൂടെ കയ്യെത്തിച്ച് ഒരു മുഷിഞ്ഞ ഷോളെടുത്ത് ദേഹത്തിട്ട് പടികളിറങ്ങി നിരത്തിലേക്ക് നടന്നു. പത്തടി നടന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിക്കുന്നത് കേട്ട് ടീച്ചര്‍ ഒന്ന് തിരിഞ്ഞുനിന്നു. “ഹലോ എങ്ങോട്ടാ?” വെറുതെ തോന്നിയതാ. ആരുമില്ല. ശരിയാ എങ്ങോട്ടാ? കയ്യില്‍ കാശില്ല. ഇട്ട വേഷം വളരെ മുഷിഞ്ഞതാണ്. ഇങ്ങനെ പോവാന്‍ പറ്റിയ ഒരു സ്ഥലമേയുള്ളൂ. അഥവാ നല്ല വേഷമാണെങ്കിലും വീട്ടില്‍ പോയാല്‍ അമ്മ സ്വീകരിക്കില്ല. വിവാഹം കഴിഞ്ഞ് വരുമ്പോള്‍ അമ്മ ആകെതന്ന ഉപദേശം അതാണ്. ഇഷ്ടമാണെങ്കിലും കഷ്ടമാണെങ്കിലും അവിടെ കഴിഞ്ഞോണം. ഭര്‍ത്തൃഗൃഹം ദ്വാരക. അഞ്ചുകൊല്ലം മുമ്പ് വീടുകെട്ടി മാറിയപ്പോള്‍ തുടങ്ങി ഒരിക്കല്ലെങ്കിലും നടന്ന് പോയിട്ടുണ്ടാവില്ല. വഴിയറിയാമോ എന്ന് ചോദിച്ചാല്‍ നടന്നുനോക്കാം.

പോവാതെ പറ്റില്ലല്ലോ, കഴിഞ്ഞ 20 വര്‍ഷമായി ഈ അക്രമങ്ങള്‍ സഹിക്കാന്‍ തുടങ്ങിയിട്ട്. എല്ലാത്തിനും ഒരു പരിധി ഇല്ലേ? ഭാര്യയെ ഭരിക്കുന്നവനായിരിക്കണം ഭര്‍ത്താവ് എന്നാണ് ധാരണ. ഭാര്യയെ ഒരു വ്യക്തിയായി അംഗീകരിച്ചേ മതിയാവൂ. ഒന്നുമില്ലെങ്കിലും താനൊരു അദ്ധ്യാപികയല്ലേ. വെറും സാധാരണ ടീച്ചറും അല്ല. മറ്റു ടീച്ചര്‍മാരില്‍ നിന്നും ഒരുപാട് വ്യത്യസ്ഥയായൊരു ടീച്ചര്‍. അത്തരം പരിഗണനയൊന്നും വേണ്ട, അവഗണിക്കാതിരുന്നാല്‍ മതി.
ഒന്നാം ഭാര്യ കാറാണ്. രണ്ടാമത്തെ ഭാര്യ ക്രിക്കറ്റും. അതിനു വേണ്ടുന്ന രണ്ടു സന്താനങ്ങളും. മൂത്തവന്‍ ഗൌതം , പ്ലസ് ടൂവിനു 1200 ല്‍ 1200 മാര്‍ക്ക് വാങ്ങിയത് അവന്‍റെ മിടുക്ക് കൊണ്ടാണെന്നത് ശരി. പക്ഷേ ഒരു നേരം അവന്‍റെ പഠിപ്പിനെ പറ്റി അച്ഛന്‍ അന്വേഷിച്ചിട്ടുണ്ടോ? ആഴ്ചയ്ക്ക് രണ്ടു ദിവസം മാത്രം നാട്ടിലേക്ക് വരുന്ന ആള്‍ക്ക് അതിനൊക്കെ എവിടെ സമയം? രണ്ടാമത്തെ ആള്‍ ഗാര്‍ഗി സകലകലാവല്ലഭയാണ്. അവള്‍ക്ക് പാട്ടും ഡാന്‍സും പഠിക്കാന്‍ കൂടെ പോവാന്‍ അമ്മ വേണം. എന്നാലും രണ്ടാളും അച്ഛന്‍റെ മക്കളാണെന്നേ പറയൂ.സാധാരണ ദിവസങ്ങളെക്കാളും നേരത്തെ പണി തുടങ്ങണം. ശനിയും ഞായറും ദിവസങ്ങളില്‍ ഭക്ഷണം പലതരത്തില്‍ വേണം. അച്ഛന്‍ ഉണ്ടാവുമ്പോ മക്കള്‍ക്ക് കുറച്ച് ശ്രിംഗാരം കൂടുതലാണ്.
അല്ലാ തനിക്ക് വഴി തെറ്റിയോ? ഇല്ല കുട്ടികള്‍ പഠിച്ച കിന്‍ഡര്‍ ഗാര്‍ഡന്‍റെ മുമ്പിലെത്തി. നീനടീച്ചറെ പുറത്തെങ്ങാന്‍ കാണുന്നുണ്ടോ? എല്‍ കെ ജി, യു കെ ജി പിള്ളേരെ പഠിപ്പിച്ച് പഠിപ്പിച്ച് നീനടീച്ചരുടെ മുഖവും പെരുമാറ്റവും നിഷ്കളങ്കരായ കുട്ടികളെപ്പോലെയാണ്. ഏതാണ്ട് പകുതി ദൂരം ആയെന്ന്‍ തോന്നുന്നു. ഞായാഴ്ച ആയതുകൊണ്ട് വഴിയില്‍ ആള്‍ സഞ്ചാരം കുറവാണ്. ആരും തന്നെ കാണണ്ട. ഇനി നേരെ നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്ന് കുറേക്കൂടി മുമ്പോട്ടു പോയാല്‍ ഒരു കവല. ഇടത്തോട്ടു തിരിഞ്ഞാല്‍ പിന്നെ കുറച്ച് നടന്നാല്‍ മതി.
സ്കൂളില്‍ എല്ലാര്‍ക്കും ഉപദേശിയാണ് നിര്‍മല ടീച്ചര്‍. ബാക്കി 42 ടീച്ചര്‍മാര്‍ക്കും എപ്പൊഴും എന്തെങ്കിലും പരാതി ഉണ്ടാവും. എല്ലാം പരിഹരിക്കാന്‍ നിര്‍മലക്ക് വളരെ കുറച്ച് വാക്കുകളും വളരെ കുറച്ച് സമയവും മതി. എല്ലാവരും എത്ര ധൈര്യമായിട്ട തന്‍റെ അടുത്തുവന്ന്‍ പ്രശ്നങ്ങളുടെ വിഴുപ്പുകെട്ടുകള്‍ അഴിക്കുന്നത്. താന്‍ എല്ലാ സ്വകാര്യതകളും കാത്തുസുക്ഷിക്കും എന്ന വിശ്വാസമുള്ളത്കൊണ്ടാണ്. അല്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം? ദേവകി ടീച്ചര്‍ക്ക് ഭര്‍ത്താവിനെ പറ്റി ഒരു പരാതിയെ ഉള്ളു. ഒന്ന്‍ കുളിച്ചിട്ട് വന്ന്‍ കിടന്നുകൂടെ? അതിനും നല്ല പരിഹാരം പറഞ്ഞുകൊടുത്തു.
അമ്മായിഅമ്മ ചോദിച്ചാല്‍ എന്തു പറയും.? മകന്‍റെ സ്വഭാവം ശരിക്കും പറഞ്ഞുകൊടുക്കണം, പോറ്റി ഇത്രയും ആക്കിയതല്ലേ? നിര്‍മല ടീച്ചര്‍ സ്കൂളിലെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് സാവധാനം നടന്നു. വേഗം നടക്കാന്‍ കഴിയുന്നില്ല. ഇന്ന്‍ വണ്ടിയില്‍ ഇന്ധനമൊന്നും നിറച്ചിട്ടില്ലല്ലോ.
ഗ്രേസി ടീച്ചറെയാണ് പെട്ടെന്നോര്‍മ്മ വന്നത്. ടീച്ചര്‍ക്ക് എന്നും എപ്പൊഴും ഒരു പരാതി മാത്രമാണ് ഉള്ളത്. “നാട്ടില്‍ എല്ലാര്‍ക്കും പുണ്യാളനാ. എല്ലാവര്‍ക്കും എത്ര നല്ല അഭിപ്രായമാണെന്നോ. വീട്ടില്‍ അതിയാനു മൂശേട്ട സ്വഭാവമാ. എന്തോ ബാധ കൂടിയതുപോലത്തെ പെരുമാറ്റം.”
നിര്‍മല സാവകാശം പറഞ്ഞു മനസിലാക്കും. “ വലിയൊരു ബിസ്സിനസ്സ് സ്ഥാപനത്തിന്‍റെ ഉടമയല്ലേ? എന്തെല്ലാം പ്രശ്നങ്ങള്‍ കാണും? തൊഴിലാളികളോടും സ്റ്റാഫിനോടും തട്ടിക്കയറാന്‍ പറ്റില്ലല്ലോ. അതൊക്കെ ടീച്ചറോട് തീര്‍ക്കുന്നതാണ്.”
“വല്ലപ്പൊഴുമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇത് എപ്പൊഴും ആവുമ്പോ രസംല്ല്യ” ഗ്രേസിടീച്ചര്‍ അപ്പോഴേക്കും കരച്ചിലിന്‍റെ വക്കത്ത് എത്തിയിട്ടുണ്ടാകും.
നിര്‍മല ടീച്ചര്‍ നടന്ന്‍ നടന്ന് ഇടവഴിയിലേക്ക് തിരിയണ്ടിടത്ത് എത്തി. അതിലെ പോയാല്‍ വീട്ടിലെത്തും. പക്ഷേ വഴി ശരിക്കും അറിയില്ല. മാത്രമല്ല ഒരു തൊഴിലും ഇല്ലാത്ത പെരുവഴിയിലേക്ക് നോക്കിയിരിക്കുന്ന സ്ത്രീകളാണ് അവിടെയൊക്കെ. അഥവാ വഴിയോ മറ്റോ ചോദിച്ചാല്‍ അവരുടെ നൂറായിരം ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടിവരും. വേണ്ട നിരത്തിലൂടെ നടക്കാം. കല്യാണം നടത്താറുള്ള ഒരു ഹോളുണ്ട് വഴിയില്‍. ഭാഗ്യത്തിന് ജനങ്ങള്‍ അധികം കൂടിയിട്ടില്ല. രണ്ടോ മൂന്നോ കാര്‍ മാത്രമേ എത്തിയിട്ടുള്ളൂ. കുറച്ചുകൂടി പോയാല്‍ മുക്കവലയില്‍ എത്താം. അവിടെ അടുത്താണ് സതിടീച്ചറുടെ വീട്. സതി ടീച്ചര്‍ മലയാളം എം എ, ബി എഡ് ആണ്. വിദ്യാലയം എന്നു മാത്രേ ടീച്ചര്‍ പറയൂ. സതി ടീച്ചര്‍ ഇടയ്ക്കൊക്കെ പറയും “അങ്ങനെയും ആവാം അല്ലേ?“ മറ്റൊരു തരത്തില്‍ കൂടെ കാര്യങ്ങള്‍ കാണണം എന്നതാണ് വിവക്ഷ. അല്‍പസ്വല്‍പ്പം നര എത്തിനോക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും മനോഹരമായ ചുരുണ്ട മുടി. വിധുബാല എന്നായിരുന്നുവത്രേ ടീച്ചറുടെ കോളേജിലെ വിളിപ്പേര്. സ്റ്റാഫ് റൂമില്‍ വെച്ച് പലരും ഡൈ ചെയ്യുന്നതിന് ടീച്ചറെ ഉപദേശിക്കാറുണ്ട്. “വേണ്ട നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ഒരു അമ്മയോ വല്ല്യേച്ചിയോ ആയി ഒരു നരച്ചതല നല്ലതല്ലേ?”
പെട്ടെന്ന് നിര്‍മല ടീച്ചര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി. തന്‍റെ അതെ പ്രശ്നവുമായി സ്കൂളിലെ അനിതടീച്ചരാണോ തന്നെ സമീപിച്ചിരുന്നതെങ്കിലോ? അനിതടീച്ചര്‍ ഒരു പെരുമഴ പെയ്യുമ്പോലെ പ്രശ്നം പറയും. “പിന്നെയില്ലേ നിര്‍മലടീച്ചര്‍ക്ക് മനസിലാവുന്നുണ്ടോ? ” നിര്‍മല അനിതയോട് പറയും.”ടീച്ചര്‍ ഒന്ന് നിര്‍ത്തി നിര്‍ത്തി പറയൂ. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?” അതെ ഇന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? നിര്‍മല ഓര്‍ത്തുനോക്കി. നന്ദകിഷോര്‍ എന്ന തന്‍റെ ഭര്‍ത്താവ് ശനിയാഴ്ച രാവിലെ കാറുകഴുകി കഴിഞ്ഞ് വളപ്പ് മുഴുവന്‍ സൂഷ്മാവലോകനം ചെയ്യാനിറങ്ങിയപ്പോള്‍ മുറ്റത്ത് പുതിയതായി ഒരു അയല്‍ കെട്ടിയിരിക്കുന്നത് കണ്ടു. താന്‍ നടക്കുമ്പോള്‍ കഴുത്തിനു തട്ടി എന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കാന്‍ ഇടയില്ല. അയല്‍ വളരെ ഉയരത്തിലാണ്. അവിടെനിന്നു ഒരലര്‍ച്ചയാണ് പിന്നെ കേട്ടത്. “ഇവിടെയാരാ അയല്‍ കെട്ടിയത്? വേറെ സ്ഥലമൊന്നും കണ്ടിട്ടില്ലേ? ഇപ്പം കത്തിയെടുത്തിട്ട് ഇത് മുറിച്ചിട്ട് തന്നെ കാര്യം. പോയി കത്തിയെടുത്ത് കൊണ്ട് വാ.” എന്തോ ബാധ കൂടിയതുപോലെയായിരുന്നു. പൂമുഖത്ത് വന്നപ്പോള്‍ താനിരിക്കുന്നത് കണ്ടു. “നിന്നോടല്ലേ കത്തി എടുത്തുകൊണ്ടുവരാന്‍ പറഞ്ഞത്.?” പണ്ടേ താന്‍ ഇരിക്കുന്നത് കാണുന്നത് ഇഷ്ടമല്ല. എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം. രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ പണിയാണ്. പ്രാതല്‍ ഒരുക്കിയപ്പോള്‍ അല്ലെങ്കില്‍ അത് കാസറോളിലിരുന്ന്‍ തണിയുമ്പോള്‍ ഒന്ന്‍ ഇരിക്കാമെന്നും ഒരു ചായ കുടിക്കാമെന്നും പത്രം കയ്യിലെടുത്തിരിക്കാമെന്നും ചിന്തിച്ചത് വെറും വ്യാമോഹമാണെന്ന്‍ പിന്നീടാണ് മനസിലായത്. അനിതയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞതെങ്കില്‍ നിര്‍മല പ്രതിവചിക്കുമായിരുന്നു “ എന്‍റെ അനിത ടീച്ചറെ, ഇതാണോ വലിയ പുകിലാക്കിയത്? ടീച്ചറുടെ ഭര്‍ത്താവ് ടീച്ചാരോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനെ അലറിയത്. അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിലും നല്ലതല്ലേ അത് സംഭവിക്കാതെ നോക്കുന്നത്. ഒരു അയല്‍ അത് കുടുങ്ങി ടീച്ചര്‍ ചത്തുപോയാല്‍ ആരാണ് ശനിയാഴ്ച വരുമ്പോള്‍ സാമ്പാര്‍ കൊണ്ടുവരുക?”
അനിത ടീച്ചരാണ് ഇത് കേട്ടിരുന്നതെങ്കില്‍ ചിരിക്കുന്നതുപോലെ നിര്‍മല നടുറോഡില്‍ നിന്ന്‍ ചിരിച്ചു. ഭാഗ്യത്തിന് ആരും കണ്ടില്ല. വെറുതെയല്ല കഴിഞ്ഞ സ്കൂള്‍ വാര്‍ഷികത്തിന് തനിക്ക് ഒരു പദവി തരാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചത്. ഉപദേശി എന്ന് വേണോ കൌൺസിലര്‍ എന്നവാണോ എന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കെ എച്ച് എം നാട്ടില്‍പോയി. ബിരുദദാനം അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചു.
ഒരു വീണ്ടുവിചാരമില്ലാതെ ഇറങ്ങിനടന്നത് വിഡ്ഢിത്തമായൊ? നിര്‍മല കല്ലുങ്കിനടുത്തെത്തി. ഇപ്പോള്‍ ദ്വാരകയുടെ തലയെടുപ്പുള്ള മേല്‍ക്കൂര കാണാം. നന്ദന്‍റെ നീട്ടി ഒരു സിക്സര്‍ അടിച്ചാല്‍ അവിടെ എത്തും. പടിപ്പുരയുടെ മാതൃകയിലാണ് പ്രവേശനകവാടം.
മുറ്റത്ത് ഹൈദ്രോസ് കാര്‍ കഴുകുന്നുണ്ട്. ഹൈദ്രോസ് പഴയ മിലിട്ടറിക്കാരനാണ്.ഫുള്‍കൈ ഷര്‍ട്ടും സൌമ്യഭാവവും അയാളുടെ മുഖമുദ്രയാണ്. ഹൈദ്രോസ് തന്നെ കണ്ടിട്ടില്ല.കാര്‍ കഴുകുന്നത്തിലാണ് ശ്രദ്ധ മുഴുവന്‍. ചവിട്ടുപടികള്‍ കയറി പൂമുഖത്തെത്തിയപ്പോള്‍ ദ്വാരകയുടെ വീട്ടച്ചന്‍ വേണ്ട, ദ്വാരകയുടെ ഗൃഹനാഥന്‍ പത്രം വായിക്കുകയാണ്. വായിച്ചു കഴിഞ്ഞ രണ്ടു മലയാളപത്രങ്ങളും ചോളോപ്പൊരി പൊതിഞ്ഞുവെച്ച പോലെ വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇംഗ്ലീഷ് പത്രമാണ് വായിക്കുന്നത്. പാലം കുലുങ്ങിയാലും കുലുങ്ങാത്ത മനുഷ്യന്‍. ഒന്ന് നോക്കിയതുപോലുമില്ല. നേരെ അടുക്കളയിലേക്ക് ചെന്നു. ഒരു ചമ്മലുണ്ടയ്യോ? തനിക്ക് കേറിചെല്ലാന്‍ ഏറ്റവും അര്‍ഹതയുള്ള സ്ഥലമാണത്. ഒരു പുതിയ നിലവിളക്ക് കയ്യില്‍ തന്ന് അമ്മായിഅമ്മ കൈ പിടിച്ച്കയറ്റിയ സ്ഥലമാണത്. അടുക്കളയിലെ ആലോലമാടുന്ന ബെഞ്ചില്‍ പോയിരുന്നു. ദ്വാരകയുടെ പ്രൌഡിക്ക് ഒട്ടും ചേരാത്ത ഒരു ഗൃഹോപകരണമാണ് ആ ബെഞ്ച്. അവിടെനിന്ന്‍ അത് മാറ്റുന്നതിനെക്കുറിച്ച് പലതവണ ചര്‍ച്ച ചെയ്തതാണ്. പക്ഷേ അത് ദ്വാരകയിലെ നാലുസന്തതികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു എന്നാണ് അവര്‍ പറയുന്നത്. സുഭദ്രചേച്ചിയും നന്ദകിഷോറും പിന്നെ ലവനും കുശനും. അവര്‍ എപ്പോഴെങ്കിലും ഒത്തുകൂടുമ്പോള്‍ ബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ചതിന്‍റെയും കാപ്പിയും വെള്ളവും ഒക്കെ തട്ടിമറിച്ചതിന്‍റെയും കണക്കുകള്‍ പറഞ്ഞു ചിരിക്കാറുണ്ട്. ലവനും കുശനും ഇപ്പോഴും വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ അമ്മ ഉപയോഗിക്കുന്ന വിരിപ്പും പുതപ്പും ഒക്കെയാണ് ഉപയോഗിക്കുന്നത്. ആദ്യമാദ്യം അത് അമ്മയെ സോപ്പിടുന്നതിന്‍റെ ഭാഗമാണെന്നാണ് വിചാരിച്ചത്. പക്ഷേ അത് അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വഭാവമാണെന്ന്‍ പിന്നീടാണ് മനസിലായത്. നന്ദന്‍ പറയും “ നിനക്കിതൊന്നും മനസ്സിലാവില്ല നീയൊരു ഒറ്റക്കുറുക്കനല്ലേ. “ ശരിയാണ് സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ ഒത്തുക്കൂടുമ്പോള്‍ അത് എപ്പോഴാണെങ്കിലും അന്ന്‍ അവിടെ ഓണമാണ്.
ഒന്നും ചോദിച്ചില്ല, താന്‍ ഒന്നും പറഞ്ഞതുമില്ല. അമ്മ ഇടയ്ക്കിടെ പറയാറുള്ള ഒരു വാചകം ഉണ്ട്. “ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്.” അമ്മയ്ക്ക് അങ്ങനെ തോന്നിക്കാണും. പെട്ടെന്ന്‍ ഒരു ചായ വെച്ച് തന്‍റെ റെയിന്‍ബോ കപ്പ് തേടിപ്പിടിച്ച് അതില്‍ ഒഴിച്ച് മുമ്പില്‍ വെച്ചു. പിന്നെ ഇഡ്ഢലിയും സാമ്പാറും നീക്കിവെച്ചു. പെട്ടെന്നെന്തോ ഓര്‍ത്തപോലെ അമ്മ പറഞ്ഞു. “ഓ നിനക്ക് ഇത് രണ്ടും ഇഷ്ടമല്ല അല്ലേ?
നിനക്ക് ബ്രഡും ചക്കവരട്ടിയതും തരാം.”
പിന്നെ അവര്‍ പറഞ്ഞു. “നീ ഇത് കഴിക്ക് ഞാന്‍ ഒന്ന് പത്രം നോക്കിയിട്ടുവരാം. പെണ്ണുങ്ങളുടെ നിരാഹാരസമരം എവിടെത്തിയോ എന്തോ?”
ഡൈനിംഗ് ടേബിളിന്മേല്‍ സ്ഥാപിക്കാറുള്ള മൊബൈല്‍ എടുത്ത് റിട്ടയര്‍ഡ് പ്രൊഫസര്‍ മീനാക്ഷി നമ്പ്യാര്‍ മുറ്റത്തേക്കിറങ്ങി, മകനെ വിളിച്ചു. “ഇന്ന് എല്ലാവരും ഇങ്ങോട്ട് വന്നോ ഊണ്കഴിക്കാന്‍ ”
“എന്താ അമ്മേ വിശേഷം?”
“എനിക്ക് ഇന്നൊരു ഗസ്റ്റുണ്ട്. കുമ്പളങ്ങ ഓലനും സാമ്പാറും ഒരു പായസവും ഒക്കെ വെക്കാം.“
“ശരി അമ്മേ.”
അകത്തുകയറിയ അവര്‍ നിര്‍മലയോട് പറഞ്ഞു. “നിന്‍റെ ഡ്രെസൊക്കെ ഉണ്ടല്ലോ ആ അലമാരയില്‍ , കുളിച്ചോളു.”
നിര്‍മല കുളിച്ചുവന്ന് പണ്ടത്തെപ്പോലെ അമ്മയെ പാചകത്തിന് സഹായിച്ചു. അല്ലെങ്കിലും നിമ്മിയുടെ അവിയലും പച്ചടിയും ഒക്കെ സ്വാദിഷ്ടമാണ്.
നന്ദനും കുട്ടികളും വന്നു. എല്ലാവരും ഊണുകഴിച്ചു. തിരിച്ചുപോവാന്‍ നേരം നന്ദന്‍ തുറന്നുപിടിച്ച ഡോറിലൂടെ നിര്‍മല കയറി.
ഗൌതം പറഞ്ഞു. “അച്ഛാ എനിക്ക് ഫുട്ബോള്‍ പ്രാക്ടീസ് ഉള്ളതാ, ഒന്നുവേഗം.” പിന്നെ ഒന്ന് നിര്‍ത്തി അവന്‍ ചോദിച്ചു. “അച്ഛാ അച്ഛാ ഇന്നാരാ അച്ഛാ ഗോളടിച്ചത്.”
“നിനക്ക് സംശയമുണ്ടോ ഗൌതം, ഇന്നത്തെ കളിയില്‍ ഗോളടിച്ചത് നിന്‍റെ അച്ചമ്മയാ. മറുപടിയില്ലാത്ത ഗോള്‍.”
മക്കളെ കാറുവരെ അനുഗമിച്ച മീനാക്ഷിനമ്പ്യാര്‍ അതിമനോഹരമായി പുഞ്ചിരിച്ചു. നാനാര്‍ത്ഥങ്ങളുള്ള ഒരു ചിരി.
