പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. കാറിൽ നിന്നിറങ്ങിയതും ടിക്കറ്റ് വാങ്ങിയതും നേരെ മുമ്പിലുള്ള വണ്ടി നീങ്ങാൻ തുടങ്ങിയതും എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. യാത്രയയക്കാൻ വന്ന ഭർത്താവ് വിഷമിക്കുന്നുണ്ടാവും. ഇരിക്കാൻ സൌകര്യം കിട്ടിയിട്ടുണ്ടാവുമോ? എന്ന വേവലാതി. ബാങ്കിൽ പോകുമ്പോൾ പ്രഷർ കുറക്കാനുള്ള ഗുളിക കഴിക്കാൻ മറക്കുമോ എന്തോ. എനിക്കു ശേഷം പ്രളയം എന്നൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാനെങ്കിലും, തൽക്കാലം എന്റെ അഭാവത്തിൽ ചെറിയ വെള്ളപ്പൊക്കമെങ്കിലും ഉണ്ടായിക്കൂടാ എന്നില്ല. കഷ്ടമായിപ്പോയി. മിസ്റ്റർ നമ്പ്യാരും കൂടെ വേണമായിരുന്നു. വായിച്ച് വായിച്ച് ഉറക്കം വരുമ്പോൾ ഭർത്താവിന്റെ മടിയിൽ തല വെച്ച് പാതി ഉറക്കവുമായി കിടക്കുക എന്നത് ജീവിതത്തിന്റെ മനോഹരമായ ആഗ്രഹങ്ങളിൽ ഒന്നാണ്.
വണ്ടിയിൽ കയറി ചുറ്റും കണ്ണോടിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. ഞാൻ ഇരുന്നിടത്തും അതിനപ്പുറത്തും ഇരുവശങ്ങളിലും ആരുമില്ല. കിടക്കുകയോ ഉറങ്ങുകയോ ആർക്ക് എന്തുവേണമെങ്കിലും ചെയ്യാം. സാരി നേരെയാക്കി ഇരുത്തം ശരിയാക്കി ബാഗിൽ നിന്ന് ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തെടുത്തു. വായിച്ചു തീരാത്ത മലയാളം പുസ്തകം മേശയിൽ ഉണ്ടായിരുന്നതാണ്. പക്ഷെ പ്രൊഫ. വിശാലാക്ഷിയമ്മയുടെ ഉപദേശം അനുസരിച്ച് യാത്രയ്ക്കിടയിൽ ഒരു ഇംഗ്ലീഷ് പുസ്തകമാണ് കൈയ്യിൽ എങ്കിൽ അല്പം വെയ്റ്റ് കൂടും. അവരെപ്പൊഴും ഇംഗ്ലീഷ് ഭാഷയുടെ വക്താവാണ്. വായന തുടങ്ങിയപ്പോഴേക്കും ഒരു മനുഷ്യൻ വന്ന് എനിക്കെതിരെയുള്ള ഇരിപ്പിടത്തിൽ ഇരുന്നു. കയ്യിൽ ഒരു കുട്ടിയുമുണ്ടായിരുന്നു. അയാളുടെ തോളിൽ തൂങ്ങിക്കിടന്നിരുന്ന സഞ്ചിയിൽ നിന്ന് ഒരു തോർത്തെടുത്ത് കുട്ടിയുടെ മുഖം തുടയ്ക്കുകയും മുഖത്ത് അല്പം പൌഡർ ഇട്ടുകൊടുക്കുകയും ചെയ്തു. ശേഷം അയാൾ കുട്ടിയെ മടിയിലിരുത്തി. തലപൊന്തിച്ച് നോക്കിയപ്പോൾ അയാൾ എന്നെകണ്ടു. അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു എന്ന് തോന്നുന്നു. അയാളുടെ മുഖത്ത് രക്തം ഇരച്ചു കയറി. ഒരു വിരൽ എന്റെ നേരെ ചൂണ്ടിക്കൊണ്ട് കോടതിയിൽ ഒരു ക്രോസ് വിസ്താരം ചെയ്യുന്ന ഭാവത്തിൽ അയാൾ എന്നോട് ചോദിച്ചു. “നിങ്ങൾ ഇതേ സ്ഥലത്തിരുന്നുകൊണ്ട് യാത്ര തുടരാനാണോ ഭാവം. ഇത് മൂന്നാമത്തെ തവണയാണ് തീവണ്ടി യാത്രയ്ക്കിടയിൽ നിങ്ങൾ എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്നത്.” എനിക്ക് ആശ്ചര്യവും അമ്പരപ്പും തോന്നി. അയാളുടെ മനസമാധാനം കളയാൻ ഞാൻ അയാളെ അറിയുകപോലുമില്ലല്ലോ. ഒരു പക്ഷെ ഇയാൾക്ക് തലയ്ക്ക് സുഖമില്ലെന്ന് വരുമോ. എനിക്ക് അല്പം ഭയം തോന്നാതിരുന്നില്ല. എന്റെ സ്വഭാവവുമായി ഒരിക്കലും യോജിച്ചുപോകാത്ത തരത്തിൽ ക്ഷണിച്ചുവരുത്തിയ ധൈര്യത്തോടെ അല്പം ധിക്കാരം കലർത്തിയ സ്വരത്തിൽ ഞാൻ അയാളോട് സംവാദിച്ചു. “അതിന് നമ്മൾ തമ്മിൽ മുൻ പരിചയം ഇല്ലല്ലോ.” എടുത്തടിച്ചത് പോലെയായിരുന്നു അയാളുടെ പ്രതികരണം. “ദ്രോഹം ചെയ്യാൻ പരിചയം വേണമെന്നില്ല. ഞാൻ തെളിച്ചുതന്നെ പറയാം. നിങ്ങൾ എന്റെ ഭാര്യയെപ്പോലെ ഇരിക്കുന്നു. എന്റെ മരിച്ചുപോയ ഭാര്യയെപ്പോലെ.”
ഞാൻ നടുങ്ങി. എന്റെ നടുക്കം പ്രകടമായിരുന്നു എന്നും, അത് അയാൾ പ്രതീക്ഷിച്ചിരുന്നുവെന്നും അയാളുടെ മുഖഭാവം വ്യക്തമാക്കി. തലതാഴ്ത്തി ഇരിക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനോ പുസ്തകം എടുത്ത് മറിച്ച് നോക്കാനോ ഞാൻ തീർത്തും അശക്തയായിരുന്നു.
ഞാൻ അയാളെക്കുറിച്ച് കൂടുതൽ ചിന്തിച്ചുതുടങ്ങി. എനിക്ക് അയാളോട് സഹതാപം തോന്നി. അയാളുടേത് തികച്ചും ഒരു പ്രേമവിവാഹമായിരുന്നിരിക്കാം. രണ്ടു വീട്ടുകാരുടേയും സഹകരണമില്ലാത്ത ഒരു ചടങ്ങ്. എന്തായിരുന്നിരിക്കാം പെൺകുട്ടിയുടെ പേര്. പെൺകുട്ടിയോ. ഏയ്. ആ കുട്ടി വളരെ ചെറുതാണല്ലോ. ഒരു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത ഒരു മിടുക്കൻ. അയാൾ എന്നോളമോ എന്നെക്കാളുമോ പ്രായമുണ്ട്. എന്തെങ്കിലും ആകട്ടെ, കൂടുതൽ ചിന്തിക്കേണ്ട കാര്യമെന്തിരിക്കുന്നു. പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി, ഈ യാത്ര ചെയ്യുമ്പോൾ തീവണ്ടിയിൽ നിന്നിറങ്ങി ഇതുമായിട്ടുള്ള ബന്ധം അവസാനിക്കുന്നു. സഹയാത്രികരോടും അതേ മനോഭാവം പുലർത്തണം. ആരേയും മനസ്സിൽ വഹിച്ച് കൊണ്ട് നടക്കരുത്. ഒറ്റയ്ക്ക് യാത്ര തിരിക്കാൻ തീരുമാനിച്ച നിമിഷത്തെ ഞാൻ മനസ്സാൽ ശപിച്ചു.
പക്ഷെ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു. അദ്ദേഹത്തിന് ബാങ്ക് ക്ലോസിംങ്ങ്ഡേയാണ്. വർഷം മുഴുവൻ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന ഒരു ബാങ്ക് മാനേജർക്ക് ക്ലോസിങ്ങായി ലീവെടുക്കാൻ വിഷമം കാണും. കൂടെ വരണമെന്നും ഏട്ടന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാവാം സ്വരം താഴ്ത്തി പറഞ്ഞത്. “നിന്റെ വീട്ടുകാർക്ക് ഒരു കോമൺസെൻസും ഇല്ല, വിവാഹം നിശ്ചയിക്കാൻ കണ്ട ഒരു ദിവസം.” പകുതിക്ക് നിർത്തി കളഞ്ഞു. കുറച്ചുകാലമായി അങ്ങനെയാണ്. വിവാഹം കഴിഞ്ഞ ഉടനെയൊക്കെ ദേഷ്യം പിടിപ്പിക്കാനും കരയിക്കാനും വളരെ ഇഷ്ടമായിരുന്നു. കുറേകാലം കഴിഞ്ഞാണ് അതിന്റെ പൊരുൾ പിടികിട്ടിയത്. അപ്പോൾ മുഖകാന്തിയും കൂടുമത്രേ. വർഷങ്ങളിലൂടെ അതുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അവിടെ സ്വഭാവം മാറ്റിക്കഴിഞ്ഞു. പ്രായം കൂടുന്തോറും പാകതയും കൂടിവരുന്നതിനെ പറ്റി കോളേജിലെ സ്റ്റാഫ് റൂമിൽ വച്ച് സംസാരിച്ചപ്പോൾ മാല പടക്കത്തിന് തീ കൊളുത്തിയതുപോലെ പൊട്ടിത്തെറിച്ചുകൊണ്ട് കമലമ്മ ടീച്ചർ പറഞ്ഞു. “ഈ ശാരദ ടീച്ചറുടെ ഒരു ഭാഗ്യേ. നമ്മടവിടെയൊക്കെ പ്രായം കൂടുന്തോറും ശൌര്യവും വീര്യവും കൂടിക്കൂടി വര്യല്ലേ.” സ്റ്റാഫ് റൂമിലെ പൊട്ടിച്ചിരിക്കിടയിൽ കമലമ്മയുടെ വായടഞ്ഞുപോയി. ചിരിച്ചവരുടെയൊക്കെ വായിൽ എന്തായിരുന്നു എന്നത് പറയാതെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ ടീച്ചർ കഴിഞ്ഞ വർഷം കൂടി ഇരട്ട പ്രസവിച്ചത്. ലോകം മുഴുവൻ പ്രശ്നങ്ങളാണ്. കമലമ്മ സന്താനസൌഭാഗ്യം കൊണ്ട് വിഷമിക്കുന്നു. ഒരു ആൺതരിക്ക് വേണ്ടിയാണത്രേ വീണ്ടും വീണ്ടും പരീക്ഷണത്തിന് തയ്യാറായത്. ഞാനിതാ ഇവിടെ ഒരു കുഞ്ഞിക്കാലിനുവേണ്ടി വഴിപാടുകളും ഉരുളികമിഴ്ത്തലുമായി കഴിയുന്നു. ഇനി ഈ ജന്മം അങ്ങനെയൊരു യോഗം സാധാരണ നിലയിലില്ല. ദൈവം വല്ല അതിശയങ്ങളും കാണിക്കണം.
വണ്ടി ഏതോ സ്റ്റേഷനിൽ നിന്നപ്പോൾ കുറേ കോളേജുകുമാരി, കുമാരന്മാരോടൊപ്പം മുറി നിറയെ ആളുകൾ കയറിക്കൂടി.കൂട്ടത്തിൽ ഒരു നവവരനും വധുവും ഉണ്ടായിരുന്നു. അവൾക്ക് ഇരിക്കാൻ സ്ഥലമുണ്ടാക്കി അവൻ അവളെ വിളിച്ചു. അവിടെ ഒരു വയസ്സന്റെ അടുത്ത് വേണം അവൾ ഇരിക്കാൻ. മനസ്സില്ലാഞ്ഞിട്ടാകാം അവൾ നിന്നു കൊണ്ടു തന്നെ യാത്ര തുടർന്നു. ഇന്നലെ വരെ ആരുടേയൊ സിനിമാക്കൊട്ടകയിൽ നിരങ്ങിയവൾ ആയിരിക്കും. എന്തിനാ വെറുതെ പരദൂഷണം വിചാരിച്ച് ഐതിഹ്യമാല കഥയിലെ അട്ടയെ ഏറ്റുവാങ്ങുന്നത്.ഒരു മനശാസ്ത്രം പ്രൊഫസർക്ക് സ്വന്തം മനസ്സിനെ നിയന്തിക്കാൻ കഴിയുന്നില്ലെന്നോ? അല്ലെങ്കിൽ ഇതിനിടെ എവിടെയോ വായിച്ചത് സത്യായിരിക്കും. സ്വന്തമായി എന്തെങ്കിലും കുറ്റങ്ങൾ ഉള്ളവർ പ്രത്യേകിച്ചും പ്രസവിക്കാത്ത, 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കും.
ഏതാണ്ട് എല്ലാവരും ഒപ്പം തന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. ഏതോ മുജ്ജന്മത്തിലെ യാത്ര തുടരുമ്പോലെ ഞാനും അയാളും മാത്രം ബാക്കിയായി. അപ്പോഴേക്കും ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ അയാൾ തോളിലെ തുണിസഞ്ചിയിൽ നിന്നെടുത്ത തോർത്തും മറ്റും ഉപയോഗിച്ച് ഒരു കൊച്ചുമെത്തയുണ്ടാക്കി കിടത്തി. സ്ത്രീകൾക്ക് പോലും ഇത്ര നന്നായി ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. അയാളുടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞാലോ എന്ന് ഞാൻ ഒരിക്കൽ ചിന്തിച്ചു. പക്ഷെ വേണ്ട. അയാളുടെ പ്രതികരണമെന്താണെന്ന് എങ്ങനെ പ്രവചിക്കും.സ്വരം താഴ്ത്തിയാണെങ്കിലും നേരത്തെപ്പോലെ ഒരു ക്രോസ് വിസ്താരത്തിലെന്നോണം അയാൾ ജ്വലിച്ചു. “നിങ്ങൾ എണീറ്റു പോകുന്നുണ്ടോ എന്റെ മുമ്പിൽ നിന്ന്, അവിടെതന്നെയിരുന്ന് നിങ്ങൾ എന്നെ പ്രാന്തുപിടിപ്പിക്കും.” എന്തായിരിക്കാം അയാൾ ഉദ്ദേശിക്കുന്നത്. ഒരു പുരുഷനെ മത്ത് പിടിപ്പിക്കേണ്ട സൌന്ദര്യമൊന്നും എനിക്കില്ല. ഒരു പക്ഷെ ഭാര്യയെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടാകും. നാട്ടിലെത്തിയാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനല്ലാതെ ഇവിടെ നിന്ന് അനങ്ങുന്ന പ്രശ്നമില്ല എന്ന് ഞാനും തീരുമാനിച്ചു. അയാളുടെ കണ്ണിലെ തീപ്പൊരി എന്നെ വിഴുങ്ങാൻ ശ്രമിക്കുന്നതും ഞാൻ അറിഞ്ഞു. ഭാഗ്യത്തിന് കുറേ വിദ്യാർത്ഥികൾ വന്നു ചേർന്നു. പാട്ടു പാടിക്കൊണ്ട് കൈനീട്ടുന്ന യാചകനും, കൊട്ടനിറയെ മധുര നാരങ്ങയുമായി വന്ന ആളും കച്ചവടം പൊടിപൊടിച്ചു. യാചകൻ തനിക്ക് ഒരു ഭീഷണിയാണെന്ന് നാരങ്ങക്കാരൻ കരുതിക്കാണുമോ. ചില്ലറകൾ മുഴുവൻ യാചകൻ ആകർഷിച്ചെടുത്താൽ തന്റെ കച്ചവടം മോശമാകുമെന്ന് അയാൾക്ക് മനസ്സിലായി. വിദ്യാർത്ഥികൾ നാരങ്ങക്കാരനെ നോക്കി എന്തോ അടക്കം പറഞ്ഞ് കണ്ണുകളിൽ നിറയെ കുസൃതിയുമായി ചിരിച്ചു. അയാളുടെ വെപ്രാളം പിടിച്ച ചലനങ്ങൾ അവരെ കൂടുതൽ രസിപ്പിച്ചു. അയാൾക്ക് ഏതോ പിടികിട്ടാ പുള്ളിയുടെ മുഖഛായ ഉണ്ടെന്നായിരിക്കണം അവർ പറഞ്ഞത്.
ഇതിനിടെ കൊച്ചിന്റെ അച്ഛൻ ഉറക്കം തൂങ്ങാൻ തുടങ്ങി. വണ്ടി നിന്നപ്പോൾ അയാളുടെ ഉറക്കവും അവസാനിച്ചു. തുണിസഞ്ചിയിൽ നിന്ന് വെള്ള പാത്രം പുറത്തേക്കെടുത്ത അയാൾ നിരാശയോടെ അത് കമിഴ്ത്തികാണിച്ചു. അത് ഒരു വലിയ സ്റ്റേഷനായിരുന്നു. മാങ്ങാട്ടച്ചൻ ശ്രീ ഭഗവതിയെ കുടിയിരുത്തിയ കച്ചവടസ്ഥലമുള്ള വൻ നഗരം. അവിടെ വണ്ടി കുറേ സമയം നിൽക്കും. തോലിലെ സഞ്ചിയിൽ നിന്ന് പാൽകുപ്പിയും ഒരു ടർക്കി ടവ്വലും പുറത്തെടുത്തു വച്ച് അയാൾ വെള്ളത്തിനായി എഴുന്നേറ്റു പോകുമ്പോൾ എന്നെ നോക്കി കുട്ടിയുടെ നേരെ കൈചൂണ്ടി. അറിയാതെ ഞാൻ തലയാട്ടി. വെള്ളം വരട്ടെ, എനിക്കും ദാഹിക്കുന്നുണ്ടായിരുന്നു. അയാൾ വെള്ളമെടുക്കുന്നത് ഞാൻ ഇരുന്ന സ്ഥലത്തുനിന്ന് കാണാമായിരുന്നു. ഒരിക്കൽ നിറച്ച വെള്ളം കൊണ്ട് അയാൾ മുഖം വൃത്തിയായി കഴുകി, രണ്ടാമതും അയാൾ കുപ്പിനിറച്ചു. ഇത്തവണ അയാൾ ഷർട്ടിന്റെ കോളർ പൊക്കി അതിനിടയിൽ നിന്ന് ടവലെടുത്ത് അത് നനച്ചു കഴുത്തും കൈയ്യുമൊക്കെ തുടച്ചു. അയാളുടെ സ്വരം കേൾക്കാൻ കഴിയുന്നില്ലെങ്കിലും അയാൾ ഒരു പാട്ടു പാടുന്നുണ്ടാവുമെന്ന് എനിക്ക് തോന്നി. ശുദ്ധജലത്തിന്റെ കുളിർമ. അയാൾ മൂന്നാമതും കുപ്പിയിൽ വെള്ളമെടുക്കാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സു നിറയെ അങ്കലാപ്പായിരുന്നു. അയാളുടെ കുപ്പിയിൽ വെള്ളം നിറയും മുമ്പേ വണ്ടി വിടുമെന്നും, എന്റെ കൊച്ചിന് അച്ഛൻ നഷ്ടപ്പെടുമെന്നും എന്റെ മനസ്സിൽ ഭീതി തോന്നി. പതിവ്രതയായ എന്റെ മനസ്സ് ഒരു നിമിഷം കാടുകയറി. ഞാനും എന്റെ കൊച്ചും കൊച്ചിന്റെ അച്ഛനായി അയാളും എന്റെ മനസ്സിനുള്ളിൽ എവിടെയോ ഒരു പടം ഞാൻ കണ്ടു. ഛേ, അയാൾ വന്നാൽ എന്ത്, വന്നില്ലെങ്കിൽ എന്ത്. തനിക്ക് ഇറങ്ങേണ്ടിടത്ത് അയാൾ ഇറങ്ങും. എനിക്ക് ഇറങ്ങേണ്ടിടത്ത് ഞാനും. ആദ്യമിറങ്ങിപ്പോകുന്ന ആളുടെ കൂടെ ഈ നൈമിഷികബന്ധവും അവസാനിക്കണം. അതിൽ കൂടുതൽ ഒന്നുമില്ല, ഇല്ലേ ഇല്ല. ഇല്ല. തീർച്ചയായും ഇല്ല. മനശാസ്ത്രപരമായ സമീപനം ആവശ്യമായ ഒരു പ്രശ്നം, ചോദ്യം ഉത്തരം വീണ്ടും ഇല്ല. എന്നു തന്നെ. എന്നു തന്നെയാണോ ഉള്ളിന്റെ ഉള്ളിൽ വടംവലികൾ നടന്നുകൊണ്ടിരിക്കെ ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അയാൾ വന്നില്ല. അയാളുടെ നിറം പോലും കാണാനുണ്ടായിരുന്നില്ല.
