“ഈശ്വരാ ഞാൻ എത്ര നേരമായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്, ഒരു നിശ്ചയവുമില്ലല്ലോ. ഏതായാലും മിനിറ്റുകൾ അല്ല, മണിക്കൂറുകൾ തന്നെ ആയിട്ടുണ്ടാവും. കാപ്പി, ചായ, ഹോർലിക്സ് ഏതൊക്കെ തരത്തിൽ ഒരുക്കാനിരിക്കുന്നു. അതിന് എനിക്ക് കണ്ണു തുറക്കാനോ, അനങ്ങാനോ കഴിയുന്നില്ലല്ലോ. എനിക്കെന്തുപറ്റി? ദേഹം അനക്കാൻ കഴിയാതെ എന്റെ പണികൾ എങ്ങിനെ നടക്കും. ആരോ ബലമായി എന്റെ കണ്ണുകൾ കെട്ടിയിരിക്കുകയാണോ.
ഏതായാലും ഒരു കാര്യത്തിൽ ആശ്വാസം തോന്നുന്നു. എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ട്. ചിന്തമാത്രം ഒരു പ്രശ്നത്തിനും പരിഹാരമാവില്ല. മറ്റു വല്ല പോംവഴികളും കണ്ടെത്തുന്നത് വരെ ചിന്തിച്ച്കൊണ്ടു കിടക്കാം. എവിടെയാണ് കിടക്കുന്നത് എന്ന് പോലും എനിക്കറിയില്ല. സ്വീകരണമുറിയിൽ നിലത്താണോ. അല്ല. എന്റെ ഭർത്താവ് ഇരുപത്തയ്യായിരം രൂപ ചെലവാക്കി പണികഴിപ്പിച്ച സോഫയിലാണോ. എങ്കിൽ ഒരു വെള്ളിടി വെട്ടും, തീർച്ച. സ്വീകരണമുറിയിലാണെങ്കിൽ നാഴികമണിയുടെ ശബ്ദം കേൾക്കേണ്ടതാണല്ലോ. എനിക്ക് ഒന്നും കേൾക്കാനും കഴിയില്ലെന്ന് വരുമോ. ഇത്രയേറെ സമയം ഈ വീട്ടിൽ ഒരു ശബ്ദവുമില്ലാതിരിക്കുക എന്നത് അസംഭവ്യമാണ്.നാഴികക്ക് നാൽപത് വട്ടം ടെലിഫോൺ ശബ്ദിക്കുന്ന, വിളിമണി എപ്പോഴും അടിക്കുന്ന കുറച്ച് ദിവസമായി പേരക്കുട്ടികളുടെ കരച്ചിലും ചിരിയും മൽപ്പിടുത്തത്തിന്റെ ആക്രോശവും ഇടവിടാതെ മുഴങ്ങുന്ന ഈ ഗോകുലത്തിൽ ശ്മശാനനിശബ്ദതയോ. എന്നെ തനിച്ചാക്കി എല്ലാവരും എവിടെക്കെങ്കിലും പോയതാണോ. വല്ല ആശുപത്രിയിലും കൊണ്ടുപോയി കിടത്തിയിരിക്കുകയാണോ. എന്നെ എന്റെ ശ്വാസം നിലച്ചതാണോ. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചുകഴിഞ്ഞിരിക്കുമോ.”
അതൊന്നുമല്ല കാര്യം എനിക്ക് എല്ലാം കൃത്യമായി ഓർക്കാൻ കഴിയുന്നുണ്ട്. സ്വീകരണമുറിയിലെ സോഫമേൽ വന്ന് കിടന്നതാണ്. ഉച്ചയ്ക്ക് എല്ലാവരുടെയും ഊൺ കഴിയുമ്പോഴേക്കും വല്ലാത്ത തളർച്ച തോന്നി, സഹിക്കാൻ കഴിയാത്ത ക്ഷീണം പാത്രങ്ങൾ കഴുകാതെ വന്ന് കിടക്കുമ്പോൾ ചെറിയൊരു വിശ്രമം എന്നേ ഉദ്ധേശ്യമുണ്ടായിരുന്നുള്ളൂ. പക്ഷെ ഇത് കുറേ നീണ്ടുപോയി. അനങ്ങാതെ, കാണാതെ, കേൾക്കാതെ എങ്ങിനെ ബാക്കി പണികൾ ചെയ്യും.
ഇളയമകന്റെ വിവാഹമാണ് അടുത്തയാഴ്ച്ച. എല്ലാവരും എത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് മൂത്ത മകനും ഭാര്യയും കുട്ടിയും, മകളും ഭർത്താവും കുട്ടികളും. ഒരേയൊരു മരുമകനും കുടുംബവും പല സ്വാദിലും നിറത്തിലും ഊഷ്മാവിലും ഉള്ള ഭക്ഷണം തയ്യാറാക്കണം. എല്ലാവരും തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരാണ്. ഇവിടെ ഈ വീട്ടിൽ വരുമ്പോൾ മാത്രമാണ് അവർക്ക് ഒഴിവുകിട്ടുന്നത്. അത് പരമാവധി ആസ്വദിക്കാൻ ശ്രമിക്കുന്നവരോട് അടുക്കളയിൽ കയറി വെക്കാനും വിളമ്പാനും പറയുന്നത് ശരിയാണോ. എന്റെ ഭർത്താവ് പറയാറുള്ളത് പോലെ, “അവർക്ക് അറിയില്ലെ നിന്നെ സഹായിക്കണം എന്ന്.” അറിയാതിരിക്കുമോ. ഒരുപാട് വിദ്യാഭ്യാസവും ഒന്നിൽ കൂടുതൽ ഡിഗ്രിയും ഉള്ളവരല്ലെ. അപ്പോൾ അറിയാഞ്ഞിട്ടല്ല. സ്വാർത്ഥത കൊണ്ടായിരിക്കുമോ. എന്തെങ്കിലും ആവട്ടെ. ആരോഗ്യമുണ്ടങ്കിൽ എല്ലാം ചെയ്യാമായിരുന്നു. “ഉണ്ണാതെ ഉറങ്ങാതെ രാപ്പകൽ വീട്ടുവേലകൾ ചെയ്യാൻ തുടങ്ങിയിട്ട് കുറേ ദിവസമായില്ലേ. നിന്നോട് പറയാറില്ലേ സ്വന്തം ആരോഗ്യം നോക്കണമെന്ന്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റുള്ളൂ.” ആരാണ് പറയുന്നത് അമ്മയാണോ. മറ്റാർക്കാണ് ഈ ലോകത്തിൽ എന്റെ ആരോഗ്യത്തെക്കുറിച്ച് താല്പര്യമുള്ളത്. “നിന്റെ ഈ സ്വഭാവം എവിടെ വരെയെത്തും. ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ നിനക്കറിയില്ലല്ലോ.” അമ്മ പോയല്ലോ. അച്ഛനും മരിച്ചുപോയി. ഇല്ലെങ്കിൽ അച്ഛൻ വന്ന് വിളിച്ചാൽ എനിക്ക് ഇവിടെ നിന്ന് എണീക്കാൻ കഴിയുമായിരുന്നു. ജീവിച്ചിരിക്കുന്ന പേരക്കുട്ടികൾ ആരെങ്കിലും വന്ന് കൈപിടിച്ച് വലിച്ചാൽ എനിക്ക് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമായിരിക്കും. ഭക്ഷണസമയമാകുമ്പോൾ എല്ലാവരും കൂടെ ഒരേ സ്വരത്തിൽ വിളിച്ചാലോ. അപ്പോൾ പിന്നെ എഴുന്നേൽക്കാതെ നിവൃത്തിയില്ല. എണീറ്റിട്ടെന്തുചെയ്യാനാ. തീൻമേശമേൽ നിരത്തിയ പാത്രങ്ങളിൽ എന്തു വിളമ്പും എന്റെ മക്കൾ എങ്ങിനെ പശിയടക്കും.
എപ്പോഴോ വായിച്ച ഒരു പ്രേതകഥയിലെ പ്രേതത്തെ പോലെ ആണ് ഇപ്പോൾ എന്റെ സ്ഥിതി. വായുവിലൂടെ സഞ്ചരിച്ച് എല്ലാം കാണാം, കേൾക്കാം പക്ഷെ പ്രതികരിക്കാൻ കഴിയില്ല. കുറച്ച് സമയം കഴിയുമ്പോൾ എന്നെ അവർ എടുത്തുകൊണ്ട് പോകും ചിതയിൽ വെക്കും. കോടാനുകോടി മനുഷ്യജന്മങ്ങളിൽ ഒന്ന് കൂടി അവസാനിക്കുന്നു. ജീവിച്ചിരുന്നു എന്നതിന് സന്താനങ്ങളല്ലാതെ മറ്റൊരു തെളിവും ബാക്കിവെക്കാതെ ഒരു സ്ത്രീജന്മം കൂടി അവസാനിക്കാൻ പോകുന്നു. ഇനി ഒന്നിനും സമയമില്ല. ഒരു ചലച്ചിത്രത്തിലെന്നപോലെ ജീവിതം മുഴുവനായി ഒരു തവണ ഓർത്തുനോക്കാം.
ഒരിടത്തരം കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസകാര്യത്തിൽ സമർത്ഥയായിരുന്നു. ഒരു നല്ല ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട കാലത്താണ് അപ്രതീക്ഷിതമായ ഒരു ബാദ്ധ്യത തലയിൽ വന്ന് വീണത് വിവാഹം. പിന്നെ കുടുംബഭാരങ്ങൾ, മക്കൾ. ഉള്ള ജോലി മനസ്സില്ലാമനസ്സോടെ വേണ്ടെന്ന് വെക്കേണ്ടിവന്നു. അവിടന്നങ്ങോട്ട് മൃദുല ഇല്ലായിരുന്നു. മിസ്സിസ്സ് മൃദുലാ മേനോൻ മാത്രം. മി. മേനോന്റെ നിഴലെന്നോണം ജീവിച്ചുപോയ ഒരു സ്ത്രീ. അടിമ എന്ന് പറയുന്നതല്ലേ കൂടുതൽ ശരി.
കൌമാരത്തിൽ എന്തെല്ലാം മോഹങ്ങൾ ഉണ്ടായിരുന്നു. കുറേ വായിക്കണം, എഴുതണം, എവിടെയെങ്കിലും എത്തണം പക്ഷെ ഒന്നും സംഭവിച്ചില്ല. അടുക്കളയിൽ നിന്നും കിടപ്പ്മുറിയിലേക്കും അതുവഴി സ്വീകരണമുറിയിലേക്കും സഞ്ചരിക്കുന്നതിനിടയിൽ ഉദയാസ്തമയങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് പലപ്പോഴും അറിഞ്ഞില്ല. തലമുടി നരച്ചതും മുഖത്ത് ചുളിവുകൾ വീണതും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. വെള്ളായിപ്പാലത്തിനടിയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി.
ഒരിക്കലും ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന കൃതകൃത്യതയോടെ പട്ടടയിലേക്ക് പോവാം. അത് ഒരു ശുഭയാത്രയായിരിക്കും. ആരോടും കടപ്പാടില്ലാത്ത ഒരു ജീവിതത്തിന്റെ അവസാനം. കുറച്ച് മണിക്കൂറുകൾ ഭർത്താവും മക്കളും വ്യസനിക്കുമായിരിക്കും.
സ്വയം പരിശീലിച്ചതുകൊണ്ടാവാം ജീവിതത്തിലെ കയ്പ്പൊക്കെ ഇപ്പോൾ മധുരമുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ഇരുളൊക്കെ വെളിച്ചമായി വരുന്നു.
“മൃദുലേ യവനിക വീഴാറായി എന്ന് നീ സ്വയം തീരുമാനിച്ചുവോ. ഈ ജീവിതത്തോടെ അള്ളിപ്പിടിച്ചു നിൽക്കാൻ നിനക്ക് ആശ തോന്നുന്നില്ലേ.” “ഇല്ല ഇല്ല കള്ളം നിനക്കാശയുണ്ട്. നീ പണ്ട് ആഗ്രഹിച്ചതൊക്കെ കുറേ വായിക്കണമെന്നും എഴുതണമെന്നുമൊക്കെ അവസാനകാലത്തെങ്കിലും നടത്താൻ കഴിയുമെന്ന് നിനക്ക് പ്രതീക്ഷയില്ലേ.”
“വേണ്ട, ഈ ജന്മം അതൊന്നും നടക്കില്ല. ഇനിയൊരു ജന്മമുണ്ടങ്കിൽ ഒരു ഏകാന്തജീവിതം നയിക്കാം. ആഗ്രഹങ്ങൾ സഫലീകരിക്കാം. ആരോടും പരിഭവമോ പരാതിയോ ഇല്ലാത്ത മൃദുല അന്ത്യയാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നു. മൃദുലയുടെ ഭൌതികദേഹത്തിൽ നിന്ന് ജീവൻ ബഹിർഗമിക്കുന്നു. ഒരു ഇടുങ്ങിയ ഗുഹയിലേക്ക് പ്രവേശിക്കുന്നു. അന്ധകാരപൂർണ്ണമായ ആ ഗുഹയുടെ അവസാനം എന്തായിരിക്കും. അവിടം ദൈവത്തിന്റെ വെളിച്ചമാണ്.” സ്വർഗത്തിന്റേയും സത്യത്തിന്റേയും സ്നേഹത്തിന്റേയും നന്മയുടെയും വെളിച്ചം മൃദുല വ്യക്തമായി കണ്ടു.
“ഒരു ചായയ്ക്ക് ചോദിക്കാൻ തുടങ്ങിയിട്ട് സമയമെത്രയായി. ഇവിടെ ആരുമില്ലേ?” മുഴങ്ങുന്ന ശബ്ദത്തിൽ മേനോൻ ചോദിക്കുന്നതുകേട്ട് മൃദുലയുടെ ജീവനും ആത്മാവും ഗുഹാമുഖത്തിൽനിന്ന് തിരിച്ചുവന്ന് അവളുടെ ഭൌതികശരീരത്തിലേക്ക് പ്രവേശിച്ചു. അടുത്ത നിമിഷം അവൾ ചാടിയെഴുന്നേറ്റു. വേച്ചുവേച്ച് നടന്ന് ഗ്യാസ് ലൈറ്റർ കയ്യിലെടുത്ത് നിമിഷങ്ങൾക്കകം മേനോന്റെ കയ്യിൽ ചായ എത്തിച്ചു. തന്റെ സ്വീകരണമുറിയിൽ അരങ്ങേറിയ നാടകത്തെപ്പറ്റി തികച്ചും അജ്ഞനായിരുന്നു മി. മേനോൻ. ചായ മോന്തിക്കുടിക്കുമ്പോൾ പതിവുപോലെ മുനിസിപ്പൽ സൈറൺ മുളങ്ങി.
(സംസ്ഥാനതലത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കഥ.)
