ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കെ വി ബീവിയായ എന്റെ സുഹൃത്തും പി വി സരളയായ ഞാനും (ഇതിന് ഒരു സത്യപ്രതിജ്ഞയുടെ ഛായയുണ്ടെങ്കില്‍ ഇതുവരെ മന്ത്രിമാരായിട്ടുള്ളവരും ഇനി മന്ത്രിമാരാവാന്‍ പോകുന്നവരും സദയം ക്ഷമിക്കുക.) പതിവുള്ള സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു. ഇവിടെ ഞങ്ങളെക്കുറിച്ച് ഒരല്‍പ്പം വിശദീകരണം ആവാം. കഴിഞ്ഞ അമ്പത്തിഅഞ്ച് കൊല്ലമായി( കൊല്ലങ്ങളായി എന്നു പറയുന്നതാണോ ശരി – എം കൃഷ്ണന്‍നായര്‍ യശശ്ശരീരനായ സ്ഥിതിക്ക് എങ്ങനെയും പറയാം അല്ലേ?) ഞങ്ങള്‍ ഇരു മെയ്യും ഒരു കരളുമായി സുഹൃദ്ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. “നീങ്ങിയിരുന്നു നിലംതാ“ എന്നൊരു പറച്ചില് ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പള്ളിക്കൂടത്തില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയതും അന്നു ധരിച്ചിരുന്ന ഉടുപ്പും ഇടയ്ക്കിടെ ഞങ്ങളുടെ പരാമര്‍ശ വിഷയം ആവാറുണ്ട്. (അന്നൊന്നും യുണിഫോം പരിപാടി തുടങ്ങിയിട്ടില്ല) വ്യത്യസ്ഥ നഗരങ്ങളില്‍ ജനിച്ച ഞങ്ങള്‍ ബാപ്പയുടെയും അച്ഛന്റെയും ജോലി സംബന്ധമായാണ് ഈ സ്ഥലത്ത് എത്തിയത്. വിവാഹ സുദിനങ്ങള്‍ വേറെവേറെയായിരുന്നുവെങ്കിലും ഞങ്ങളുടെ ആദ്യത്തെ പ്രസവം ഒരേ ദിവസമായിരുന്നു. പക്ഷേ സിനിമയില്‍ കണ്ടതുപോലെ അവര്‍ തമ്മില്‍ കല്യാണം കഴിച്ചില്ല. വിവാഹം എപ്പൊഴും സ്വന്തം മതത്തിലും ജാതിയിലും തന്നെയായിരിക്കണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നമുക്ക് സായാഹ്നസവാരിയിലേക്ക് മടങ്ങാം. ചിലപ്പോഴൊക്കെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ബീവി അടുക്കള സാധനങ്ങള്‍ വാങ്ങും. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് അതിന്റെ ഉടമ അവളെയാണത്രെ ആദ്യം ക്ഷണിച്ചത്. അതുകൊണ്ട് അവള് ആ പയ്യനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് അവളുടെ വിശദീകരണം. ഞാന്‍ പറഞ്ഞു അവന് ക്ഷണിച്ച എല്ലാവരോടും അങ്ങനെത്തന്നെയാവും പറഞ്ഞിട്ടുണ്ടാവുക. തലയിലൂടെയിട്ട സാരി നേരെയാക്കിക്കൊണ്ട് അവള് പറഞ്ഞു “ അതൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല. എന്നോട് പറഞ്ഞതേ എനിക്കറിയൂ.
പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങാനില്ലാത്തതുകൊണ്ട് ഞങ്ങള്‍ രണ്ടു പെന്ഷന് പറ്റിയ ടീച്ചര്മാര് വഴി നീളെ ശിഷ്യരുടെ പുഞ്ചിരി ഏറ്റുവാങ്ങിക്കൊണ്ട് കോട്ടമൈതാനത്തിനടുത്തെത്തി. നേരത്തേ നടത്തം മതിയാക്കി എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പ് പതിവുപോലെ ടൌണ്‍ ഹാളിനടുത്ത് നില്‍ക്കുകയായിരുന്നു.
കാറ്റടിച്ച് പ്രസംഗം ടൌണ്‍ഹാളില്‍ നിന്ന് പുറത്തേക്കെത്തി. “ഇത്തരം ചില ഇന്ദ്രജാലങ്ങളും മഹേന്ദ്രജാലങ്ങളുമൊക്കെയാണ് നമ്മുടെ വിരസമായ ദൈനന്ദിന ജീവിതത്തെ ജീവിതവ്യമാക്കുന്നത്.
ബീവി പറഞ്ഞു “ ശ്രീധരന് മാഷിന്റെ പ്രസംഗമല്ലേ കേള്‍ക്കുന്നത്?”
സ്റ്റൈലന്‍ പ്രസംഗം, കേള്‍ക്കാം. കുറച്ചു സമയം പരിപാടി കണ്ടിട്ട് പോവാം.
“അതുക്കും മീതെയല്ലേ മാഷിന്റെ താടി.“ ഞാന്‍ പറഞ്ഞപ്പോള്‍ ബീവി അമര്‍ത്തിമൂളി.
“അതെ അതെ പണ്ടൊരു കട്ടിമീശയുടെ പിന്നാലെ പോയ കഥ കോളേജിലെ പാണനും പാട്ടിയും പാടി നടക്കുന്നുണ്ടായിരുന്നല്ലോ.”
അതൊക്കെ തല്പരകക്ഷികള് തിരഞ്ഞെടുപ്പുസമയത്ത് പ്രചരിപ്പിച്ചതല്ലേ? എന്നിട്ട് ഞാന്‍തന്നെയല്ലേ ജയിച്ചത്.
പണ്ടേ മാജിക്കിന്റെ ആരാധികയായ ബീവി പറഞ്ഞു “എന്തായാലും എനിക്ക് മാജിക് കാണണം.”
“അയ്യോ വേണ്ട ഇരുട്ടാവും എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും അവള് മൊബൈലില്‍ സക്കീര്‍ ഹുസൈനെ വിളിച്ച് രാത്രി ടൌണ്‍ ഹാളിലേക്ക് വരണമെന്ന് പറഞ്ഞു.
ശ്രീധരന് മാഷ് പ്രസംഗം കസറുകയാണ്. പ്രസംഗം കഴിഞ്ഞതും യവനിക വീണു. ഇന്ദ്രജാലത്തിനുവേണ്ടി വേദി ഒരുക്കാന്‍ വേണ്ടിയായിരിക്കും. ഗോപു എന്ന് പേരുള്ള ഗോപാലകൃഷ്ണനാണ് ജാലവിദ്യക്കാരന്- അടുത്തിരുന്നവര്‍ പറയുന്നത്കേട്ടൂ. നോട്ടീസില്‍ പടവും ഉണ്ട്. എത്ര ഓര്മിച്ചിട്ടും പയ്യനെ പിടികിട്ടിയില്ല. ഈ മാലക്കാവില്‍ എന്റെ വിദ്യാര്‍ഥികള്‍ അല്ലാത്തവരും ഉണ്ടോ?
ബീവി ആകാംക്ഷയോടെ ചോദിക്കാന്‍ തുടങ്ങി. “ഇതെന്താ ഇത്രയും വൈകുന്നത് ?” എനിക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ലായിരുന്നു. അവള്‍ക്കുവേണ്ടി ഇരുന്നു എന്നു മാത്രം.
ശീട്ടുകൊണ്ടും തൂവാലകൊണ്ടും പാലുകൊണ്ടും വെള്ളിത്തിരകൊണ്ടും ഗോപു ഒരുപാട് വിദ്യകള്‍ കാണിച്ചു. ഇടവേളകളില്‍ നാടോടി നൃത്തവുമുണ്ടായിരുന്നു.
മങ്ങിയ വെളിച്ചത്തില്‍ കുതിരപ്പുറത്ത് വന്ന ഒരു രാജകുമാരന് നാടോടിനൃത്തത്തിലെ ഒരു നര്‍ത്തകിയെ കുതിരപ്പുറത്ത് കയറ്റി കൊണ്ടുപോയ രംഗം കാണികളുടെ കയ്യടിയില്‍ മുങ്ങിപോയി.
പരിപാടി അവസാനിക്കാറായി. ഇതുവരെ കാണികളില്‍ നിന്ന് കുട്ടികളെയായിരുന്നു സ്റ്റേജിലേക്ക് വിളിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇത്തവണ ഗോപുവിന് വേണ്ടത് ഒരു മുതിര്‍ന്ന സ്ത്രീയെ ആയിരുന്നു ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ മുന്വരിയില് എത്തിയിരുന്നു. ഒഴിഞ്ഞ കസേരകള്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധത്തോടെ സംഘാടകര്‍ ഞങ്ങളെ മുന്‍പിലേക്ക് ആനയിക്കുകയായിരുന്നു.
പണ്ട് മുതലേ മാജിക്കിനോട് വല്ലാത്തൊരു ആരാധന വെച്ചു പുലര്‍ത്തിയിരുന്ന ബീവി കസേരയില്‍ നിന്നെണീറ്റപ്പോള്‍ ഞാനവളെ പിടിച്ചിരുത്താന്‍ ശ്രമിച്ചു. പക്ഷേ ആ അന്തരീക്ഷം അവളെ ഏതോ മായാവലയത്തിലാക്കിയതുപോലെ അവള് അനായാസം പടികള്‍ കയറി സ്റ്റേജില്‍ എത്തി. ഈയിടെയായി അവള്‍ക്ക് പടി കയറാന്‍ വളരെ ബുദ്ധിമുട്ടാണ്.
തലയില്‍ തട്ടമുള്ള ഉമ്മച്ചിയെ മായാജാലക്കാരന് സ്നേഹത്തോടെ സ്വാഗതം ചെയ്തു. അവന് ചോദിക്കുന്നുണ്ടായിരുന്നു. “ടീച്ചറാണോ?” ബീവി തലയാട്ടുന്നത് കണ്ടു.
കൊച്ചുവര്‍ത്തമാനാങ്ങള്‍ക്കിടയില്‍ ഇന്ദ്രജാലക്കാരന്റെ ഒരു അറിയിപ്പ് വന്നു “ അടുത്ത ഒരു പരിപാടിയോടെ ഈ പ്രകടനം അവസാനിക്കുകയാണ്. പിന്നീടൊരു നന്ദി പറയാന്‍ അവസരം കിട്ടിയെന്ന് വരില്ല. ഈ നില്കുന്ന ടീച്ചര്‍ അടക്കം പരിപാടിയോട് സഹകരിച്ച എല്ലാവര്ക്കും നന്ദി നന്ദി നമസ്കാരം. ഒരു നിമിഷാര്‍ദ്ധത്തേക്ക് വെളിച്ചം അണയും. ദയവായി എല്ലാവരും സഹകരിക്കണം പിന്നീട് ഞാന്‍ ഈ ടീച്ചറെ കാണാതാക്കും; അതെ അക്ഷരാര്‍ത്ഥത്തില്‍ കാണാതാക്കും.”
എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മൂളി. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.
പ്രവചിച്ചതുപോലെ ലൈറ്റ് അണഞ്ഞു. വീണ്ടും വെളിച്ചം വരുമ്പോള്‍ ബീവി തട്ടം ശരിയാക്കികൊണ്ടും ഗോപാലകൃഷ്ണന് മൈക്ക് പിടിച്ച്കൊണ്ടും സ്റ്റേജില്‍ നില്‍പ്പുണ്ടായിരുന്നു.
പിന്നെ കേട്ടത് കാതടപ്പിക്കുന്ന ഒരു ശബ്ദമാണ്; ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. ഞെട്ടലില്‍ നിന്ന് മുക്തരായി സ്റ്റേജിലേക്ക് നോക്കിയവര്‍ കയ്യടിച്ചു. ചൂളം വിളിച്ചു.
ഒരു പാടു പോലും അവശേഷിപ്പിക്കാതെ ബീവി അപ്രത്യക്ഷയായിരിക്കുന്നു. മാന്ത്രികന് കയ്യും വടിയും വീശി. സ്റ്റേജിനു കുറുകെ തിരശീല വീണു.
ഞാന്‍ സ്റ്റേജിന്റെ പുറകുവശത്തേക്ക് ചെന്നു. ചിരിച്ചുകൊണ്ട് ബീവി സാരി ശരിയാക്കുന്നുണ്ടാവും. പക്ഷേ ആ ചുറ്റുവട്ടത്തൊന്നും ബീവി ഉണ്ടായിരുന്നില്ല. മാന്ത്രികന് വന്ന വാഹനം മടങ്ങിപോയി. ടൌണ്‍ ഹാളും പരിസരവും വിജനമായി. സക്കീര്‍ ഹുസ്സൈനെ റോഡിന്റെ മറുവശത്ത് ഞാന്‍ കണ്ടു. എന്റെ നെഞ്ചിടിപ്പ് കൂടി. കാലുകള്‍ തളര്‍ന്നു. വെറും മണ്ണില്‍ ഞാന്‍ ഇരുന്നു.
ബീവിയുടെ ഭര്‍ത്താവിനോട് ഞാന്‍ എന്ത് പറയും. എല്ലാത്തിലും ഉപരി എനിക്കുവേണ്ടി ഇനി ആരാണ് സാരികള്‍ തിരഞ്ഞെടുക്കുക? എന്റെ മക്കള്‍ക്ക് വേണ്ടി ഇനി ആരുപ്രാര്‍ത്ഥിക്കും? വിധിയുടെ കരാളഹസ്തങ്ങള്‍ ധൃതരാഷ്ട്രാലിംഗനം നടത്തുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ച് “അല്ഹം ദുലില്ല” എന്ന് ആരു പറയും? ബീവിയില്ലാത്ത ഒരു ലോകത്ത് ഞാന്‍ എങ്ങനെ ജീവിക്കും?
