
വിജയലക്ഷ്മിയെ എനിക്കിഷ്ടമാണ്. കുറച്ചു പൊങ്ങച്ചം ഉണ്ടെങ്കിലും ആത്മാർത്ഥത ഉള്ളവളാണ്. ഒരു കാര്യം ഏറ്റാൽ ഏറ്റ പോലെ ഇരിക്കും. പരിചയപ്പെട്ട കാലം മുതൽ ഞങ്ങൾ ആഴ്ചയിലൊരിക്കൽ ഗൃഹ സന്ദർശനം നടത്താറുണ്ട്. മിക്ക ദിവസങ്ങളിലും ഫോൺ ചെയ്യും.
അമേരിക്കൻ തിരഞ്ഞെടുപ്പോ ടിവി സീരിയലുകളോ ആയിരിക്കും സംഭാഷണ വിഷയം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പറയാം പരദൂഷണം തീരെ ഇല്ല.
പതിവുപോലെ ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ പതിവിനു വിപരീതമായി വിജയലക്ഷ്മി നിർബന്ധമായി എന്നെ അകത്തേക്ക് വിളിച്ചു. എപ്പോഴും നല്ല കാറ്റ് ഉണ്ടാവുന്ന അവരുടെ സിറ്റൗട്ടിൽ ആണ് ഞങ്ങൾ സാധാരണ ഇരിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ അവൾ മുൻപന്തിയിലാണ്.
ഒരുപക്ഷേ സിറ്റൗട്ടിൽ പൊടികാണുമായിരിക്കും. ചോദ്യം ചെയ്യാൻ ഒന്നും നിൽക്കാതെ ഞാൻ സ്വീകരണമുറിയിൽ കയറിയിരുന്നു. സുതാര്യമായ കണ്ണാടിച്ചില്ലുകൾ ഉള്ള ഷോ കേസിനു പുറമേ ദീർഘ ചതുരാകൃതിയിലുള്ള ഒരു വലിയ മേശയുടെ മുകളിൽ ട്രോഫികളും ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മുമ്പും കണ്ടതാണെങ്കിലും എല്ലാം ഞാൻ ഒന്നുകൂടെ നോക്കി. അവിടെ ഒരു പുതിയ ഫുട്ബോൾ അതി മനോഹരമായി അലങ്കരിച്ചു വെച്ചിരുന്നു. എൻറെ കണ്ണുകൾ ആ ഫുട്ബോളിൽ ഉടക്കി.
ഒരു നിസ്സാരകാര്യം അറിയിക്കുന്നത് പോലെ വിജയലക്ഷ്മി പറഞ്ഞു മറഡോണ കണ്ണൂരിൽ വന്നപ്പോൾ തട്ടിയ ബോള്. ചന്ദ്രേട്ടൻ റെ കയ്യിൽ തന്നെ വന്നു വീണു. മറഡോണയ്ക്ക്കൈ കൊടുക്കുന്ന ഒരു ഫോട്ടോയും ഉണ്ട്. അതു പക്ഷേ കിട്ടിയിട്ടില്ല.
എനിക്ക് വലിയ അഭിമാനം തോന്നി. എൻറെ ഒരു സുഹൃത്തിൻറെ വീട്ടിൽ മറഡോണ തട്ടിയ ബോൾ. അതൊന്ന് തൊട്ടു നോക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ദുരഭിമാനം സമ്മതിച്ചില്ല.
ഒരു ഫോൺ കോൾ വന്നപ്പോൾ ഞാൻ അവിടെനിന്നും മടങ്ങി. ചവിട്ടു പടികൾ ഇറങ്ങുമ്പോൾ ഞാനോർത്തു. മറഡോണ വിജയദശമി ആയിട്ടാണല്ലോ വന്നത്. ആ ദിവസം ലയൺസ് ക്ലബ് തൊട്ടടുത്തുള്ള വിദ്യാലയത്തിന് വേണ്ടി സംഭാവന ചെയ്ത പുസ്തകങ്ങളുമായി ചന്ദ്രൻറെ ഫോട്ടോ ഞാൻ പത്രത്തിൽ കണ്ടതാണല്ലോ. നട്ടാൽ പൊടിക്കാത്ത കളവു പറയാനും വേണം ഒരു സാമർത്ഥ്യം. തിരിഞ്ഞുനിന്ന് ഒന്നു ചോദിച്ചാലോ എന്നാണ് ആദ്യം തോന്നിയത്. മറഡോണ കണ്ണൂരിൽ അല്ലേ വന്നത്.
എന്തെങ്കിലുമാവട്ടെ. അവർക്ക് അതുകൊണ്ട് കിട്ടുന്ന സന്തോഷം ഞാനായിട്ട് എന്തിന് നശിപ്പിക്കണം. നാളെ ക്ലബ്ബിൽ വച്ച് എല്ലാവരോടും പറയാം . വിജിയുടെ വീട്ടിൽ മറഡോണ തട്ടിയ ബോൾ ഉണ്ട്. രാമചന്ദ്രൻ റെ ഒരു ഭാഗ്യം !
സരള പി വി
29 – Oct – 2012
