തിരോധാനം

ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കെ വി ബീവിയായ എന്‍റെ സുഹൃത്തും പി വി സരളയായ ഞാനും (ഇതിന് ഒരു സത്യപ്രതിജ്ഞയുടെ ഛായയുണ്ടെങ്കില്‍ ഇതുവരെ മന്ത്രിമാരായിട്ടുള്ളവരും ഇനി മന്ത്രിമാരാവാന്‍ പോകുന്നവരും സദയം ക്ഷമിക്കുക.) പതിവുള്ള സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു. ഇവിടെ ഞങ്ങളെക്കുറിച്ച് ഒരല്‍പ്പം വിശദീകരണം ആവാം. കഴിഞ്ഞ അമ്പത്തിഅഞ്ച് കൊല്ലമായി( കൊല്ലങ്ങളായി എന്നു പറയുന്നതാണോ ശരി – എം കൃഷ്ണന്‍നായര്‍ യശശ്ശരീരനായ സ്ഥിതിക്ക് എങ്ങനെയും പറയാം അല്ലേ?) ഞങ്ങള്‍ ഇരു മെയ്യും ഒരു കരളുമായി സുഹൃദ്ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. “നീങ്ങിയിരുന്നു നിലംതാ“ എന്നൊരു പറച്ചില്‍ ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പള്ളിക്കൂടത്തില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയതും അന്നു ധരിച്ചിരുന്ന ഉടുപ്പും ഇടയ്ക്കിടെ ഞങ്ങളുടെ പരാമര്‍ശ വിഷയം ആവാറുണ്ട്. (അന്നൊന്നും യുണിഫോം പരിപാടി തുടങ്ങിയിട്ടില്ല) വ്യത്യസ്ഥ നഗരങ്ങളില്‍ ജനിച്ച ഞങ്ങള്‍ ബാപ്പയുടെയും അച്ഛന്‍റെയും  ജോലി സംബന്ധമായാണ് ഈ സ്ഥലത്ത് എത്തിയത്. വിവാഹ സുദിനങ്ങള്‍ വേറെവേറെയായിരുന്നുവെങ്കിലും ഞങ്ങളുടെ ആദ്യത്തെ പ്രസവം ഒരേ ദിവസമായിരുന്നു. പക്ഷേ സിനിമയില്‍ കണ്ടതുപോലെ അവര്‍ തമ്മില്‍ കല്യാണം കഴിച്ചില്ല. വിവാഹം എപ്പൊഴും സ്വന്തം മതത്തിലും ജാതിയിലും തന്നെയായിരിക്കണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നമുക്ക് സായാഹ്നസവാരിയിലേക്ക് മടങ്ങാം. ചിലപ്പോഴൊക്കെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ബീവി അടുക്കള സാധനങ്ങള്‍ വാങ്ങും. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിന് അതിന്‍റെ ഉടമ അവളെയാണത്രെ ആദ്യം ക്ഷണിച്ചത്. അതുകൊണ്ട് അവള്‍ ആ പയ്യനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് അവളുടെ വിശദീകരണം. ഞാന്‍ പറഞ്ഞു അവന്‍ ക്ഷണിച്ച എല്ലാവരോടും അങ്ങനെത്തന്നെയാവും പറഞ്ഞിട്ടുണ്ടാവുക. തലയിലൂടെയിട്ട സാരി നേരെയാക്കിക്കൊണ്ട് അവള്‍ പറഞ്ഞു “ അതൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല. എന്നോട് പറഞ്ഞതേ എനിക്കറിയൂ.

പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങാനില്ലാത്തതുകൊണ്ട് ഞങ്ങള്‍ രണ്ടു പെന്‍ഷന്‍ പറ്റിയ ടീച്ചര്‍മാര്‍ വഴി നീളെ ശിഷ്യരുടെ പുഞ്ചിരി ഏറ്റുവാങ്ങിക്കൊണ്ട് കോട്ടമൈതാനത്തിനടുത്തെത്തി. നേരത്തേ നടത്തം മതിയാക്കി എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ പിരിഞ്ഞുപോകുന്നതിനു മുമ്പ് പതിവുപോലെ ടൌണ്‍ ഹാളിനടുത്ത് നില്‍ക്കുകയായിരുന്നു.

കാറ്റടിച്ച് പ്രസംഗം ടൌണ്‍ഹാളില്‍ നിന്ന് പുറത്തേക്കെത്തി. “ഇത്തരം ചില ഇന്ദ്രജാലങ്ങളും മഹേന്ദ്രജാലങ്ങളുമൊക്കെയാണ് നമ്മുടെ വിരസമായ ദൈനന്ദിന ജീവിതത്തെ ജീവിതവ്യമാക്കുന്നത്.

ബീവി പറഞ്ഞു “ ശ്രീധരന്‍ മാഷിന്‍റെ പ്രസംഗമല്ലേ കേള്‍ക്കുന്നത്?”

സ്റ്റൈലന്‍ പ്രസംഗം, കേള്‍ക്കാം. കുറച്ചു സമയം പരിപാടി കണ്ടിട്ട് പോവാം.

“അതുക്കും മീതെയല്ലേ മാഷിന്‍റെ താടി.“ ഞാന്‍ പറഞ്ഞപ്പോള്‍ ബീവി അമര്‍ത്തിമൂളി.

“അതെ അതെ പണ്ടൊരു കട്ടിമീശയുടെ പിന്നാലെ പോയ കഥ കോളേജിലെ പാണനും പാട്ടിയും പാടി നടക്കുന്നുണ്ടായിരുന്നല്ലോ.”

അതൊക്കെ തല്പരകക്ഷികള്‍ തിരഞ്ഞെടുപ്പുസമയത്ത് പ്രചരിപ്പിച്ചതല്ലേ? എന്നിട്ട് ഞാന്‍തന്നെയല്ലേ ജയിച്ചത്.

പണ്ടേ മാജിക്കിന്‍റെ ആരാധികയായ ബീവി പറഞ്ഞു “എന്തായാലും എനിക്ക് മാജിക് കാണണം.”

“അയ്യോ വേണ്ട ഇരുട്ടാവും എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും അവള്‍ മൊബൈലില്‍ സക്കീര്‍ ഹുസൈനെ വിളിച്ച് രാത്രി ടൌണ്‍ ഹാളിലേക്ക് വരണമെന്ന് പറഞ്ഞു.

ശ്രീധരന്‍ മാഷ് പ്രസംഗം കസറുകയാണ്. പ്രസംഗം കഴിഞ്ഞതും യവനിക വീണു. ഇന്ദ്രജാലത്തിനുവേണ്ടി വേദി ഒരുക്കാന്‍ വേണ്ടിയായിരിക്കും. ഗോപു എന്ന് പേരുള്ള ഗോപാലകൃഷ്ണനാണ് ജാലവിദ്യക്കാരന്‍- അടുത്തിരുന്നവര്‍ പറയുന്നത്കേട്ടൂ. നോട്ടീസില്‍ പടവും ഉണ്ട്. എത്ര ഓര്‍മിച്ചിട്ടും പയ്യനെ പിടികിട്ടിയില്ല. ഈ മാലക്കാവില്‍ എന്‍റെ വിദ്യാര്‍ഥികള്‍ അല്ലാത്തവരും ഉണ്ടോ?

ബീവി ആകാംക്ഷയോടെ ചോദിക്കാന്‍ തുടങ്ങി. “ഇതെന്താ ഇത്രയും വൈകുന്നത് ?” എനിക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ലായിരുന്നു. അവള്‍ക്കുവേണ്ടി ഇരുന്നു എന്നു മാത്രം.

ശീട്ടുകൊണ്ടും തൂവാലകൊണ്ടും പാലുകൊണ്ടും വെള്ളിത്തിരകൊണ്ടും ഗോപു ഒരുപാട് വിദ്യകള്‍ കാണിച്ചു. ഇടവേളകളില്‍ നാടോടി നൃത്തവുമുണ്ടായിരുന്നു.

മങ്ങിയ വെളിച്ചത്തില്‍ കുതിരപ്പുറത്ത്‌ വന്ന ഒരു രാജകുമാരന്‍ നാടോടിനൃത്തത്തിലെ ഒരു നര്‍ത്തകിയെ കുതിരപ്പുറത്ത്‌ കയറ്റി കൊണ്ടുപോയ രംഗം കാണികളുടെ കയ്യടിയില്‍ മുങ്ങിപോയി.

പരിപാടി അവസാനിക്കാറായി. ഇതുവരെ കാണികളില്‍ നിന്ന് കുട്ടികളെയായിരുന്നു സ്റ്റേജിലേക്ക് വിളിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇത്തവണ ഗോപുവിന് വേണ്ടത് ഒരു മുതിര്‍ന്ന സ്ത്രീയെ ആയിരുന്നു ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ മുന്‍വരിയില്‍ എത്തിയിരുന്നു. ഒഴിഞ്ഞ കസേരകള്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധത്തോടെ സംഘാടകര്‍ ഞങ്ങളെ മുന്‍പിലേക്ക് ആനയിക്കുകയായിരുന്നു.

പണ്ട് മുതലേ മാജിക്കിനോട് വല്ലാത്തൊരു ആരാധന വെച്ചു പുലര്‍ത്തിയിരുന്ന ബീവി കസേരയില്‍ നിന്നെണീറ്റപ്പോള്‍ ഞാനവളെ പിടിച്ചിരുത്താന്‍ ശ്രമിച്ചു. പക്ഷേ ആ അന്തരീക്ഷം അവളെ ഏതോ മായാവലയത്തിലാക്കിയതുപോലെ അവള്‍ അനായാസം പടികള്‍ കയറി സ്റ്റേജില്‍ എത്തി. ഈയിടെയായി അവള്‍ക്ക് പടി കയറാന്‍ വളരെ ബുദ്ധിമുട്ടാണ്.

തലയില്‍ തട്ടമുള്ള ഉമ്മച്ചിയെ മായാജാലക്കാരന്‍ സ്നേഹത്തോടെ സ്വാഗതം ചെയ്തു. അവന്‍ ചോദിക്കുന്നുണ്ടായിരുന്നു. “ടീച്ചറാണോ?” ബീവി തലയാട്ടുന്നത് കണ്ടു.

കൊച്ചുവര്‍ത്തമാനാങ്ങള്‍ക്കിടയില്‍ ഇന്ദ്രജാലക്കാരന്‍റെ ഒരു അറിയിപ്പ് വന്നു “ അടുത്ത ഒരു പരിപാടിയോടെ ഈ പ്രകടനം അവസാനിക്കുകയാണ്. പിന്നീടൊരു നന്ദി പറയാന്‍ അവസരം കിട്ടിയെന്ന് വരില്ല. ഈ നില്‍കുന്ന ടീച്ചര്‍ അടക്കം പരിപാടിയോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി നന്ദി നമസ്കാരം. ഒരു നിമിഷാര്‍ദ്ധത്തേക്ക് വെളിച്ചം അണയും. ദയവായി എല്ലാവരും സഹകരിക്കണം പിന്നീട് ഞാന്‍ ഈ ടീച്ചറെ കാണാതാക്കും; അതെ അക്ഷരാര്‍ത്ഥത്തില്‍ കാണാതാക്കും.”

എന്‍റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മൂളി. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്‍റെ മനസ്സ് പറഞ്ഞു.

പ്രവചിച്ചതുപോലെ ലൈറ്റ് അണഞ്ഞു. വീണ്ടും വെളിച്ചം വരുമ്പോള്‍ ബീവി തട്ടം ശരിയാക്കികൊണ്ടും ഗോപാലകൃഷ്ണന്‍ മൈക്ക് പിടിച്ച്കൊണ്ടും സ്റ്റേജില്‍ നില്‍പ്പുണ്ടായിരുന്നു.

പിന്നെ കേട്ടത് കാതടപ്പിക്കുന്ന ഒരു ശബ്ദമാണ്; ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. ഞെട്ടലില്‍ നിന്ന് മുക്തരായി സ്റ്റേജിലേക്ക് നോക്കിയവര്‍ കയ്യടിച്ചു. ചൂളം വിളിച്ചു.

ഒരു പാടു പോലും അവശേഷിപ്പിക്കാതെ ബീവി അപ്രത്യക്ഷയായിരിക്കുന്നു. മാന്ത്രികന്‍ കയ്യും വടിയും വീശി. സ്റ്റേജിനു കുറുകെ തിരശീല വീണു.

ഞാന്‍ സ്റ്റേജിന്‍റെ പുറകുവശത്തേക്ക് ചെന്നു. ചിരിച്ചുകൊണ്ട് ബീവി സാരി ശരിയാക്കുന്നുണ്ടാവും. പക്ഷേ ആ ചുറ്റുവട്ടത്തൊന്നും ബീവി ഉണ്ടായിരുന്നില്ല. മാന്ത്രികന്‍ വന്ന വാഹനം മടങ്ങിപോയി. ടൌണ്‍ ഹാളും പരിസരവും വിജനമായി. സക്കീര്‍ ഹുസ്സൈനെ റോഡിന്‍റെ മറുവശത്ത് ഞാന്‍ കണ്ടു. എന്‍റെ നെഞ്ചിടിപ്പ്‌ കൂടി. കാലുകള്‍ തളര്‍ന്നു. വെറും മണ്ണില്‍ ഞാന്‍ ഇരുന്നു.

ബീവിയുടെ ഭര്‍ത്താവിനോട് ഞാന്‍ എന്ത് പറയും. എല്ലാത്തിലും ഉപരി എനിക്കുവേണ്ടി ഇനി ആരാണ് സാരികള്‍ തിരഞ്ഞെടുക്കുക? എന്‍റെ മക്കള്‍ക്ക് വേണ്ടി ഇനി ആരുപ്രാര്‍ത്ഥിക്കും? വിധിയുടെ കരാളഹസ്തങ്ങള്‍ ധൃതരാഷ്ട്രാലിംഗനം നടത്തുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ച് “അല്‍ഹം ദുലില്ല” എന്ന്‍ ആരു പറയും? ബീവിയില്ലാത്ത ഒരു ലോകത്ത് ഞാന്‍ എങ്ങനെ ജീവിക്കും?

ഇതു സത്യം! സത്യം!! സത്യം !!!

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ്. ഞാന്‍ പുതുവര്‍ഷപുലരിയില്‍ നേരത്തെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കുന്നതു കണ്ട് എന്‍റെ മരുമകള്‍ ചോദിച്ചു, “ അമ്മേ എന്താ പതിവില്ലാതെ രാവിലെ ഭക്തിമാര്‍ഗ്ഗം?”

“ഞാന്‍ ഒരു സത്യപ്രതിജ്ഞ ചെയ്യാന്‍ പോവ്വാ.”

“അതെന്താ? അമ്മ മന്ത്രിയായോ?”

“ഞാന്‍ സീരിയലുകള്‍ കാണുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു.”

സീരിയലുകള്‍ എനിക്കു വല്ലാത്തൊരു പ്രലോഭനമാണ്. അതുമൂലം വീട്ടുകാര്യമൊന്നും ശ്രദ്ധിക്കുന്നില്ല, എപ്പൊഴും ടെലിവിഷനു മുന്നില്‍ കുത്തിയിരിപ്പാണ്‌ എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ എല്ലാവരില്‍ നിന്നും കേള്‍ക്കുന്ന കാലം. പ്രലോഭനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ എല്ലാവരെയും ഉപദേശിക്കുന്ന ഞാന്‍ ടി വി പരമ്പരയ്ക്ക് തോറ്റുകൊടുക്കുകയോ? അങ്ങനെയാണ് ആ കൊടുംതീരുമാനം എടുത്തത്. അവളുടെ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു. “വേണ്ട, അമ്മയ്ക്ക്
അതെന്തായാലും കഴിയില്ല.”

“ഇല്ല ഇതു ഞാന്‍ തീരുമാനിച്ചതാ” ഞാന്‍ പറഞ്ഞു.

പിന്നീട് കത്തിച്ച നിലവിളക്കിനു നേരെ കൈ നീട്ടി പ്രതിജ്ഞയും എടുത്തു. “ഇന്ന് മുതല്‍ ഞാന്‍ സീരിയലുകള്‍ കാണുന്നതല്ല. ഇതു സത്യം! സത്യം!! സത്യം !!!”

ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ടെലിവിഷനില്‍ ആദ്യ സീരിയല്‍ തുടങ്ങുന്നത്. ആ സമയം അടുത്തതോടെ ഒരു വല്ലാത്ത അവസ്ഥ. ഇടയ്ക്ക് മരുമകള്‍ ഓര്‍മിപ്പിക്കുകയുംചെയ്തു. “അമ്മേ സീരിയല്‍ തുടങ്ങാറായി. സത്യം ചെയ്തത് ഓര്‍മവേണേ…?”

“എന്തിനാണ് ഞാന്‍ വാശി പിടിച്ച് ഈ പരമ്പരകള്‍ കാണുന്നത്. എന്ത് പ്രയോജനമാണ് അതുകൊണ്ട് ഉണ്ടാവാന്‍ പോകുന്നത്?’ ഞാന്‍ സ്വയം ചോദിച്ചു.

സമയം രണ്ടെമുക്കാലായി. ഞാന്‍ അന്നത്തെ പത്രവുമായി ടെലിവിഷന്‍റെ മുന്നിലിരുന്നു. ഇല്ല എന്ത് സംഭവിച്ചാലും ഞാന്‍ എന്‍റെ ഭീഷ്മപ്രതിജ്ഞ ലംഘിക്കില്ല. അതൊരു നാണക്കേടായിരിക്കും. ഒന്നാമത്തെ പേജിലൂടെ കണ്ണോടിച്ച് പത്രം തിരിച്ചുപിടിച്ച് അവസാനത്തെ പേജ് വായിക്കാന്‍ തുടങ്ങി. സമയം രണ്ടേ അമ്പത്തിയഞ്ച്. പെട്ടെന്ന് ഒരു ഉള്‍വിളിയോടെ ഞാന്‍ എഴുന്നേറ്റ് സാരി ശരിയാക്കി ചെരിപ്പുപോലും ഇടാതെ പടി ഇറങ്ങി ഓടി. റോഡിലേക്ക് കയറിയതും ഒരു സ്കൂട്ടര്‍ എന്നെ തട്ടി താഴെയിട്ടു. ഒരു വിധം എഴുന്നേറ്റ് സ്കൂട്ടര്‍ക്കാരനോട് ഒരു സോറി പറഞ്ഞ് ഞാന്‍ അടുത്ത വീട്ടിലെ പ്രഭാകരന്‍റെ സ്വീകരണമുറിയിലെത്തി.

“അപ്രത്തമ്മയ്ക്ക് (അപ്പുറത്തെ അമ്മ) എന്ത് പറ്റി.?” പ്രഭ ചോദിച്ചു.

“മോനേ ടിവി ഓണാക്കി ആ സീരിയല്‍ വയ്ക്ക്. ഞാന്‍ അതൊന്നു കാണട്ടെ.” പ്രഭ ടിവി ഓണാക്കി. ഞാന്‍ സീരിയല്‍ കണ്ടു. ഒരു ചമ്മലോടെ വീട്ടില്‍ വന്ന്‍ സ്കൂട്ടര്‍ മുട്ടിയ കാല്‍ തടവിക്കൊണ്ടിരുന്നു. എന്നോട് മരുമകള്‍ പറഞ്ഞു. “ഇത് സത്യം! സത്യം!! സത്യം!!! നാളെ മുതല്‍ അമ്മ ഇവിടെത്തന്നെയിരുന്നു സീരിയല്‍ കണ്ടാല്‍ മതി. ഞാന്‍ കണ്ടു സ്കൂട്ടര്‍ മുട്ടുന്നതും വീഴുന്നതും എല്ലാം….”

മറഡോണ തട്ടിയ ബോൾ

വിജയലക്ഷ്മിയെ എനിക്കിഷ്ടമാണ്. കുറച്ചു പൊങ്ങച്ചം ഉണ്ടെങ്കിലും ആത്മാർത്ഥത ഉള്ളവളാണ്. ഒരു കാര്യം ഏറ്റാൽ ഏറ്റ പോലെ ഇരിക്കും. പരിചയപ്പെട്ട കാലം മുതൽ ഞങ്ങൾ ആഴ്ചയിലൊരിക്കൽ ഗൃഹ സന്ദർശനം നടത്താറുണ്ട്. മിക്ക ദിവസങ്ങളിലും ഫോൺ ചെയ്യും.

അമേരിക്കൻ തിരഞ്ഞെടുപ്പോ ടിവി സീരിയലുകളോ ആയിരിക്കും സംഭാഷണ വിഷയം. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പറയാം പരദൂഷണം തീരെ ഇല്ല.

പതിവുപോലെ ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ പതിവിനു വിപരീതമായി വിജയലക്ഷ്മി നിർബന്ധമായി എന്നെ അകത്തേക്ക് വിളിച്ചു. എപ്പോഴും നല്ല കാറ്റ് ഉണ്ടാവുന്ന അവരുടെ സിറ്റൗട്ടിൽ ആണ് ഞങ്ങൾ സാധാരണ ഇരിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ അവൾ മുൻപന്തിയിലാണ്.

ഒരുപക്ഷേ സിറ്റൗട്ടിൽ പൊടികാണുമായിരിക്കും. ചോദ്യം ചെയ്യാൻ ഒന്നും നിൽക്കാതെ ഞാൻ സ്വീകരണമുറിയിൽ കയറിയിരുന്നു. സുതാര്യമായ കണ്ണാടിച്ചില്ലുകൾ ഉള്ള ഷോ കേസിനു പുറമേ ദീർഘ ചതുരാകൃതിയിലുള്ള ഒരു വലിയ മേശയുടെ മുകളിൽ ട്രോഫികളും ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മുമ്പും കണ്ടതാണെങ്കിലും എല്ലാം ഞാൻ ഒന്നുകൂടെ നോക്കി. അവിടെ ഒരു പുതിയ ഫുട്ബോൾ അതി മനോഹരമായി അലങ്കരിച്ചു വെച്ചിരുന്നു. എൻറെ കണ്ണുകൾ ആ ഫുട്ബോളിൽ ഉടക്കി.

ഒരു നിസ്സാരകാര്യം അറിയിക്കുന്നത് പോലെ വിജയലക്ഷ്മി പറഞ്ഞു മറഡോണ കണ്ണൂരിൽ വന്നപ്പോൾ തട്ടിയ ബോള്. ചന്ദ്രേട്ടൻ റെ കയ്യിൽ തന്നെ വന്നു വീണു. മറഡോണയ്ക്ക്കൈ കൊടുക്കുന്ന ഒരു ഫോട്ടോയും ഉണ്ട്. അതു പക്ഷേ കിട്ടിയിട്ടില്ല.

എനിക്ക് വലിയ അഭിമാനം തോന്നി. എൻറെ ഒരു സുഹൃത്തിൻറെ വീട്ടിൽ മറഡോണ തട്ടിയ ബോൾ.  അതൊന്ന് തൊട്ടു നോക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ദുരഭിമാനം സമ്മതിച്ചില്ല.

ഒരു ഫോൺ കോൾ വന്നപ്പോൾ ഞാൻ അവിടെനിന്നും മടങ്ങി. ചവിട്ടു പടികൾ ഇറങ്ങുമ്പോൾ ഞാനോർത്തു. മറഡോണ വിജയദശമി ആയിട്ടാണല്ലോ വന്നത്.  ആ ദിവസം ലയൺസ് ക്ലബ് തൊട്ടടുത്തുള്ള വിദ്യാലയത്തിന് വേണ്ടി സംഭാവന ചെയ്ത പുസ്തകങ്ങളുമായി ചന്ദ്രൻറെ ഫോട്ടോ ഞാൻ പത്രത്തിൽ കണ്ടതാണല്ലോ.  നട്ടാൽ പൊടിക്കാത്ത കളവു പറയാനും വേണം ഒരു സാമർത്ഥ്യം. തിരിഞ്ഞുനിന്ന് ഒന്നു ചോദിച്ചാലോ എന്നാണ് ആദ്യം തോന്നിയത്. മറഡോണ കണ്ണൂരിൽ അല്ലേ വന്നത്.

എന്തെങ്കിലുമാവട്ടെ. അവർക്ക് അതുകൊണ്ട് കിട്ടുന്ന സന്തോഷം ഞാനായിട്ട് എന്തിന് നശിപ്പിക്കണം. നാളെ ക്ലബ്ബിൽ വച്ച് എല്ലാവരോടും പറയാം . വിജിയുടെ വീട്ടിൽ മറഡോണ തട്ടിയ ബോൾ ഉണ്ട്. രാമചന്ദ്രൻ റെ ഒരു ഭാഗ്യം !

സരള പി വി
29 – Oct – 2012